തിരിച്ചെടുക്കലുകൾ

സുനിൽ വളയങ്ങാടൻ

തിരിച്ചെടുക്കണം ..,
എഴുതാനെടുക്കുമ്പോഴൊക്കെ
എന്റെ വിരൽ തുമ്പുകൾക്ക്
പിടിതരാതെ
നിന്റെ കണ്ണാഴങ്ങളിൽ
ജലസമാധി
നടത്തിയ വാക്കുകളെയൊക്കെ…,

തിരിച്ചെടുക്കണം ..,
പെറ്റുപെരുകുമെന്ന
വ്യാമോഹത്തിൽ
മനസ്സിന്റെ താളുകളിൽ ഒളിപ്പിക്കാൻ നിന്റെ കണ്ണിമകളിൽ നിന്നു ഞാൻ പറിച്ചെടുത്ത പ്രണയ മയിൽപ്പീലികളെ…,

തിരിച്ചെടുക്കണം ..,
നിന്റെ ഹൃദയത്തിന്റെ നനവിൽ മുക്കി നീ സമ്മാനിച്ച
സ്നേഹമഷിത്തണ്ടുകൾ കൊണ്ട് ഞാൻ
മായ്ച്ചു കളഞ്ഞ വെളുത്ത അക്ഷരങ്ങളെയൊക്കെ …,

തിരിച്ചെടുക്കണം..,
നിന്റെ ഉള്ളംകൈയിലെ
വിയർപ്പിലൊട്ടിപ്പോയ
നാരങ്ങാ മിട്ടായികളുടെ
പുളി മധുരങ്ങളെ …,

തിരിച്ചെടുക്കണം ..,
ജൂൺ മഴകളിൽ ഞാൻ നനഞ്ഞൊലിക്കുമ്പോൾ
കുടനിവർത്തി ,
കാത്തുനിൽക്കാതെപോയ
നിന്റെ തിരിഞ്ഞു നോട്ടങ്ങളെ ..,

എന്നിട്ട് …
ക്ലാവ് മൂടിപ്പോയ പ്രണയ നൊമ്പരങ്ങളെയൊക്കെ
ഓർമ്മളുടെ
പുത്തൻ മഷിക്കൂട്ടിൽ ചാലിച്ചു
പുനർജനിപ്പിച്ചു
തിരിച്ചു തരണം നിനക്ക് …,
വെറുതെ ..വെറും വെറുതെ ..!!


FacebookWhatsApp