ഇനി നാളെ?

രൂപശ്രീ .കെ

ഇന്നലെ

തന്നൂഴവും കാത്തു വരിനിൽക്കാറില്ലൊരുനാളും
തിരക്കേറെയായിരുന്നെനിക്കെപ്പോഴുമെവിടെയും

അട്ടഹാസങ്ങളാമോദത്തിമിർപ്പുകൾ ,
ആഘോഷങ്ങളായിരുന്നെന്നുമീ മണ്ണിൽ

സ്വയം കണ്ടും, ഏറെ കാണിച്ചും നടക്കുമൊരു പ്രദര്ശനനഗരി –
യതായിരുന്നീലോകമിന്നലെവരെക്കും .

വിശക്കും കുഞ്ഞുങ്ങളേറെയാണെങ്ങുമെങ്കിലും
കുഴിച്ചു മൂടി മിച്ചമാം ഭോജ്യങ്ങലേറെഞാൻ, എന്നുമേ.
നിശ്ശബ്ദം, നമുക്കെങ്കിലും, ദിഗന്തങ്ങൾ മുഴങ്ങുമവർതൻ വിലാപം
മാറ്റൊലി കൊണ്ടിരിക്കാം ദൂരെ ചക്രവാളങ്ങളിൽ ,
ഇങ്ങിവിടെ, സൂക്ഷ്മമാം ജീവരേണുക്കളിലും.

ഇന്ന്

കാഹളം മുഴക്കാതെ, രണഭേരിയില്ലാതെ
നിശ്ശബ്ദമാം പോരിന്നു മണ്ണിതിൽ മുറുകുന്നു .
നിനച്ചതിലൊരിക്കലും, വന്യമാം സ്വപ്നങ്ങളിൽപോലും,
അഹങ്കരിച്ചു നടക്കേയീയൊരു ഭീതിതൻ നാളുകൾ .

ലോകരെ കാൽക്കീഴിലാക്കുവാനിറങ്ങിയവൻ
ഇത്തിരിക്കുഞ്ഞനിൽ നിന്നോടിയൊളിക്കുമെന്നു .
വായ മറച്ചുമോഛാനിച്ചും, അവിശ്വാസത്തിനകലം കാത്തും.
നീണ്ട പകലുകൾ , രാത്രികളിഴഞ്ഞുനീങ്ങവെ ,
ഒടുങ്ങുന്നു , മർത്യർ ഈയാംപാറ്റകൾ കണക്കെ ചുറ്റും.

നാളെ ?


FacebookWhatsApp