മനുഷ്യൻ നിസ്സാരനാണ് എന്ന് എനിക്ക് തോന്നിയത് കൊറോണ എന്ന മഹാമാരിയിൽ ലോകം ചിറകറ്റു വീണപ്പോഴാണ്. ഗൾഫിൽ നല്ല ജോലി ചെയ്തിരുന്ന ഞാൻ നാട്ടിലെത്തി ഒറ്റയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈനിൽ കഴിയുന്നു. സാധാരണ നാട്ടിലേക്ക് വരുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പെട്ടെന്നു തന്നെ എൻറെ അടുത്തേക്ക് ഓടി എത്തും. എന്നാൽ ഇത്തവണ ആരും എത്തിയില്ല. ഞാൻ ഒറ്റപ്പെട്ടു എന്നുള്ള തോന്നൽ, അതിലുപരി ആരെയും കാണാൻ സാധിക്കാത്ത സങ്കടവും ആയിരുന്നു. എനിക്ക് ഗൾഫിൽ നല്ലൊരു ജോലിയും ഒരുപാട് സമ്പാദ്യവും ഉണ്ടായിരുന്നതിനാൽ വലിയ പണക്കാരൻ എന്ന അഹങ്കാരമായിരുന്നു എനിക്ക്. എന്നാൽ കൊറോണയ്ക്ക് മുൻപിൽ മനുഷ്യർ നിസാരന്മാരായിരുന്നു. വലിയവൻ ചെറിയവൻ എന്ന വ്യത്യാസമില്ലായിരുന്നു. മനുഷ്യർ എല്ലാവരും തുല്യരാണെന്ന വലിയൊരു പാഠമാണ് ലോകം കീഴടക്കിയ കൊറോണ എന്ന മഹാമാരി എന്നെ പഠിപ്പിച്ചത്