ഓര്‍മ്മകളില്‍
ഗൃഹാതുരത്വം നിറഞ്ഞ ഒരു
സംഗീതമുണ്ട്…,
കനത്ത മഴ പെയ്തു തീരുമ്പോള്‍
കനം കുറഞ്ഞില്ലാതാവുന്ന
ഇറ വെള്ളത്തിന്‍റെ സംഗീതം.
ഉറക്കം കെട്ടു പോകുന്ന
കര്‍ക്കിടക രാത്രികളില്‍
ഒരിടിമിന്നലിനും കെടുത്താനാവാത്ത
നിലവിളക്കിന്‍റെ പ്രഭയോടെ
കാവലുണ്ടായിരുന്നു
എനിക്കു നീ…!
മഴക്കുളമ്പുകള്‍ അതിരുകള്‍താണ്ടി പോകുന്ന
പുലര്‍വേളകളില്‍
എന്‍റെ ജനല്‍ ചത്വരത്തിലേക്ക്
ആരെ കാവല്‍ നിര്‍ത്തിയാണ്
നീയെന്നെ തനിച്ചാക്കിയത്..?
ഇപ്പോള്‍
പെയ്തു തീരുകയാണ്..
നനഞ്ഞു കുതിരണമെന്നു
ഞാന്‍ കൊതിച്ച മഴകളെല്ലാം..
എന്നിട്ടും എന്തിനാണു നീ
മഴച്ചില്ലുകളേറ്റ് തണുത്ത് മരവിച്ച
കെെകള്‍ കൊണ്ടെന്നെ
നനഞ്ഞു കീറിയ ഓര്‍മ്മകളുടെ
കുടക്കീഴിലേക്ക്
ചേര്‍ത്തു പിടിച്ചു വെക്കുന്നത്…?