കാന്താരി പൊട്ടാസ്

മദനൻ സി.കെ


വീട് പരിസരത്ത് നിന്ന് പൊടുന്നനെ ഉണ്ടായ ചെറിയ ശബ്ദം കേട്ടാണ് രഘു വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയത്. ഉച്ചവെയിൽ കനത്തതിനാൽ കണ്ണിലേക്ക് വേനൽ ചൂടെറിയുന്നുണ്ട്. വീടിന്റെ മുൻവശത്തെ ഗേറ്റിനടുത്തേക്ക് നീങ്ങിയപ്പോഴാണ് രഘുവിന് കാര്യം പിടികിട്ടിയത്. റോഡിന് കിഴക്ക് ഭാഗത്തെ വീട്ടിലെ ക്ഷുതിയും റോഡിന്റെ പാടിഞ്ഞാറ് ഭാഗത്തെ കടയിലെ ഷഫീദും തമ്മിലുള്ള വാക്ക് പോരാണ്. സംഗതി പന്തികേടല്ലെന്ന് കണ്ട് രഘു ഗേറ്റിന്റെ തൂണിൽ ചാരി വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. കാര്യം സീരിയസ്സാണ്. ക്ഷുതിയുടെ ഏകമകൻ ശത്രു വീടോരം ചേർന്ന മതിലിൽ വച്ച് ചെറിയ മാലപ്പടക്കം പൊട്ടിച്ചുവത്രെ. മാലപ്പടക്കത്തിൽ ഒന്ന് തെറിച്ച് വീണ് പൊട്ടിയത് ഷഫീദ് പീടികയിലെ ട്രെയിൽ നിരത്തി വെച്ച മുട്ടയിൽ ചെന്നാണ്. പൊട്ടലിന്റെ ആഘാതത്തിൽ മൂന്ന് മുട്ടകളും പൊട്ടി. പൊട്ടിയ മുട്ടയിലെ വഴുവഴുത്ത ദ്രവം ഷഫീദിന്റെ മുഖത്ത് തെറിക്കുകയും നാസാദ്രവം പോലെ മുക്കിന് താഴെ താടിയിലൂടെ ഒഴുകി വിഴുകയും ചെയ്തു. മറ്റൊന്ന് പീടികവരാന്തയ്ക്കരികെ നിർത്തിയിട്ട തന്റെ സ്കൂട്ടറിന്റെ സീറ്റിൽ നിന്നാണ് പൊട്ടിയത്. ഇതിൽ പ്രകോപിതനായ ഷഫീദ് ക്ഷുതിയെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സംസാരിച്ചെങ്കിലും സംഗതി നിസ്സാരമായി കണ്ട് ക്ഷുതി വാക്കേറ്റം തുടർന്നു. “ഗുജിറിയിൽ കൊടുക്കേണ്ട സ്കൂട്ടർ ;അതിൽ ഒരു കാന്താരി പടക്കം പൊട്ടിയതാ വലിയ കാര്യം “. ക്ഷുതി കയർത്ത് സംസാരം തുടർന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ഇത് തടസ്സമുണ്ടാക്കുമെന്നും പേടിച്ച് ഓടേണ്ട സ്ഥിതിയായെന്നും ഷഫീദ് കൂട്ടിച്ചേർത്തു. “ഇനി മുതൽ ഞാൻ സാധനങ്ങൾ നിങ്ങളുടെ കടയിൽ നിന്നും വാങ്ങുന്നില്ല. “. ക്ഷുതി തിടുക്കത്തിൽ തീരുമാനമെടുത്തു. അല്ലേലും ക്ഷുതി അങ്ങിനെയാണ് . അയൽവാസികളുമായി സൗഹൃദങ്ങളില്ല ; ഏകമകനായ ശത്രുവിനെ മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ വിടാറുമില്ല. എങ്കിലും മുഖാമുഖമുള്ള വീടും കടയും അതിലെ മനുഷ്യരും പരസ്പരം നല്ല ആശയവിനിമയം നടന്നിരുന്നു. കേറ്റിൽ ഫീഡ്സിലെ ജോലി കഴിഞ്ഞ് ഭാര്യ സിത്താര കടയിൽ ഷഫീദിനെ സഹായിക്കാൻ വരാറുണ്ട്. സിത്താരയുമായി ക്ഷുതി നല്ല അടുപ്പം കാണിക്കാറുണ്ട്.
മറ്റ് സമയങ്ങളിൽ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടും. ഷഫീദ് കട തുടങ്ങിയിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ. നല്ല കച്ചവടം നടക്കുന്നുണ്ട്. കൂടാതെ സ്കൂട്ടറിൽ ഹോം ഡെലിവറിയുമുണ്ട്. അങ്ങനെ യുള്ള സ്കൂട്ടറിനെ അപമാനിച്ചതിലാണ് ഷഫീദിന് സങ്കടം മൂത്തത്. വാക്കേറ്റം രൂക്ഷമാകുന്നതിനിടയിലാണ് തൊട്ടടുത്തുള്ള തുണിക്കടയിലെ മനോജ് വിഷയത്തിൽ ഇടപെടുന്നത്. “പടക്കം പൊട്ടിക്കുമ്പോൾ പരിസരം നോക്കണ്ടെ ക്ഷുതി ” മനോജ് തുടർന്നു. “ഈ തുണി ക്കടയിലെങ്ങാൻ തീ വീണാൽ മിനിട്ടിനകം എല്ലാം വെണ്ണീറാകും “. “നീ പോയി നിന്റെ പണി നോക്ക് ; ഞാൻ എന്റെ വീട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും പടക്കം പൊട്ടിക്കും”,ആരും എന്നെ ചോദ്യം ചെയ്യാൻ വരണ്ട” .ക്ഷുതി വീണ്ടും ക്ഷുഭിതയായി.
അതേ സമയം ക്ഷുതിയുടെ മകൻ ശത്രു അമ്മയുടെ ഭർതൃ സഹോദരനെ വിളിച്ച് വരുത്തിയിരുന്നു. ബുള്ളറ്റിൽ കയറി ക്ഷുതി എങ്ങോട്ടോ പോവുകയും ചെയ്തു. അതിനിടെ ഗൾഫിലുള്ള ക്ഷുതിയുടെ ഭർത്താവ് ലാസ്യൻ ഷഫീദിനെ വിളിച്ച് കാര്യങ്ങൾ തിരക്കി. പതിഞ്ഞ സ്വരത്തിൽ സംസാരിച്ച് തുടങ്ങിയ ഷഫീദ് മെല്ലെ വാക്കുകൾക്ക് ഒച്ചയും വേഗവും കൂട്ടി. പൊടുന്നനെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ഇതൊക്കെ രഘുവിന്റെ മകൻ മൃതുൽ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉച്ചയൂണിന് കടയിൽ സംഭാരം വാങ്ങാൻ ചെന്നപ്പൊഴാണ് സംഗതി സവിസ്തരം ഷഫീദ് മൃതുലിനോട് പറയുന്നത്.
“ഒരു വാക്ക് മതി ബന്ധങ്ങളുടയാൻ” , ” ഒരു വാക്ക് മതി ബന്ധം തുടങ്ങാൻ” മൃതുൽ ഷഫീദിനെ ഓർമ്മപ്പെടുത്തി. കട തുടങ്ങിയത് മുതൽ ക്ഷുതി അവിടെ നിന്നാണ് പലചരക്ക് സാധനങ്ങളെല്ലാം വാങ്ങുന്നത്. വീട്ടിലിരുന്ന് വിളിച്ച് പറഞ്ഞാൽ കടയിൽ നിന്നും ഷഫീദിന്റെ സഹായി സിനു ഉടൻ സാധനങ്ങൾ വീട്ടിൽ എത്തിക്കുമായിരുന്നു. ആരുമായും കൂടുതൽ അടുക്കാൻ തയ്യാറല്ലാത്ത,
എല്ലാവരോടും പരുഷമായി സംസാരിക്കുന്ന ക്ഷുതി കാന്താരി പടക്കം പൊട്ടിയതിന് ശേഷം നനഞ്ഞ പടക്കം പോലെയായി.വീടിന്റെ മുൻവശ വാതിൽ തുറന്നാൽ ക്ഷുതിയുടെ കണി എന്നും ഷഫീദും അവന്റെ കടയും തന്നെ. മുറ്റത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഇടം കണ്ണിട്ട് നോക്കുമെങ്കിലും തമ്മിൽ ഉരിയാട്ടമില്ല.
തുടരും


FacebookWhatsApp