ഓർമകൾ

രാജു കാഞ്ഞിരങ്ങാട്


ഓർമകളെക്കുറിച്ച്
നിങ്ങൾ ഓർത്തുനോക്കിയിട്ടുണ്ടോ?!
ഓർമകൾ
പലവിധമുണ്ട്

ചക്കിപ്പൂച്ചയെപ്പോലെ
കണങ്കാലിൽ മുട്ടിയുരുമ്മി
അരമുള്ളനാവിനാൽ വിരലിൽനക്കി
ഇക്കിളിയാക്കുന്നവ

പാലു കട്ടുകുടിക്കുന്നതുകണ്ട് വടിയുമായി
എത്തുമ്പോൾ
തട്ടിമറിച്ച് പാഞ്ഞുപോയി എവിടെയോ
മറഞ്ഞിരുന്ന്
നോക്കിക്കൊണ്ടിരിക്കുന്നവ

മറ്റു ചിലതുണ്ട്
എന്നും കാവലിരിക്കും,
പിറകേനടക്കും
കുരച്ചുചാടിക്കൊണ്ട് മുന്നിൽ നടക്കും

വേറെ ചിലത്
മുഖാമുഖം നിന്ന് വെല്ലുവിളിക്കും
നിഷേധിക്കും
ഒരു യുദ്ധം തന്നെ ചെയ്ത്
രക്തമൊഴുക്കും

പിന്നെയുമുണ്ട് ഓർമകളനവധി
വാലാട്ടിനിൽക്കുന്നവയും
വീണേടം വിദ്യയാക്കുന്നവയും
വായിൽക്കൊള്ളാത്തവയും
കടിയേറ്റതുപോലെ കടയുന്നവയും….


FacebookWhatsApp