ചെരുപ്പുകുത്തിയുടെ കവിത

സിദ്ധാർഥ് എസ്

നഗരമധ്യത്തിലെ
മരത്തിനുകീഴിലിരിക്കുന്ന
ഒറ്റക്കണ്ണൻ ചെരുപ്പുകുത്തി
എന്റെ ചെരുപ്പിൽ
ഒരു കവിതയെഴുതി.
ചെരുപ്പിനിടയിലെ
ചിത്രപണികളിൽ
പാതിമുറിഞ്ഞ
ഒരു മനുഷ്യരൂപം…
എന്റെ പാദത്തിന്റെ
ചൂടറിഞ്ഞ ചെരുപ്പാണ്
ഞാനും അയാളും
തമ്മിലുള്ള പരിചയം,
അത്രമാത്രമേവേണ്ടിവന്നുള്ളൂ
അയാൾക്കൊരു
കവിത രചിക്കാൻ.
തുകലിൽ
നൂലുകൊണ്ടയാളെഴുതിയപ്പോൾ
എന്റെ പേനയ്ക്കുപോലും
മടുപ്പിന്റെ
ചൂടുപിടിച്ചുകഴിഞ്ഞിരുന്നു.
പാതിമുറിഞ്ഞ
മനുഷ്യനിൽ
ചെരുപ്പുകുത്തി
ഒളിപ്പിച്ചതെന്താവാം?
സ്വന്തം ചിന്തകളെ
ബലികൊടുത്ത
മനുഷ്യനെക്കുറിച്ചോ?
മോഹങ്ങളിൽ
ഉരുത്തിരിഞ്ഞ
പാതി ഉടലിനെ
അറത്തുമാറ്റിയ മനുഷ്യനാണോ
അയാളുടെ കവിത.
ഒരുപക്ഷെ
അവനിലെ അവളെയോ
അവളിലെ അവനെയോ
വേർപ്പെടുത്തിയതാണോ
ഈ മനുഷ്യൻ.
പുരാണത്തിലെ
അർദ്ധനാരീശ്വരസങ്കൽപ്പം
തലതല്ലി മരണപ്പെട്ടോ?
പാതിമുറിഞ്ഞ
മനുഷ്യനിൽ
ചോര പൊടിഞ്ഞില്ല.
ചെരുപ്പുകുത്തിയുടെ
നൂലുകൾ
രക്തത്തെ തേടിയിട്ടുമില്ല.
അർത്ഥങ്ങൾ
തേടിയലഞ്ഞ
എന്റെ പേനയുടെ
മഷിയും തീരാറായി.
പിടിതരാതെ പോകുന്നു
ആ പാതിമുറിഞ്ഞ
മനുഷ്യൻ.
ഒടുവിൽ,
ഞാൻ കണ്ണാടിക്കുമുൻപിൽ
നഗ്നനായി നിന്ന്
ഉടലിന്റെ പാതി
തിരയുന്നു
മനസ്സിൽ
ഒറ്റക്കണ്ണനെ ശപിച്ചുകൊണ്ട്…..


FacebookWhatsApp