എട്ടാം തരത്തിൽ പഠിക്കുമ്പോൾ മനസ്സിനെ നോവിച്ച തിക്താനു
ഭവങ്ങൾ കോറിയിട്ട കനലുകൾ ആളിപ്പടർന്ന് തീജ്വാലയായി മാറുകയും അതിൽ നിന്ന് വിളക്കി തീർത്ത കലാവാസനയും ശബ്ദ ഗംഭീരതയും കൊണ്ട് നാടകനടനുംസംവിധായകനുമായി തിളങ്ങിയ കലാകാരനാണ് സുനിൽ കാവുംഭാഗം. സ്കൂൾ തലത്തിൽ നാടകമത്സരത്തിൽ ഒന്നാമതെത്തിയിട്ടും മികച്ച നടനായി തെരഞ്ഞെടുത്തിട്ടും സബ് ജില്ലാ മത്സരത്തിന് കൊണ്ടുപോകാതിരുന്നത് തികഞ്ഞ അവഗണനയുടെ ഭാഗമായിരുന്നെന്ന് സുനിൽ പറയുന്നു. മനസ്സ് പതറാതെ മനുഷ്യ ജീവിതത്തിലെ വിവിധ വേഷങ്ങൾ പകർന്നാടി നാടക കലാജീവിതം നയിക്കുകയാണ് സുനിൽ.
മുപ്പത് വർഷത്തെ നാടകജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും അനുഭവങ്ങളും പങ്കുവയ്ക്കുകയായിരുന്നു സുനിൽ . കാവുംഭാഗം രമാദേവി ക്ഷേത്രമുറ്റത്ത് സായാഹ്നങ്ങളിൽ മഹാകവി കുട്ടമത്തിന്റെ രചനകൾക്ക് നാടകാവിഷ്കാരം നൽകുമ്പോൾ അന്തരിച്ച ടി.ഭാസ്കരേട്ടന്റെ നല്ലപിന്തുണ യുണ്ടായിരുന്നതായും വൈകുന്നേരങ്ങളിൽ എരഞ്ഞോളിപ്പാലത്തിനടുത്ത് കെ.പി.എ.സി യുടെ നാടകം കാണാൻ പോകുന്നതും പിന്നീടുള്ള നാടകാഭിനയത്തെ സ്വാധീനിച്ചതായും സുനിൽ പറഞ്ഞു. ഗുരുവിന്റെ ശിക്ഷണമില്ലാതെ കാവുംഭാഗം കൊട്ടപ്പൊയിൽ അങ്കണത്തിൽ രാത്രി വൈകിയും നാടക പരിശീലനം നടത്തുമ്പോൾ ജേഷ്ഠൻ വിനോദും ഒപ്പം കൂടി. ബാലം ലൈബ്രറിയിൽ മൈക്ക് കൊണ്ട് ശബ്ദവ്യക്തത വരുത്തുന്നതും ചെറുകഥ തെരഞ്ഞെടുത്ത് നാടകമാക്കുന്നതും പതിവായിരുന്നു.
തുടർന്ന് അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ചുവടുമാറിയ സുനിൽ പി.കെ. ജഗത് കുമാർ, ഡോ. ഭാഗ്യനാഥ്, രാജീവൻ മാസ്റ്റർ, തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. കാവുംഭാഗം സ്കൂൾ പറമ്പത്തെ ശ്രീധരനും കമലയും നാടകാഭിനയത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും സുനിൽ കൂട്ടിച്ചേർത്തു.
ബംഗാളി നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ ‘ആരോഗ്യ നികേതനം’ എന്ന നാടകത്തിലെ വേഷപ്പകർച്ചയ്ക്ക് വേണ്ടി റെയിൽവേസ്റ്റേഷൻ പരിസരത്ത് തെരുവിലെ കുട്ടികളിൽ നിന്ന് അവരുടെ ശീലങ്ങൾ പഠിച്ചെടുക്കാൻ ശ്രമിച്ചതും അത് നാടകത്തിലേക്ക് പകർന്നാടിയത് വേറിട്ട നാടകാനുഭവമായെന്നും സുനിൽ പറഞ്ഞു.
ആർട്ടിസ്റ്റ് മദനൻ, രാമദാസൻ , കലേഷ് കെ.ദാസ്, പ്രഭാവതി തുടങ്ങിയ ചിത്രകാരൻമാരുമായി പ്രവർത്തിച്ച സുനിൽ കല എരഞ്ഞോളിക്ക് വേണ്ടി നിരവധി നാടകങ്ങളിൽ ശബ്ദം നൽകി.
200 ൽ അധികം നാടകങ്ങൾ സംവിധാനം ചെയ്ത സുനിൽ കവിവെള്ളൂർ മുരളി രചന നിർവഹിച്ച ‘അലക്സാണ്ടർ ജേക്കബ് എന്തിന് ആത്മഹത്യ ചെയ്തു’ എന്ന നാടകം വിവാദമായതും ഒരു സ്കൂളിൽ അവതരണാനുമതി നിഷേധിച്ച കാര്യവും എടുത്തു പറഞ്ഞു.ഐ.ടി.ഐയിൽ പഠിക്കുന്ന കാലത്ത് ജോയ് മാത്യു രചന നിർവഹിച്ച ‘കുരുതി’ മികച്ച നാടകത്തിനും മികച്ച അഭിനയത്തിനുമുള്ള സമ്മാനങ്ങൾ നേടി.
കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങൾ നാടകത്തിലും വരുത്തുന്നതിന്റെ ഭാഗമായി സംഗീത നൃത്തനാടകങ്ങൾ അണിയിച്ചൊരുക്കുമ്പോൾ മുകുന്ദ ദാസൻ , എൻ.ശശിധരൻ, മുരളീദാസ് പയ്യന്നൂർ ,പ്രേമൻ പൊന്ന്യം എന്നിവരുമായുള്ള സൗഹൃദം മുതൽ കൂട്ടായതായി സുനിൽ പറഞ്ഞു.
നല്ല ശംബ്ദംത്തിന് ഉടമയായ സുനിൽ ‘നിങ്ങൾ നിരീക്ഷണത്തിലാണ്’, ‘വീണുടയുന്ന കളിപ്പാട്ടങ്ങൾ’, ഇബ്രാഹിം വേങ്ങരയുടെ ‘ഉപഹാരം,’തുടങ്ങിയ റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.
ദേശീയ നാടകോത്സവത്തിൽ പൊന്ന്യം കലാധാരയുടെ ‘ചെങ്ങല്ലൂർ മാത’, ഡോ. ഭാഗ്യനാഥ് രചിച്ച’കോരൻ മേസ്ത്രി കുഴിച്ച കിണർ’,കെസ്ക സംസ്ഥാന തല നാടകമത്സരത്തിൽ ‘കുതിര മരക്കുതിര’ തുടങ്ങിയ നാടകങ്ങളിൽ സുനിലിന്റെ സംവിധാനമികവിൽ സമ്മാനങ്ങൾ നേടി.
ടി.കെ.ടി മുഴപ്പിലങ്ങാട് രചന നിർവഹിച്ച ‘സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല’ എന്ന നാടകം സംസ്ഥാന സ്കൂൾ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും അതിൽ അഭിനയിച്ച ബിനീഷ് കോടിയേരിക്ക് സിനിമയിൽ അവസരവും ലഭിച്ചു.
തിരുവങ്ങാട് ശ്യാമയുടെ’ ബാനറിൽ അവതരിപ്പിച്ച ‘രക്തസാക്ഷികൾ’ എന്ന രാഷ്ട്രീയ നാടകത്തിന്റെ തലേ ദിവസ പരിശീലത്തിൽ അബുവിനെയും ചാത്തുക്കുട്ടിയെയും വെടിവെക്കുന്ന രംഗത്തിൽ അബുവിന് (മോഹനൻ) യഥാർത്ഥത്തിൽ വെടിയേൽക്കുകയും ചോരയിൽ കുളിച്ച് മോഹനനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ നാളെ സ്റ്റേജിൽ എനിക്കും കളിക്കണം എന്ന് വിളിച്ച് പറയുന്ന മോഹനന്റെ രംഗം നാടക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും ശരീരത്തിൽ തുളച്ച് കേറിയ വെടിയുണ്ടയുമായി നടൻ മോഹനൻ ഇന്നും ജീവിക്കുകയാണെന്നും സുനിൽ പറഞ്ഞു. കേരളം എങ്ങനെ ഇങ്ങനെയായി എന്നതായിരുന്ന നാടകത്തിലെ ഇതിവൃത്തം. സുബ്ബറാവു എന്ന പോലീസ് വേഷമായിരുന്നു സുനിലിന് . സ്‌റ്റേജിലെ നാടകാവതരണത്തിന് ശേഷം സ്ക്രിപ്റ്റ് കീറിക്കളഞ്ഞ സംവിധായകന് നാടകം ഒരു ദുരന്ത നാടകമായി.
വിദ്യാഭ്യാസത്തിലെ നൂതന പഠനബോധനരീതിയിൽ നാടകാഭിനയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അത് കുട്ടികളുടെ വ്യക്തിത്വവികാസത്തിന് മുതൽ കൂട്ടാവുമെന്നും സുനിൽ പറഞ്ഞു. ഭാരതീയ ചികിൽസാ വകുപ്പിൽ ഉദ്യോഗസ്ഥനായ സുനിൽ വകുപ്പിന്റെ ബോധവൽക്കരണ നടകങ്ങളിലും സജീവമാണ്. തലശ്ശേരി ബ്രണ്ണൻ എച്ച്.എസ്.എസ്. ൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ നിള എസ് കേശവും അഭിനയ കളരിയിൽ സജീവമാണ്. ഭാര്യ കെ.കമലാദാസ് മാക്കൂട്ടം എയ്ഡഡ് സ്കൂൾ അധ്യാപിക പിന്തുണയുമായി ഒപ്പമുണ്ട്.