കഴുകൻ കണ്ണുകൾ

ജസ്ന അബ്ദുൾ സത്താർ


കുടുംബ വീട്ടിൽ കല്ല്യാണത്തിന് പോയിട്ട് തിരികെ വരാൻ നേരത്താണ് അമ്മായിക്ക് തീരെ സുഖമില്ലെന്നറിഞ്ഞത്.

ഇവിടെ അടുത്താണല്ലോ വീട്. ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി.അവളും മോളും  അവിടേക്ക് പോയി.

അമ്മായിയേയും കണ്ട് തിരികെ വരുമ്പോഴേക്കും സന്ധ്യകഴിഞ്ഞിരുന്നു.  വീടിന് അടുത്തുകൂടി പോകുന്ന ബസ്സ് പോയി കഴിഞ്ഞിരുന്നു.

ആ ബസ്സ് കിട്ടിയിരുന്നെങ്കിൽ വീടിനു മുന്നിൽ തന്നെ ഇറങ്ങാമായിരുന്നു. അത് പോയത് കൊണ്ട് ഇനിയും കാത്തിരുന്നാൽ ലേറ്റാവുമെന്ന് കരുതി മറ്റൊരു ബസ്സിൽ കയറി.

ആ ബസ്സ്‌ മറ്റൊരു റൂട്ടിലാണ് പോകുന്നത്… അവിടുന്ന് വീട്ടിലേയ്ക്ക് കുറച്ചു ദൂരമുണ്ട്, ഓട്ടോയിൽ പോകാമെന്ന് കരുതി.

കവലയിൽ ബസ്സിറങ്ങി നോക്കിയപ്പോൾ ഒരു ഓട്ടോ പോലും ഉണ്ടായിരുന്നില്ല. നന്നേ ഇരുട്ടിയതിനാൽ കവലയിൽ ആളൊഴിഞ്ഞിരുന്നു.

അവൾ മകളുടെ കയ്യിൽ മുറുകെ പിടിച്ച് ഉൾഭയത്തോടെ വേഗത്തിൽ വീട് ലക്ഷ്യമാക്കി നടന്നു.

അൽപം കഴിഞ്ഞ് പിന്നാലെ ആരോ പിന്തുടരുന്നത് പോലെ തോന്നി. അവൾ മകളുടെ കൈപിടിച്ച് പരിഭ്രാന്തയായി ഓടി. അവൾ തിരഞ്ഞു നോക്കിയപ്പോൾ  കഴുകൻ കണ്ണുകളോടെ അവളുടെ മകളെ നോക്കി നാവ് നുണയുന്ന ഒരുവൻ. അവൾ പ്രതികരിക്കുന്നതിന് മുന്നേ കയ്യിലിരുന്ന ബാഗ് കൊണ്ട് മകൾ അയാളുടെ നേർക്ക് സർവ്വശക്തിയുമെടുത്തു ആഞ്ഞുവീശി. അപ്രതീക്ഷിതമായുള്ള അടിയിൽ അയാൾ തെറിച്ചു വീണപ്പോൾ മകൾ അവിടെയുള്ള ഉരുളൻ കല്ലെടുത്ത് അയാളുടെ തലയിലിടിച്ചു.

തിരിഞ്ഞ് ഓടാൻ തുടങ്ങിയപ്പോഴേക്കും അവൾ കാൽ വഴുതി തെറിച്ചു വീണു പോയി…

“മോളേ…” അവൾ ഞെട്ടിയുണർന്ന് കിതച്ചു,  വിയർപ്പിൽ കുളിച്ചുപോയിരുന്നു.

അടുത്ത് കിടന്ന് ഉറങ്ങുന്ന മകളെ വാത്സല്യത്തോടെ ഒന്ന് നോക്കിയ ശേഷം പുതപ്പ് പിടിച്ച് ചൂടിക്കൊടുത്തു.

കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൾ എഴുന്നേറ്റ് നടന്ന് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു അകലേക്ക് നോക്കി,  നല്ല ഇളം കാറ്റ് വീശുന്നുണ്ട്.

കാറ്റിൽ മ പാറിപ്പറക്കുന്ന മുടി  മാടിയൊതുക്കി കൊണ്ട് മുകളിലേക്ക് നോക്കി. തെളിഞ്ഞു നിൽക്കുന്ന ആകാശം,  ഇപ്പോൾ തന്റെ ജീവിതം തെളിഞ്ഞു നിൽക്കുന്നതുപോലെ. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഒന്നുമറിയാതെ ഉറങ്ങുന്ന തന്റെ മക്കളെ കണ്ടപ്പോൾ
അവരുടെ പ്രായത്തിൽ തനിക്ക് സമാധാനത്തോടെ ഒന്നുറങ്ങാൻപോലും പറ്റിയില്ലല്ലോ എന്നവൾ ചിന്തിച്ചു.

എപ്പോഴാണ് കഴുകന്റെ  ഇരയാകുന്നതെന്ന് അറിയില്ലല്ലോ. തന്നെ കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നത് കൊണ്ട് സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ചെറിയൊരു അനക്കം കേട്ടാലും താൻ പെട്ടെന്ന് ഉണരുമായിരുന്നു. അവൾ തന്റെ പഴയ കാല ഓർമ്മകളിലേക്ക് പോയി…

പത്താംക്ലാസിൽ പഠിക്കുമ്പോൾ, രാവിലെ സ്കൂളിലേക്ക് പോകാൻ റെഡി ആയി നിൽക്കുമ്പോഴാണ് അമ്മ പറയുന്നത് ഇന്ന് അമ്മാവൻ വരുന്നുണ്ടെന്ന്. നാല് വർഷമായില്ലേ ഗൾഫിലേക്ക് പോയിട്ട്.  വൽസലയ്ക്കും കാത്തിരുന്നു മടുത്തു കാണും.
ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഹ്മ്… പറഞ്ഞിട്ടെന്താ… അതിനും ഭാഗ്യമില്ലാതെ പോയി. ങ്ഹാ… ഇപ്പോഴെങ്കിലും അങ്ങേർക്ക് വരാൻ തോന്നിയല്ലോ. അമ്മ നെടുവീർപ്പിട്ടു കൊണ്ട് ഓരോന്നും പറയുന്നുണ്ടായിരുന്നു.

താൻ അതൊന്നും കാര്യമാക്കാതെ ബാഗ് എടുത്തുകൊണ്ട് ഇറങ്ങി.

അച്ഛന്റെ രണ്ടാമത്തെ പെങ്ങളാണ്  എന്ത് ചെയ്യാനാ… അമ്മാവന്റെ വീട്ടുകാരുമായി പിണങ്ങി വന്നുനിൽക്കുന്നതാണ്.  കുട്ടികളാവാത്തത് അമ്മായീടെ കുഴപ്പം കൊണ്ടാണത്രെ. അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വഴക്കായി അമ്മായി ഇങ്ങോട്ട് പോന്നു.

സ്കൂളിലേക്ക് പോകുന്ന വഴിയിൽ ജലജ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എത്ര ലേറ്റായാലും ഞാനും അവളും ഒരുമിച്ചേ  ക്ലാസിൽ കയറുകയുള്ളൂ. അത് രണ്ടു പേർക്കും നിർബന്ധമാണ്.

വൈകിട്ട് ചായയ്ക്ക് തനിക്കിഷ്ടപ്പെട്ട ഇലയട ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോൾ. ആരോ തന്നെ ഉറ്റു നോക്കുന്നപോലെ തോന്നി. ഇനി തന്റെ തോന്നലാണോ…അതോ…ആ.. ചിലപ്പോൾ തോന്നിയതാകും. എന്ന് മനസ്സിൽ ചിന്തിച്ചു കഴിപ്പ് തുടർന്നു.  ഇഷ്ടപ്പെട്ട വിഭവങ്ങൾ കാണുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ലല്ലോ…അതിൽ ആസ്വദിച്ചു  പോകും അതാണ് തന്റെ അവസ്ഥ.

മുന്പ് വല്ലപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതും. മുത്തശ്ശി മുറുമുറുപ്പോടെ അത് എല്ലാവർക്കും വീതം വെച്ച് തരുമ്പോൾ. തനിക്ക് ഇലയടയോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ടും അമ്മയുടെ വീതവും തനിക്കാണ് തരിക.
പൊതുവേ അങ്ങനെയാണല്ലോ. മൂത്ത സന്താനത്തോടും  ഏറ്റവും ഇളയ സന്തതിയോടും ആണല്ലോ അമ്മമാർക്ക് കുറച്ച് സ്നേഹക്കൂടുതൽ ഉണ്ടാവുക. ഇളയ സന്തതിക്ക് പല്ല് ഇതുവരെ വരാത്തത് കൊണ്ടും ഇതൊക്കെ തിന്നാനുള്ള പ്രായമാകാത്തത് കൊണ്ടും. ഇങ്ങനെയുള്ള കാര്യങ്ങളിൽ തനിക്ക് പ്രത്യേക പരിഗണനയാണ്.

അച്ഛൻ വല്ലവരുടെയും പറമ്പിൽ പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞ് പോകുന്നത്. അതിന്റെ കൂടെ എനിക്കും എന്റെ ഇളയതുങ്ങൾ മൂന്നാൾക്കും വേണ്ടതെല്ലാം വാങ്ങിക്കേംവേണം. അമ്മ ഒരു പരാതിയും പരിഭവവും പറയാതെ, അച്ഛന് വിഷമം തോന്നാത്ത വിധം അതൊക്കെ സഹിച്ച് നിൽക്കും.

ഓരോന്നും ആലോചിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും തന്നെ ആരോ  നോക്കുംപോലെ തോന്നിയിട്ട് അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് അപ്പുറത്തെ ജനാലകൾക്ക് പിന്നിൽനിന്ന്  കാമവെറിപൂണ്ട രണ്ടു കണ്ണുകൾ തന്നെ കൊത്തിവലിക്കുന്നത് കണ്ടത്.

അവൾ ഭയം കൊണ്ട് സ്വയം ഒന്ന് നോക്കി. തനിക്ക് പ്രായത്തിൽ കവിഞ്ഞ ശരീര പുഷ്ടിയുണ്ട്. സ്വന്തം വീട് ആയതിനാൽ കൂടുതൽ എന്ത് ശ്രദ്ധിക്കാൻ?  ധരിച്ചിരുന്ന വസ്ത്രങ്ങൾ എവിടൊക്കയോ മാറിക്കിടന്നിരിക്കുന്നു. അവൾ എഴുന്നേറ്റു മുറിയിലേക്ക് ഓടി.

അമ്മാവൻ ഇത് വരെ തന്നെ മോശം കണ്ണുകളോടെ നോക്കിയിട്ടില്ലല്ലോ. ഇപ്പോഴെന്താ  ഇങ്ങനെ..? എന്ന് അവളോർത്തു.

പിന്നീട് പലവട്ടം ആ കഴുകൻ കണ്ണുകൾ തനിക്ക് ചുറ്റും വട്ടമിട്ടു പറന്നു. ഒളിഞ്ഞും തെളിഞ്ഞും  പാത്തും പതുങ്ങിയും അശ്ലീല വാക്കുകളാൽ അയാൾ അവളുടെ പിന്നാലെ കൂടി.

  ആരോടും തുറന്നു പറയാൻ കഴിയാത്ത നിസ്സഹായയായി അവൾ  മാറിക്കഴിഞ്ഞിരുന്നു.

മേൽമറയില്ലാത്ത കുളിപ്പുരയിൽ അവൾക്ക് കുളിക്കാൻ ഭയം തോന്നി. ഏതെങ്കിലും മരക്കൊമ്പിൽനിന്നും ആ രണ്ടു കണ്ണുകൾ തന്റെ നേരെ വരുന്നുണ്ടോ എന്നുള്ള ചിന്ത കാരണം അവൾ അയാളില്ലാത്ത നേരം നോക്കി കുളിക്കുക പതിവായി.

എല്ലാം ജലജയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞത്. വെറുതെയല്ല അയാൾക്കൊരു കുഞ്ഞിനെ ദൈവം കൊടുക്കാത്തതെന്നാണ്.

ഞാനും ഇളയതുങ്ങളും കിടന്നുറങ്ങുന്ന, കൊളുത്ത് ഇളകിക്കിടക്കുന്ന  അടച്ചുറപ്പില്ലാത്ത  മുറിയിൽ അയാളെ ഭയന്ന് കൊണ്ട് ഉറങ്ങുമ്പോഴും പകുതി ഉണർന്നിരിക്കും. എപ്പോഴാണ് അയാളുടെ ഭയപ്പെടുത്തുന്ന കണ്ണുകൾ തന്നെ തേടി വരിക എന്നറിയില്ലല്ലോ.

ഒരു ദിവസം ക്ഷീണം കാരണം ഉറങ്ങിപ്പോയപ്പോൾ  താൻ പേടിച്ചത് തന്നെ സംഭവിച്ചു. കാലിൽ എന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടി എഴുന്നേറ്റപ്പോൾ കാണുന്നത് കാൽക്കൽ അയാളിരിക്കുന്നു.

നിന്റെ അമ്മായിയെ മടുത്തത്കൊണ്ടാ ഇത്രയും നാൾ  ഞാൻ നാട്ടിൽ വരാതിരുന്നത്. ഇനി എന്റെ നേരം പോക്കിന് നീയുണ്ടല്ലോന്ന് വഷളൻ ചിരിയോടെ അയാൾ പറഞ്ഞുകൊണ്ട് അയാൾ കാലിൽ കയ്യമർത്തി… അരിശവും അതിലേറെ സങ്കടവും കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി.

ജലജ പകർന്നു കൊടുത്ത ധൈര്യത്തിൽ ഒറ്റ അടിയായിരുന്നു അയാളുടെ കരണം നോക്കി.

പിന്നെ അയാൾ കൈ പിടിച്ച് തിരിച്ചപ്പോൾ ഒരലർച്ചയായിരുന്നു… എല്ലാവരും ഓടിക്കൂടിയപ്പോൾ അയാളുടെ തനിനിറം മനസ്സിലാക്കി അമ്മായിയും അയാളുടെ മുഖമടച്ച് അടികൊടുത്തു കൊടുത്തു കൊണ്ട് ഇനി ഈ വീട്ടിൽ കണ്ട് പോകരുതെന്ന് പറഞ്ഞു പുറത്താക്കി വാതിൽ കൊട്ടിയടച്ചു.

പിന്നെപ്പോഴോ… കേട്ടു അയാൾക്ക് എന്തോ അസുഖംവന്ന് അനാഥ പ്രേതത്തെപ്പോലെ തെരുവിൽ കിടന്ന് മരിച്ചെന്ന്.

അവൾ പഴയഓർമയിൽ നിന്ന് തിരിച്ചു വന്നു. എല്ലായിടത്തും ഇത്പോലെയുള്ള കഴുകന്മാർ ഉണ്ടാകും.
അവരെ ഭയന്ന് നിസ്സഹായയായി നിൽക്കുമ്പോൾ അവർ നമ്മളെ കൊത്തിക്കീറാൻ വന്നേക്കാം;
മറിച്ച്   ധൈര്യത്തോടെയും  ആത്മബലത്തോടെയും മാതാപിതാക്കളോട് എല്ലാം തുറന്നു  പറയാനും പ്രതികരിക്കാനും തുടങ്ങിയാൽ  ഇതു പോലുള്ള കഴുകന്മാരിൽ നിന്ന് രക്ഷപ്പെടാം… എന്റെ പെൺമക്കളോട് എന്നും എനിക്ക് ഉപദേശിക്കാൻ ഉള്ളത് ഈ ഒരു കാര്യമേയുള്ളൂ… ഏത് പ്രധിസന്ധി ഘട്ടത്തെയും  ആത്മധൈര്യത്തോടെ നേരിടാൻ കഴിയണം… അവൾ ഒന്നു നെടുവീർപ്പിട്ടു. പിന്നെ ആശ്വാസത്തോടെ മക്കളുടെ അടുത്തേക്ക് നടന്നു.

ശുഭം…


FacebookWhatsApp