ലോക്ക് ഡൌൺ

മിനു അഷീജ്

എന്ത് മനോഹരമായ ആചാരം എന്നാരുന്നു തുടക്കത്തിൽ തോന്നിയത്. എന്നാലിപ്പോൾ ശാരീരികമായും മാനസികമായും ശെരിക്കും ഒരു ലോക്ക് ഡൌണിൽ ആയ അവസ്ഥ .മുന്നോട്ടു ചിന്തിക്കുമ്പോൾ എല്ലാരേയും പോലുള്ള കുറെയേറെ ആശങ്കകൾ വേറെയും.

പത്തുദിവസമായെ ലോക്ക് ഡൌൺ സ്റ്റാർട്ട് ചെയ്തിട്ടുള്ളു എങ്കിലും (10 അല്ല എന്നും പറഞ്ഞു ആരും ഇതിൽ പിടിച്ചു തൂങ്ങേണ്ട എത്രയായാലും അത്ര തന്നെ), കഴിഞ്ഞ 3 ആഴ്ചയായി ഞാൻ ഈ ഫ്ലാറ്റിൻ്റെ വാതിലിനു പുറത്തു കടന്നിട്ടു അറിയോ നിങ്ങൾക്ക്. ഞാൻ ഇവിടെ സ്ഥിരം കാണുന്ന രണ്ടു മുഖങ്ങളെ കൂടാതെ, ഉച്ച വെയിൽ താഴുമ്പോൾ അപ്പുറത്തെ ഗ്രൗണ്ടിലെ മരത്തണലിൽ മാസ്ക് വെച്ച് ഒരു പുസ്തകവും പിടിച്ചു വന്നിരിക്കുന്ന ഒരാളെയും, ഗ്രൗണ്ടിൽ വൈകുന്നേരം മാസ്ക് വെച്ച് ഓടാൻ വരുന്ന മറ്റൊരാളെയും മാത്രമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ അവ്യക്തമായെങ്കിലും കാണുന്നത്.

അങ്ങനെയിരിക്കെ ഇന്ന് ഓൺലൈൻ ഓർഡർ ചെയ്ത വെജിറ്റബ്ൾസ് വാങ്ങാൻ എനിക്ക് ഇത്രേം ദിവസത്തിന് ശേഷം അപാർട്മെന്റിൻ്റെ ഗേറ്റ് വരെ പോകേണ്ടതായി വന്നു …ലിഫ്റ്റ് ഉപയോഗിക്കുന്നത് പണ്ടേ നിർത്തിയതു കൊണ്ട് മാന്യമായി സ്റ്റെപ്പിറങ്ങി നടക്കാൻ തുടങ്ങി…കുട്ടികൾ കളിക്കുന്ന ശബ്ദങ്ങളില്ല ,വർക്കേഴ്സ് പണിയെടുക്കുന്ന ശബ്ദ കോലാഹലങ്ങളില്ല ആകെ ഒരു ശ്മശാന മൂകത…പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ ഗാർഡൻ ഏരിയയിലേക്ക് നോക്കിയപ്പോൾ ഒരാൾ മാസ്ക് വെച്ച് തൂത്തുകൊണ്ടിരിക്കുന്നു . പെട്ടെന്ന് മാസ്ക് ൻ്റെ കാര്യം ഓർമ വന്ന ഞാൻ എൻ്റെ ദുപ്പട്ട എടുത്തു മൂക്കും വായും കവർ ചെയ്തു. താഴെ എത്തിയപ്പോൾ അതാ മാസ്ക് ഇട്ടു സാമൂഹിക അകലം പാലിച്ചു രണ്ടു സെക്യൂരിറ്റിമാർ.. പിന്നെ നിർത്തിയിട്ട കുറെ വാഹനങ്ങൾ ..കൂടെ നമ്മുടെ സ്വന്തം verito ഉം access ഉം എന്നെ നോക്കി ചേച്ചി ഞങ്ങളെ മറന്നല്ലേ ഒന്ന് സ്റ്റാർട്ട് എങ്കിലും ചെയ്തുടെ ദുഷ്ടന്മാരെ എന്ന്. ഞാൻ പറഞ്ഞു, അതൊക്കെ ഇങ്ങളെ മൊതലാളിനോട് പറ വർക്ക് ഫ്രം ഹോം ആയപ്പോൾ മൂപ്പർക്ക് നിങ്ങളെ ഒന്നും ഓർമയില്ലെന്ന്

അതാ ദൂരെ ഗേറ്റ്ൻ്റെ അടുത്ത് മാസ്ക് ധരിച്ച ഡെലിവറി ബോയ് ബൈക്ക് നിർത്തുന്നു. കൈയിൽ ഒരു വലിയ കവറുമായി ഞാൻ അയാളുടെ നേരെ നീങ്ങി. മുന്നിലെ റോഡ് കാലി ,കടകൾ തുറന്നിട്ടില്ല ..പെട്ടെന്ന് ഒരു വെള്ളത്തിൻ്റെ വണ്ടി പതിയെ കടന്നു പോകുന്നു.അതിലെ ഡ്രൈവറും മാസ്ക് ധരിച്ചിട്ടുണ്ട്…ഞാൻ അടുത്തെത്തിയതും ഡെലിവറി ബോയ് ഒരു മീറ്റർ പുറകിലോട്ടു ഞാനും ഒരു മീറ്റർ പുറകിലോട്ടു മൊത്തം രണ്ടു മീറ്റർ അകലത്തിൽ നിന്ന് കവറും പച്ചക്കറികളും കൈമാറി. ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ ആലോചിക്കുകയായിരുന്നു ഇവിടത്തെ പൊടി കാരണം ഊണിലും ഉറക്കത്തിലും മാസ്ക് ധരിക്കുന്ന രണ്ടു നൻപന്മാരെ ഞാനും മറ്റൊരു പ്രമുഖനും കൂടെ കളിയാക്കാറുള്ളത് …എന്നിട്ടിപ്പോ എന്തായില്ലേ മാസ്ക് മുഖത്തില്ലാതെ ഇവിടെ ആരേം കാണുന്നില്ല …തിരിച്ചി വീട്ടിൽ കയറി പച്ചക്കറികൾ നല്ലോണം വെള്ളത്തിൽ ഇട്ടു കഴുകി ഡ്രസ്സ് ചൂടുവെള്ളത്തിൽ ഇട്ടു അലക്കി കുളിച്ചു ഒരു ഗ്ലാസ് ചായയും കുടിച്ചു വീണ്ടും ഞാൻ പഴയപോലെ …പക്ഷെ എൻ്റെ മൈൻഡ് ലോക്ക് ഡൌൺ അല്ല ഇപ്പോൾ ..ഇതും അനിവാര്യമായത്‌


FacebookWhatsApp