ചിറകു നനഞ്ഞ പ്രാവിനെപ്പോലെ
മെയ് കുടഞ്ഞവളെഴുന്നേറ്റു
വഴിവിളക്കിൻ്റെ മഞ്ഞച്ചവെളിച്ചം
കുറ്റിക്കാടിനപ്പുറത്തേക്ക്
അനേകം സുഷിരങ്ങൾ തീർത്തു –
കൊണ്ടിരുന്നു
അവൾ എന്തോ പറഞ്ഞെങ്കിലും
ഗദ്ഗദത്തിൽ നനഞ്ഞ് !
വാക്ക് പുറത്തേക്കു വന്നില്ല
കൈയിലെ റിസ്റ്റ് വാച്ച്
നിലച്ചുപോയിരിക്കുന്നു
വാച്ചിനെ താക്കോൽ കൊടുത്ത്
നടത്തിക്കാം
ജീവിത ഘടികാരം തന്നെ നിലച്ചു
പോയാലോ?!
ചില ജീവിതങ്ങളുണ്ട്
വെളിച്ചത്തെ ഭയന്ന് ഇരുട്ടിലൊളി –
ക്കാൻ കൊതിക്കുന്നവ
ഇരുണ്ട തുരങ്കത്തിലേക്ക്
തള്ളിയിടപ്പെട്ടവ
ഉടുതുണിയുരിഞ്ഞ്
അരവർ നിറക്കാൻ വിധിക്ക-
പ്പെട്ടവ
അല്ലെങ്കിലും, ജീവിതം
ഒരൊളിച്ചു കളിയാണ്
തുറന്നു പറയുവാനാകാതെ
പലതും മറച്ചു വെയ്ക്കപ്പെടുന്ന
ഒളിച്ചുകളി
ചിരിയുടെ ചുറ്റുവിളക്കുമായി
നമ്മുടെയിടയിൽ എത്ര ജീവിതങ്ങളുണ്ട്
തുറന്നു നോക്കണം മനസ്സ്
കാണാം കണ്ണീരെണ്ണയിൽ
പടുതിരി കത്തുന്ന ജീവിതങ്ങളെ
ജീവിക്കുവാനാണെങ്കിലും, കഴിയില്ലല്ലോ
ശരീരത്തിനേറ്റ അഴുക്കു പോലെ
മനസ്സിനേറ്റ ക്ഷതം കഴുകിക്കളയാൻ
വാക്കുകൾക്ക് തഴുതിടാം
ഓർമ്മകൾക്കോ?!