ആർഷ സംസ്കൃതികളാൽ കേളികേട്ടോൾ
ആര്യ ദേവകൾക്കു ജന്മമേകിയോൾ
ആയിരം സുകൃതികൾക്കമ്മയായോൾ
ആർദ്രയാകുന്നു പുത്രീ വ്യഥകളാൽ!
ഇന്നിന്റെ കഥകളിൽ മരിച്ചുവോ നന്മകൾ
ഇന്നുനോവിൽ മറഞ്ഞുവോ സ്വപ്നങ്ങൾ
ഇവിടെ ത്യജിക്കപ്പെടുന്നു മനുസ്മൃതികൾ
ഇവിടെ രചിക്കുന്നു നവോപനിഷത്തുകൾ!
‘പിതോ രക്ഷതി കൗമാരേ’ കേട്ടോളെങ്കിലും
പതഞ്ഞ ചഷകത്തിൽ നിന്നുയിർത്തൊരാ
പിതാവിന്റെ തിടമ്പാട്ടം പാർത്താൾ
പിച്ചവയ്ക്കും ചുവടച്ഛനാലിടറിയോൾ!
ഇവിടെ ലജ്ജിപ്പൂ മനുക്കൾമഹർഷികൾ
ഇന്നിവിടെ കേൾപ്പൂ നാരീവിലാപങ്ങൾ
ഇന്നും മുഴങ്ങുന്നു പഴമതൻപെരുമയാം ഇരുൾമന്ത്രം, ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’
എവിടൊളിപ്പിക്കും നിന്നെയെൻ പൈതലേ
എങ്ങനുറങ്ങേണ്ടൂ നിന്നോർമ്മയിൽ
എങ്കിലുംനാളെയൊറ്റയ്ക്ക് പറക്കേണ്ടവൾ
എത്ര കാതങ്ങളേകയായ് താണ്ടേണ്ടോൾ
ഉണരുക, പെൺമനമേയുണരുക
ഉണ്ണിയാർച്ച തൻ മണ്ണിതോർക്കുക!
ഉയിരാർന്നു സധീരംപൊരുതുക
ഉണ്മകൾ വിരിയുംപുതുപുലരിക്കായ്!