താളംതെറ്റിയ മനസുമായി ഒരു യുവപ്രതിഭ

ജ്യോതിക ശൈലേഷ്


തെരുവിലിരുന്നു തന്റെ മകനെ ചേർത്തുപിടിച്ചു കരയുകയാണ് ആ അമ്മ. കണ്ണിൽ നിന്നും കണ്ണുനീർ ഒരരുവിയൊഴുകും പോലെ ഒഴുകികൊണ്ടിരിക്കുകയാണ്. അവർ ഓർക്കുകയാണ്, തങ്ങളുടെ ഈ ദുഃസ്ഥിതിക്ക് കാരണക്കാർ ആരാണ്, ആരോടാണ് പരാതി പറയേണ്ടത്, ഇല്ല ആരോടും പരാതി പറയാനില്ല. ഇതെല്ലാം ദൈവത്തിന്റെ കളികളാണ്.
അവരുടെ ഓർമ്മകൾ മൂന്നു വർഷം പിറകോട്ടു പോയി. ദാരിദ്രത്തിന്റെ കൈപ്പുനീർ നുണഞ്ഞു വളർന്നതാണ് തന്റെ പൊന്നുമകൻ. എന്നാൽ വാത്സല്യവും സ്നേഹലാളനങ്ങളും മതിയാവോളം നുകർന്നു വളർന്നവൻ ഇതൊന്നും അറിഞ്ഞില്ല. തങ്ങളുടെ മകനെ വലിയ ഒരു നിലയിലെത്തിക്കാൻ നേരം വെളുക്കുന്നതിന് മുൻപ് ജോലി തേടിയിറങ്ങുന്ന അച്ഛൻ. തന്റെ മുണ്ട് മുറുക്കിയുടുത്തു മകന്റെ ഒരു നേരത്തെ പ്രാതലിന് വേണ്ടി വഴി കണ്ടെത്തി മകനെ പള്ളിക്കൂടത്തിലയക്കുന്ന അമ്മ.
ഒരു കൈയ്യിൽ നിറം മങ്ങിയ കുടയും മറുകൈയ്യിൽ കീറിയ പുസ്തകസഞ്ചിയും ഒഴിഞ്ഞ ചോറ്റു പാത്രവുമായി പോകുന്ന മകനെ നെടുവീർപ്പോടെ യാത്രയാക്കുന്ന അമ്മ.
സ്കൂൾ വിട്ടു വൈകുന്നേരം വീട്ടിലെത്തിയാൽ കുളിച്ചു നിറം മങ്ങിയ വസ്ത്രം ധരിച്ചു കട്ടൻ കാപ്പി കുടിച്ചു, സന്ധ്യാനാമം ചൊല്ലിയതിന് ശേഷം മണ്ണെണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ പാഠപുസ്തകത്തിലെ അന്നത്തെ പാഠങ്ങൾ പഠിച്ചു തീർക്കും. അത്താഴപട്ടിണി കിടക്കുന്ന മകൻ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ മകന്റെ വിശപ്പ് അറിയാതിരിക്കാൻ കഥ പറഞ്ഞു കൊടുക്കുന്ന അമ്മ. കഥ കേട്ടുറങ്ങുന്ന മകനെ നോക്കി കണ്ണീർ ഒഴുക്കുന്ന അമ്മ.
വർഷങ്ങൾ ഓരോന്നായി കടന്നു പോയി, മണ്ണണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തിലിരുന്നു പഠിച്ചു മകൻ പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടി. വയസ്സ് കാലത്ത് തങ്ങൾക്കു താങ്ങും തണലുമായി നിൽക്കാൻ മകനെ കടം വാങ്ങിയ കാശ് കൊണ്ടു ഉപരിപഠനത്തിനായി പട്ടണത്തിലേക്കയച്ചു ആ മാതാപിതാക്കൾ.
കലാലയത്തിലെത്തിയ അവൻ മയക്കു മരുന്നിനടിമയായ സഹപാഠികളെയും അവരുടെ മദ്യസേവയും രാഷ്ട്രീയ കൈയ്യാങ്കളിയും കലാലയന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൻ പകച്ചു നിൽക്കുമ്പോൾ റാഗിങ്ങിന്റെ പേരിൽ പീഡിപ്പിക്കുന്നു മറ്റൊരു കൂട്ടർ. ഇതൊക്കെ കണ്ടു സമനില തെറ്റിയ മകനെ ചികിത്സിക്കാൻ വീണ്ടും കടം വാങ്ങിയ പിതാവ്, കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു. കുടുബത്തിന്റെ നെടുംതൂണ്ണായ കുടുംബനാഥന്റെ വേർപാടിൽ വഴിയാധരമായ മാതാവ് മകനെ ചേർത്ത് പിടിച്ചു തെരുവിൽ നിന്നു കണ്ണീർ പൊഴിക്കുന്ന കാഴ്ചയാണ് നിങ്ങൾ കണ്ടത് . ഇവരുടെ ഈ ദുഃസ്ഥിതിക്ക് കാരണക്കാർ ആരാണ്.



FacebookWhatsApp