പുനരധിവാസം

അജിത് കല്ലൻ

യോഗ തീരുമാനം

അനുജൻമാരായ രാജനേയും സുഗുണനേയും വിളിക്കാൻ കാരണമുണ്ടായിരുന്നു ചന്ദ്രന്.

അച്ഛന് വയസ്സ് എൺപത് കഴിഞ്ഞു. എന്നാലും പ്രായത്തിൻ്റെ അസ്കിത അച്ഛന് അങ്ങിനെ പിടിപ്പെട്ടിരുന്നില്ല. ഇനിയിപ്പോ ഏത് നേരം വേണമെങ്കിലും കെടപ്പിലാവാൻ സാദ്ധ്യതയുണ്ട്. അതിന് മുൻപേ ഒരു തീരുമാനം എടുത്തേ പറ്റൂ.

അച്ഛൻ്റെ സമ്പാദ്യം വീതംവെപ്പ് കഴിഞ്ഞു. വീടും അഞ്ച് ഏക്കർ കൃഷിസ്ഥലവും ചന്ദ്രൻ്റെ പേരിലേക്ക് എഴുതി. ബസ് സ്റ്റാൻ്റിനടുത്തുള്ള പത്ത് സെൻ്റ് രാജൻ്റെ പേരിലും റെയിൽവെ സ്റ്റേഷനുടുത്തുള്ള പത്ത് സെൻ്റ് സുഗുണൻ്റെ പേരിലും എഴുതി വെച്ചപ്പോ അച്ഛന് സമാധാനമായി.

ഇനി സമാധാനത്തോടെ മരിക്കാമെന്ന് അച്ഛൻ പറഞ്ഞത് ചന്ദ്രൻ ഓർക്കുകയും ചെയ്തു.

” ചന്തു ഏട്ടാ കാര്യം നിങ്ങളുടെ അച്ഛനാണെങ്കിലും കെടന്നാ എന്നെ കൊണ്ട് നോക്കാനൊന്നും പറ്റൂലെ. ഞാൻ പറഞ്ഞില്ലന്ന് വേണ്ട.”

അവിടുന്നാണ് തുടക്കം. കാർത്ത്യായനിയാ. അവൾക്ക് എന്തെങ്കിലും തോന്നി തുടങ്ങിയാ ചന്ദ്രേട്ടൻ ലോപിച്ച് ചന്തൂന്നാവും.

ചന്ദ്രനും തിരിച്ചങ്ങനെ തന്നെയാ. കാർത്ത്യായനി ലോപ്പിച്ച് കാർത്തീന്നാവും. രണ്ട് പേരുടേയും ഈ വിളകൾ ഒരു പരസ്പര ധാരണയിലാണ്. ഇങ്ങിനെയുള്ള വിളകളിലൂടെയുള്ള തീരുമാനങ്ങൾ നടപ്പിലാക്കിയേ പറ്റൂ എന്ന് രണ്ടു പേർക്കും അറിയാം.

അപ്പോൾ പറഞ്ഞ് വന്നത് അച്ഛൻ്റെ തീരുമാനത്തെ കുറിച്ചായിരുന്നു.
ചന്ദ്രൻ തൻ്റെ മനസ്സിൽ എഴുതി. (ഒന്ന്) അജണ്ട: അച്ഛൻ്റെ ഭാവി. (രണ്ട്) സ്വാഗതം: ( അത് ഞാൻ തന്നെ). (മൂന്ന്) അദ്ധ്യക്ഷൻ: ( അതും ഞാൻ തന്നെ). (നാല്) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും. ഇത്രയും എഴുതി കഴിഞ്ഞപ്പോഴേക്കും രാജനും സുഗുണനും വരാന്തയിലേക്ക് കയറിയിരുന്നു’

ചന്ദ്രൻ രണ്ടുപേരേയും പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വലിയ സ്വീകരണമൊന്നും മുഖത്ത് കാണിച്ചില്ല. കാർത്ത്യായനി വന്ന് എത്തി നോക്കി വെറുതെയൊരു ചിരി രാജനും സുഗുണനും കൊടുത്തിട്ട് തിരിച്ചുള്ള ചിരി വാങ്ങാതെ അകത്തേക്ക് പോയി.
രാജൻ ചോദിച്ചു: ” അച്ഛനെന്ത് ചെയ്യാ “

” കെടക്കാ ” ചന്ദ്രൻ്റെ മറുപടി.

രണ്ടു പേരും അകത്തേക്ക് കയറി അച്ഛൻ കിടക്കുന്ന മുറിയിലേക്ക് നടന്നു.

കട്ടിലിൽ കിടക്കുന്ന അച്ഛൻ മക്കളെ കണ്ടതും കണ്ണുകൾ വിടർന്നു. ചുണ്ടത്ത് മൂലയിലായി ഒരു ചിരി വരുത്തിവെച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച അച്ഛനെ സ്നേഹത്തോടെ രണ്ടു പേരും കൈയ്യും കാലും പിടിച്ച് എഴുന്നേൽക്കാൻ സമ്മതിച്ചില്ല.

” അച്ഛൻ ബുദ്ധിമുട്ടൊന്നും വേണ്ട. കെടന്നോ. കെടന്നോ”

സുഗുണൻ്റെ രണ്ട് കെടന്നോ കേട്ടപ്പോ അച്ഛൻ അനങ്ങാതെ കിടന്നു. രാജനും സുഗതനും അച്ഛനെ നിർദോഷമായി നോക്കി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

ചന്ദ്രൻ അപ്പോഴേക്കും യോഗം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
രാജനും സുഗുണനും വരാന്തയിലുള്ള കസേരയിൽ ഇരുന്നു. എവിടെ നിന്നോ കളിച്ചു കൊണ്ടിരുന്ന ചന്ദ്രൻ്റെയും കാർത്ത്യായനിയുടേയും ഏഴും എട്ടും വയസ്സുള്ള കുട്ടികൾ ചെറിയച്ഛൻമാരെ നോക്കി അകത്തേക്കോടി.

” കാർത്തീ, കട്ടൻ ചായും മിച്ചറും എടുത്തോ ” ചന്ദ്രൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

” അപ്പോൾ നമുക്ക് തൊടങ്ങിയേക്കാം അല്ലെ “

രാജനും സുഗുണനും തലയാട്ടി.

” അച്ഛൻ്റെ കാര്യത്തെ കുറിച്ച് ഞാൻ നേരത്തെ ഒരു സൂചന തന്നിരുന്നുവല്ലോ. വീതംവെപ്പൊക്കെ കഴിഞ്ഞ സ്ഥിതിക്ക് സ്വത്തിൻ്റെ കാര്യത്തിൽ ഇനി വലിയ ടെൻഷനടിക്കണ്ട. ഇനി അച്ഛൻ്റെ കാര്യത്തിൽ നമുക്കൊരു തീരുമാനം എടുക്കണം ” ചന്ദ്രൻ സ്വാഗത പ്രസംഗവും അദ്ധ്യക്ഷപ്രസംഗവും വളരെ ചുരുക്കി.

കട്ടൻ ചായയും മിക് സച്ചറും കാർത്ത്യായനി ടീപ്പോയിയുടെ മുകളിൽ കൊണ്ടു വെച്ചു. തിരിച്ച് പോകുന്ന പോക്കിൽ ചന്ദ്രൻ്റെ ചെവിയിൽ കാർത്ത്യായനി ഒന്നുകൂടി ഉറപ്പു വരുത്താനായി മന്ത്രിച്ചു: ” അച്ഛനെ നോക്കാൻ എന്നെ കൊണ്ട് കയ്യൂലെ. ഞാൻ പറഞ്ഞില്ലാന്ന് വേണ്ട ” ഇതും പറഞ്ഞ് അകത്തേക്ക് ഒരു മയവുമില്ലാതെ നടന്നു.

രാജൻ മിക് സച്ചർ വാരി വായിലിട്ട് പറഞ്ഞു: ” ഏട്ടന് അറിയാലോ എൻ്റെ തെരക്കിനെ പറ്റി. എനക്ക് ആയ്ചേല് ചരക്കെടുക്കാൻ ചെന്നൈയിലോ, ബാംഗ്ലൂരിലോ, ബോംബേ ലോ പോണ്ടി വരും. സുശീലക്കാണെങ്കി റെസിഡൻസ് അസോസിയേഷൻ്റെ സെക്രട്ടറിയാം. അസോസിയേഷൻ്റെ സകല ഉത്തരവാദിത്വവും ഓളെ തലയിലാ. പിള്ളേരെ നോക്കുന്നത് പോലും വേലക്കാരി ജാനു ഏടത്തിയാ. “

രാജൻ വെട്ടിതുറന്ന് പറഞ്ഞു.

അടുത്തത് ഇനി സുഗണൻ്റെ ഈഴം ആയിരുന്നു. ചന്ദ്രനും രാജനും സുഗണനെ നോക്കി.

രാജൻ മിക്സച്ചർ കൈയ്യിൽ പിടിച്ച് പറഞ്ഞു: ” എൻ്റെ തെരക്ക് എന്താന്ന് നിങ്ങൾക്ക് രണ്ടാൾക്കും അറിയാം. സ്ഥലത്തെ ലോക്കൽ നേതാവായതു കൊണ്ട് പ്രദേശത്തുള്ള നാട്ടുകാരുടെ എന്ത് പ്രശ്നത്തിനും തീർപ്പാക്കി കൊടുക്കാനുള്ള ചുമതല പാർട്ടി എന്നെയാ ഏൽപ്പിച്ചത്. രാവിലെ ഒരു കാലി ചായയും കുടിച്ച് വീട്ട്ന്ന് എറങ്ങിയാ പിന്നെ രാത്രീലാ വീട്ടികേറാ. കമലക്കും തീരെ സമയം ഇണ്ടാവൂല ഇനി. അടുത്ത പഞ്ചായത്ത് എലക്ഷന് ഇപ്പോ തന്നെ പത്താം വാർഡിൽ കൗൺസലറായി നിക്കാൻ പാർട്ടി ഓളോട് പറഞ്ഞിറ്റ്ണ്ട്. ഞാൻ ചാവുന്നേൻ്റെക്ക് ഓളെ പഞ്ചായത്ത് പ്രസിഡണ്ട് ആക്കണം എനിക്ക് “

സുഗുണനും അഭിപ്രായം വെട്ടിതുറന്ന് പറഞ്ഞു.

ഇനിയിപ്പോ അഭിപ്രായം പറയേണ്ടത് ചന്ദ്രനാണ്. കട്ടനും മിക്സച്ചറും വെച്ച് പോകുമ്പോഴേ കാർത്തി നയം വ്യക്തമാക്കിയിരുന്നു. അത് ചന്ദ്രൻ്റെ മനസ്സിൽ പിടച്ച് കളിക്കുന്നുണ്ടായിരുന്നു.

” എനക്കും അച്ഛനെ നോക്കാൻ ബുദ്ധിമുട്ടാ. നമക്ക് ഒരു കാര്യം ചെയ്യാം. അച്ഛനെ നടതള്ളിയാലോ “

രാജനും സുഗുണനും മുഖത്തോട് മുഖം നോക്കി.

” എന്നാ അങ്ങിനെ ചെയ്യാം ” രാജൻ പറഞ്ഞു. സുഗുണൻ തലയാട്ടി.

” അച്ഛൻ ഭയങ്കര കൃഷ്ണഭക്തനാണെന്നറിയാലോ. അതുകൊണ്ട് നട തള്ളാൻ ഏടെങ്കിലും കൃഷ്ണൻ്റെ ക്ഷേത്രം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ” ചന്ദ്രൻ പറഞ്ഞു.

” ചിറക്കലിൽ ഒരു കൃഷ്ണ ക്ഷേത്രമുണ്ട്. പിന്നെ കടലായി. അതുമല്ലങ്കിൽ ഗുരുവായൂർ. ഗുരുവായൂരാ നല്ലത്. നാട്ട് നടപ്പ് അങ്ങിനെയാണല്ലോ. ” സുഗുണൻ പറഞ്ഞു.

” ഏയ് അത് വേണ്ട. നാട്ടിൽ തന്നെയാവുമ്പോ പ്രശ്നാ. നമ്മളെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കി അത് പിന്നെ പൊല്ലാപ്പാവും. നീയെന്ത് പറയുന്നു രാജാ? ” ചന്ദ്രൻ ചോദ്യം രാജൻ്റെ മുന്നിലേക്കിട്ടു.

” ഞാൻ ആലോചിക്കുന്നത്, കൃഷ്ണൻ ജനിച്ച മഥുരയിൽ തന്നെ ആയാലോ എന്നാ. അവിടെ അച്ഛൻ സെയ്ഫായിരിക്കും. നമ്മളും സെയിഫായിരിക്കും. അച്ഛനെ അവിടെ ആക്കിയിട്ട് നമുക്ക് താജ് മഹൽ കണ്ട് നേരെ ഡൽഹിക്ക് പോകാം. അവിടന്ന് ഇന്ത്യാഗേറ്റ്, റെഡ് ഫോർട്ട് പിന്നെ രാജ്ഘട്ടും ഗാന്ധിസ്മൃതിയും. ഒരു ടൂർ പ്ലാൻ ചെയ്യാം. ഭാര്യമാർക്കും കുട്ടികൾക്കുമൊക്കെ സന്തോഷാവും. ” രാജൻ പറഞ്ഞു.

ചന്ദ്രനും സുഗുണനും അത് നല്ലൊരു തീരുമാനമായി തോന്നി. ഭൂരിപക്ഷ തീരുമാനം എടുത്ത ശേഷം യോഗം പിരിച്ചുവിട്ടു.

മഥുര കൃഷ്ണ ക്ഷേത്രം

ആകെ തിക്കും തിരക്കുമായിരുന്നു. ഭക്തർ ജയ് ശ്രീകൃഷ്ണ സ്തുതിഗീതങ്ങൾ ചൊല്ലി നടക്കുന്നു. ഗോപിക്കുറികളണിഞ്ഞ പശുക്കളെ കാണാം. എങ്ങും എവിടേയും കഷായ വസ്ത്രം ഉടുത്തവർ. അതിനിടയിൽ ലസി, ചായ, വിൽപ്പന. സൈക്കിൾ റിക്ഷകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. ആകെയൊരു ബഹളം.

ക്ഷേത്ര കവാടത്തിലും നല്ല തിരക്കുണ്ടായിരുന്നു. ചുറ്റുപാടുകൾ കണ്ടപ്പോൾ യാത്രാ ക്ഷീണമൊക്കെ കാര്യമാക്കാതെ അച്ഛൻ മക്കളോടും അവരുടെ ഭാര്യമാരുടേയും കുട്ടികളോടുമൊപ്പവും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു. അച്ഛൻ്റെ കാര്യത്തിൽ മക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ മാറി മാറി അച്ഛൻ്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടത്തിച്ചു.

അച്ഛന് സന്തോഷം തോന്നി. ആദ്യായിട്ടാ ഇങ്ങിനെയൊരു സ്ഥലം സന്ദർശിക്കുന്നത് തന്നെ. അതും തൻ്റെ ഇഷ്ട ദൈവത്തെ ജന്മസ്ഥലത്ത് വെച്ച് കാണുവാൻ തന്നെ യോഗം ഉണ്ടായല്ലോ എന്നും അച്ഛൻ ചിന്തിച്ചു. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അച്ഛനത് കണക്കാക്കിയില്ല. അടച്ചിട്ട മുറിയിലെ ഏകാന്തതയിൽ നിന്നുള്ള സ്വാതന്ത്ര്യം അച്ഛൻ മതിവരുവോളം ആസ്വദിച്ചു. അച്ഛൻ തൻ്റെ ചുറ്റിലും എല്ലാവരും ഉണ്ടെന്ന് ഉറപ്പ് വരുത്തി ഇളയവൻ്റ കൈയ്യും പിടിച്ച് തിരക്കിലൂടെ നടന്നു.

” ഇവിടെയാണച്ഛാ, കംസൻ ദേവകിയെ കാരാഗൃഹത്തിലടച്ചത് “

” ആ കാരാഗൃഹത്തിലാണ് ദേവകി കൃഷ്ണന് ജന്മം നൽകിയത്. “

” നമുക്ക് അങ്ങോട്ട് പോവാമച്ഛാ.”

മക്കൾ മാറി മാറി പറഞ്ഞു.

എല്ലാവരും കാരാഗൃഹത്തിനടുത്തെത്തി. എവിടെ നോക്കിയാലും കാഷായ വസ്ത്രം ഉടുത്തവർ. കൃഷ്ണ സ്തുതിഗീതങ്ങൾ അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവിടെയും വല്ലാത്തൊരു തിരക്കായിരുന്നു. തിരക്കിനിടയിൽ അച്ഛൻ ഒറ്റപ്പെട്ടു. അച്ഛൻ ഭയത്തോടെ ചുറ്റിലും നോക്കി. പരിചയമില്ലാത്ത മുഖങ്ങളായിരുന്നു ചുറ്റുപാടും. മക്കളെയും അവരുടെ ഭാര്യമാരേയും കുട്ടികളേയും കാണാനില്ല. മുന്നിൽ കാരാഗൃഹം കാണാം. പിന്നെ അവിടെയുണ്ടായിരുന്ന തിരക്കിൽ നിന്നും എടുത്തെറിയപ്പെട്ട പോലെ പുറത്തേക്ക് തെറിച്ചു.

അവിടെ നിന്നും ദയനീയമായി ചുറ്റിലും നോക്കി. മക്കളെ എന്ന് ഉറക്കെ വിളിച്ചു. തിരക്കിൽ ആ വിളി ആരും കേട്ടില്ല. കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് വേച്ച് വേച്ച് നടന്ന് ഒരു ഓരത്തായി അച്ഛനിരുന്നു.

അച്ഛനിപ്പോൾ കാര്യം പിടിക്കാട്ടിത്തുടങ്ങിയിരുന്നു. മക്കളെന്നെ ഒഴിവാക്കിയതാ. കണ്ണുനീർ ചുളിവു വീണ കവിളിലൂടെ പുറത്തേക്കൊഴികി. അച്ഛനത് ശോഷിച്ച കൈ കൊണ്ട് തുടച്ചു.

ആയസപ്പെട്ട് എഴുന്നേറ്റ് തിരക്കിലൂടെ ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങി. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അച്ഛൻ ചുറ്റിലും നോക്കി. ഒരു പാട് വൃദ്ധർ കൂനി പിടിച്ചിരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ തന്നെ പോലെ ഒഴിവാക്കപ്പെട്ടവരായിരിക്കാമെന്ന് അച്ഛൻ ചിന്തിച്ചു.

മനസ്സ് തകർന്ന വേദനയോടെ അച്ഛൻ പൊട്ടിക്കരഞ്ഞു. പലരും അച്ഛനെ നോക്കി എന്തോ പറഞ്ഞ് പോയിക്കൊണ്ടിരുന്നു. അച്ഛൻ പതുക്കെ എങ്ങോട്ടെന്നില്ലാതെ നടന്നു. സന്ധ്യയായി തുടങ്ങിയിരുന്നു. നടന്ന് നടന്ന് നിറയെ മരങ്ങളും കുളങ്ങളും നിറഞ്ഞൊരു പ്രദേശത്തെത്തി. കുളങ്ങളിലൊക്കെ താമര പൂവുകൾ വിടർന്നു നിൽക്കുന്നു. അവിടെയുണ്ടായിരുന്ന മരങ്ങളിൽ ദേവതാരു, കൊന്ന, ചെമ്പക മരങ്ങളും ഉണ്ടായാരുന്നു. ചെമ്പക പൂവും കൊന്ന പൂവും കൊണ്ട് നിറഞ്ഞിരുന്നു മരങ്ങളിൽ. ചെമ്പക പൂവിൻ്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിന്നു. മയിലുകൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു കൊണ്ടിരുന്നു. പശുക്കിടാങ്ങൾ ചാടി ചാടി കളിച്ചു. അച്ഛനത് കണ്ണൻ്റെ വൃന്ദാവനം ആണെന്ന് തോന്നി. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്ന് അച്ഛൻ്റെ അരികിലൂടെ കടന്നു പോയി. അച്ഛൻ മുന്നിലായി കണ്ട നിറയെകൊന്ന പൂക്കളുള്ള മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു. അന്നേരമായിരുന്നു കാറ്റ് വന്ന വഴിയിലൂടെ ഓടക്കുഴൽ നാദം ഒഴുകി വന്നു. അപ്പോഴായിരുന്നു അച്ഛനത് കണ്ടത്. കുറച്ച് ദൂരെയായി അമ്പാടികണ്ണൻ ഓടക്കുഴലുമായി നിൽക്കുന്നു. അമ്പാടി കണ്ണൻ ഓടി അച്ഛൻ്റെ അടുത്തേക്ക് വന്നു. അച്ഛനെ നോക്കി ചിരിച്ചു. എന്നിട്ട് അച്ഛൻ്റെ മടിയിൽ കയറി ഇരുന്ന് ഓടക്കുഴൽ ചുണ്ടത്ത് വെച്ച വായിക്കാൻ തുടങ്ങി. എങ്ങ് നിന്നോ കളിച്ചു കൊണ്ടിരുന്ന പശുക്കിടാങ്ങളും പറന്ന് കൊണ്ടിരുന്ന മയിൽക്കൂട്ടങ്ങളും അച്ഛൻ്റെയും അമ്പാടി കണ്ണൻ്റേയും അരികിലേക്കെത്തി.


FacebookWhatsApp