കണിത്താലം

ടി പി നിഷ


വിഷുപ്പുലരിയിൽ
ചെറുമഴച്ചിത്രമായ്‌
കണിക്കൊന്നതൻ
പുഞ്ചിരിപ്പൂക്കളായ്‌
മധുരമായ് പാടും
വിഷുപ്പക്ഷിതന്നീണമായ്..
ഹൃദയത്തിലിന്നൊരു കണിത്താലമൊരുങ്ങുന്നു…

ഇരുളും വെളിച്ചവും സമാസമമെങ്കിലും
പുലരൊളി വിഷുച്ചന്തം
സുഗന്ധപൂരിതം
നിലവിളക്കൊന്നിന്റെ പ്രഭാമണ്ഡലം
തെളിനീർക്കിണ്ടിയിൽ ജീവാമൃതം
തീവെയിൽക്കുട ചൂടും
വിഷുക്കാലമല്ലേ,
നന്മകൾ നേരുന്ന കണിക്കാലമല്ലേ..

ഓട്ടുരുളിക്കരികിലൊരു വാൽക്കണ്ണാടിയുണ്ടെ-
നിക്കെന്നെയും കാണാം
നിന്നെയും കാണാം
മിഴികളിലോർമകൾ കൊണ്ടു
കളം വരയ്ക്കാം

തേൻകണം പോലൊരു കവിത വന്നു നെഞ്ചിൽത്തൊടുന്നു
സ്നേഹമാണു വിഷുവെന്നത്രമേലാർദ്രമായ്…


FacebookWhatsApp