നുണയൻ

ഇസു

ഓർമ്മകൾ പിറകിലോട്ട് ഒരുപാട് സഞ്ചരിച്ചു LP സ്കൂളിലെ ക്ലാസ്സ്‌ ടീച്ചറുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു..  St. Jodeph high school പുഷ്പഗിരി..ഏതാണ് ക്ലാസ്സ്‌ എന്ന് കൃത്യമായി ഓർക്കുന്നില്ല. ജീവിതത്തിൽ ആദ്യമായി നുണ എന്ന വാക്ക് കേട്ട ദിവസം ആയിരുന്നു അന്ന് ..
യഥാർത്ഥ സംഭവമാണ്.

എന്തോ കാരണം കൊണ്ട് ക്ലാസ്സിലെ തൊട്ടടുത്തുള്ള ചെക്കനോട് വഴക്ക് കൂടി.. ചവിട്ടും കുത്തുമൊന്നും ഉണ്ടായില്ലെങ്കിലും രണ്ടാളും തമ്മിൽ ബഹളമായി.. സ്വാഭാവികമായും ആ ചെക്കൻ ക്ലാസ്സ്‌  ടീച്ചറുടെ മുന്നിൽ പേര് പറഞ്ഞു കൊടുത്തു കാണണം.
അടുത്ത ദിവസം ടീച്ചർ വന്നപ്പോൾ എന്നെ മുന്നിലേക്ക് വിളിപ്പിച്ചു
(ഇനിയുള്ളത് വിചാരണ ആണ്..)

നീ അവനോട് വഴക്ക് കൂടിയോ എന്ന് ടീച്ചർ..

എനിക്കാകെ കൺഫ്യൂഷൻ.. വഴക്ക് അതെന്താ സാധനം.. ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു വാക്ക് കേൾക്കുന്നത്.. അത് എനിക്ക് അറിയാത്ത കാര്യമായത് കൊണ്ട് തന്നെ വഴക്ക് കൂടിയില്ല ഞാൻ ഉറപ്പിച്ചു പറഞ്ഞു.. നീ അവനെ പിച്ചിയില്ലേ എന്നായി അടുത്ത ചോദ്യം..  ദാണ്ടെ അടുത്ത പുകിൽ  ‘പിച്ചുക’.. ഇതെന്താ സാധനം എന്ന എക്സ്പ്രഷൺ മുഖത്ത് ഇട്ട് ഞാൻ വീണ്ടും ഇല്ല എന്ന് പറഞ്ഞു.. സത്യമായിട്ടും പിച്ചൽ എന്താണെന്ന് എനിക്കറിയില്ല..

ടീച്ചർ എന്നെ കൂർപ്പിച്ചു നോക്കി.. കുസൃതി കാണിച്ചതും പോരാനിട്ട് നുണ പറയുന്നോ എന്നൊരു ചോദ്യവും..

ഞാൻ പന്തം കണ്ട പെരുചാഴിയുടെ അവസ്ഥയിൽ ആയി വീണ്ടും..
കുസൃതി, നുണ   രണ്ടും എനിക്ക് അറിയാത്ത വാക്കുകൾ.. ടീച്ചർ എന്ത് നാളികേരമാണ് മൊഴിയുന്നതെന്ന് ചോദിക്കാൻ തോന്നിയിട്ടുണ്ടാകണം എനിക്ക്..

ഇതിനിടയിൽ ഒരുത്തൻ നുള്ളാൻ പോയ്കോട്ടെ ടീച്ചറെ എന്ന് ചോദിച്ചു പുറത്തേക്ക് പോകുന്നതും കണ്ടു.. എനിക്ക് ചിരി വന്നു.. ഒരാളെയൊക്ക നുള്ളണമെങ്കിൽ ടീച്ചരോട് ചോദിക്കണോ.. മരമണ്ടൻ  എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

എന്നാലും നുള്ളാൻ ചോദിച്ചപ്പോൾ ഒരു എതിർപ്പും ഇല്ലാതെ അവനെ പറഞ്ഞു വിട്ട ടീച്ചറുടെ നല്ല മനസ്സിനെ ഞാൻ അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു..

പിന്നീട്  അവനെ കണ്ടപ്പോൾ നീ ആരെ നുള്ളാൻ ആണ് നേരത്തെ പോയതെന്ന് ഞാൻ ചോദിച്ചു..

“നുള്ളാനോ… ഞാനോ.!.”.
അവന് അത്ഭുതം.
അവൻ പോയത് മുള്ളാൻ  ആണെന്ന് പറഞ്ഞു.. അതെന്താ മുള്ളൽ എന്ന് തിരിച്ചു ചോദിച്ചു ഞാൻ..
മുള്ളുക എന്ന് പറഞ്ഞാൽ മൂത്രം ഒഴിക്കൽ ആണെന്ന് ഞാൻ അറിഞ്ഞത് അപ്പോഴാണ്.. ഞാൻ കേട്ടതിന്റെ മിസ്റ്റേക് ആണ്.. അവൻ മുള്ളാൻ പൊയ്ക്കോട്ടേ എന്നാണ് ചോദിച്ചത്.. ശരിക്കും കേട്ടാലും എനിക്ക് മനസ്സിലാകില്ല.. കാരണം  ആ വാക്കിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു..

ഇനി എന്റെ വിചാരണയിലേക്ക് കടക്കാം..

നുണ പറയുന്നോ എന്ന് ചോദിച്ചു കയ്യിൽ 2അടി തന്നു ടീച്ചർ..
എനിക്ക് ഒന്നും മനസ്സിലാകാതെ ഞാൻ കരഞ്ഞു..
ടീച്ചർ പറഞ്ഞത് ഒന്നും തിരിഞ്ഞിട്ടില്ല എന്ന് നിസഹായതയോടെ ഞാൻ പറഞ്ഞു.

നിനക്ക് മലയാളം കേട്ടാൽ അറിയില്ലേ എന്ന് ടീച്ചർ ദേഷ്യത്തോടെ ചോദിച്ചു..
മലയാളം അന്ക്ക് അറിയാം.. ടീച്ചർ എന്ത് മലയാളം ആണ് പറയുന്നത്.. ഇതൊന്നും അന്ക്ക് അറിയാത്ത കാര്യമാണ്.. ഓന്റപ്പരം ഇന്നലെ കലമ്പ് ആക്കീന്.. അല്ലാതെ ടീച്ചർ പറഞ്ഞ പോലെ കുസൃതിയും വഴക്കൊന്നും ഞാൻ കാണിച്ചിട്ടില്ല എന്ന് ഞാൻ പേടിച്ചു പേടിച്ചു പറഞ്ഞു.
എന്റെ ഉള്ളിലെ നിഷ്കളങ്കത കണ്ടു ടീച്ചർ ഉള്ളിൽ ചിരിച്ചു കാണണം..

ആ ചെക്കന്റെ കൂടെ കലമ്പ് ആക്കീട്ട് ഒരു നുള്ള് കൊടുത്തു.. ചെറിയൊരു കുരുത്തക്കേട് കാണിച്ചു.. അയിനാണ് പറമ്പരാഗത തറവാട്ടിലെ വർത്താനം കേട്ട് വളർന്ന കുട്ടിയായ എനിക്ക് മനസ്സിലാകാത്ത മലയാളത്തിൽ വഴക്ക് എന്നും കുസൃതി എന്നും പിച്ചി എന്നൊക്കെ പറഞ്ഞതും    ഇതൊന്നും തിരിച്ചറിയാത്ത ഞാൻ ,ചെയ്തിട്ടില്ല എന്ന് നിഷേധിച്ചപ്പോൾ  ഞാൻ കളവ് പറയുകയാണെന്ന് കരുതി നുണ പറയുന്നോ എന്ന് ചോദിച്ചു എന്നെ അടിച്ചതും..

കടപ്പാട് എന്റെ നുള്ള് കിട്ടിയ കിരൺ എന്ന പഴയ സഹപാഠിക്കും  ലിൻസി ടീച്ചർക്കും.


FacebookWhatsApp