പ്രണയ ലേഖനം

ഇസു


എന്റെ ഹൃദയം കവർന്നവൾക്ക്.. പ്രിയപ്പെട്ട ആച്ചക്ക്..

എന്താടി ബെഗ്ടൂ ഇങ്ങനെ അന്തം വിട്ടു നോക്കുന്നെ.. നിനക്കുള്ളത് തന്നെയാണ് ഈ എഴുത്ത്.. എന്റെ ഹൃദയം നീ കവർന്നെടുത്തത് കൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞു എഴുത്ത് തുടങ്ങിയത്..
നിന്റെ മുഖത്ത് എന്താണ് ഒരു അതിശയവും അത്ഭുതവുമൊക്കെ കാണുന്നത്.. ഈ ഗൗരവക്കാരൻ അങ്ങനെ വിളിച്ചത് കൊണ്ടാണോ.. പുറമെ ഗൗരവം കാണിക്കുമെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു കാമുകൻ വീർപ്പു മുട്ടി കഴിയുന്നുണ്ടെന്നേ… ഇയാൾക്ക് എന്നെ ഇഷ്ടമാണോ അല്ലയോ എന്നൊന്നും ഇപ്പോൾ ഞാൻ  ആലോചിക്കുന്നില്ല.. എന്റെ ഇഷ്ടം അറിയിക്കുക എന്നുള്ള ഉദ്ദേശം മാത്രമേ എനിക്കുള്ളൂ..

ഇത് വായിക്കുമ്പോൾ തന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നുണ്ടല്ലോ.. അതെന്തേ അങ്ങനെ…
ദാണ്ടെ പെണ്ണിന് നാണവും വരുന്നു…

എടോ…
തനിക്ക് ഓർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ടു മുട്ടിയ  ആ ദിവസം .. ആ നിമിഷത്തെ ലോകത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് വിളിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്..ആദ്യമായി കണ്ട നാൾ നീ തന്ന പുഞ്ചിരി.. ദാണ്ടെ എന്റെ ഈ ഹൃദയത്തിലാ വന്നു പതിച്ചത്…. ഞാൻ പോലും അറിയാതെ എന്റേയീ ഹൃദയത്തിൽ നീ കൂട് വെച്ചതും സത്യമാണ്.

നിന്റെ ഈ തുടിക്കുന്ന ഹൃദയത്തിൽ എനിക്കൊരു സ്ഥാനമുണ്ടോ എന്നറിയില്ല.. പക്ഷെ ചിലപ്പോഴൊക്കെ നിന്റെ നോട്ടവും സംസാരവുമൊക്കെ  എന്തൊക്കെയോ പറയാതെ പറയുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.. ഒരു പക്ഷേ നിന്റെ മനസ്സിലെ ആണൊരുത്തനെ പറ്റിയുള്ള സങ്കല്പത്തിന്റെ ഏഴയലത്തു പോലും ഞാൻ എത്തില്ലായിരിക്കും.. എന്റെ ഇഷ്ടം പറഞ്ഞാൽ ആ നിമിഷം,എന്നെ നോക്കി നീ പുച്ഛിക്കുമായിരിക്കും .. എന്നാലും എന്റെയുള്ളിൽ നിന്ന് കത്തണ നിന്നോടുള്ള മുഹബ്ബ ത്തിന്റെ കെടാവിളക്ക് നീ കാണാതെ പോകരുത്..   നിന്റെ മിഴികൾ തുളുമ്പുന്നതാണെന്നോ ഒഴുകുന്നതാണെന്നോ ഞാൻ നോക്കിയിട്ടില്ല.. മാൻപേട മിഴിയാണോ തത്തമ്മ ചുണ്ടാണോ എന്നും എനിക്കറിയില്ല.. പക്ഷേ ഒന്നെനിക്കറിയാം.. നിന്റെ മനസ്സ്.. ആരെയും മനസ്സിലാക്കാൻ കഴിയുന്ന സ്നേഹിക്കാൻ അറിയുന്ന ആ മനസ്സ് എന്റേത് മാത്രമായി സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. നിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കാം..

പെട്ടെന്ന് ചാടി കയറി മറുപടി പറയണമെന്നില്ല.. ആലോചിച്ചോളു.. പലവട്ടം ആലോചിച്ചോളൂ.. പക്ഷെ ആ ആലോചനയുടെ അവസാനം മനസ്സിൽ തെളിയേണ്ട മറുപടി എന്നെ ഇഷ്ടമാണ് എന്ന്  മാത്രമായിരിക്കണം.. അത്രക്കും ഇഷ്ടമാടി പെണ്ണെ നിന്നെ..  നമ്മൾ ആദ്യമായി കണ്ടു മുട്ടിയ വാക മര ചോട്ടിൽ നാളെ വൈകുന്നേരം ഞാൻ കാത്തിരിക്കാം.. മറുപടി തരണം.. മറുപടി നീ തന്നാൽ മതി.. ബാപ്പയോ ഇക്കാക്കയോ വരണമെന്നില്ല..
സ്നേഹപൂർവ്വം നിന്റെ മാത്രം…


FacebookWhatsApp