ഭാഗ്യക്കുറി

മനോജ്‌ കോട്ടാഞ്ചേരി

ഇന്ന് രാവിലെ..
കണ്ണൻ തന്‍റെ പതിവ്ശൈലിയിൽ അയൽപക്കത്തെ വിലാസിനിച്ചേച്ചി അലക്കുന്നതും കഴുകുന്നതുമൊക്കെ നോക്കി വായിൽ വെള്ളം നിറക്കവെയാണ് തന്‍റെ പ്രവൃത്തിയെ അലോസരമാക്കും വിധത്തിൽ മുത്തശ്ശി അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് ഓടിവന്നത്.അഴുക്കുപുരണ്ട കൈയ്യിൽ അന്നേ ദിവസത്തെ ന്യൂസ്പേപ്പറും ഒരു ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നു. .”എടാ കണ്ണാ,,,ഈ ലോട്ടറിയൊന്നു നോക്കിയേ…” മുത്തശ്ശി വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപേ അവന്റെ കണ്ണുകൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ”ഈ കെളവിക്ക് വേറെ പണിയൊന്നുമില്ലേ? വയസ്സുകാലത്താ,,, ഒരു ലോട്ടറി”. മനസ്സിൽ തോന്നിയ വാക്കുകളെ അവൻ അപ്പാടെ വിഴുങ്ങി മനസ്സില്ലാ മനസ്സോടെ മുത്തശ്ശിയുടെ കൈയിൽ നിന്നും പേപ്പറും ടിക്കറ്റും വാങ്ങി. യു.പി.സ്ക്കൂളിന്റെ പടി ഇറങ്ങിയതിനു ശേഷം അവന്റെ കണ്ണുകൾ ഇന്നാദ്യമായാണ് അക്ഷരക്കൂട്ടങ്ങളിലേ ക്ക്ചെന്നെത്തിയിരിക്കുന്നത്.പേപ്പറിലെയും ടിക്കറ്റിലെയും നമ്പരുകൾ തമ്മിൽ ഒത്തുനോക്കിയ അവൻ രണ്ടിലെയും സാമ്യത കണ്ടപ്പോൾ ഒരാവർത്തി കൂടി നോക്കി. ”ഈശ്വരാ,,നാളിന്നുവരെ ഒരു ദൈവത്തെപോലും വിളിക്കാതിരുന്ന കണ്ണന്റെ ശബ്ദം അവിടെങ്ങും മാറ്റൊലി കൊണ്ടു.മുത്തശ്ശിയിൽ നിന്നും ഒരു നേരിയ നിശ്വാസം മാത്രം…മുത്തശ്ശിക്ക് ലോട്ടറി അടിച്ചിരിക്കുന്നു… അതും അമ്പതുലക്ഷം…!

ഒരാഴ്ച മുമ്പ് വൈകിട്ട്…
സമയം നാലുമണിയായിക്കാണും.കുമാരേട്ടന് കൊടുക്കാനുള്ള ചായ ഫ്ലാസ്കിൽ നിറച്ചുവെച്ച് ജാനകിയമ്മ നേരെ പോയത് തൊഴുത്തിലേക്കാണ്.അവിടെയാണ് തന്‍റെ അരുമയായ പശുക്കിടാവുള്ളത്.പശുക്കിടാങ്ങൾ ജാനകിയമ്മയ്ക്ക് എന്നും പ്രിയമായിരുന്നു.അതുകൊണ്ടുതന്നെയാണ് അവർ തന്റെ പശുക്കിടാവിനെ ‘വാവ’ എന്ന ഓമനപ്പേരിട്ടത്. ജാനകിയമ്മയുടെ കാൽപ്പെരുമാറ്റം കേട്ടിട്ടാവണം അവൾ ശിരസ്സൊന്നിളക്കി.അവർ അടുത്തുചെന്നപ്പോൾ അവരുടെ ശരീരത്തോട് ചേർന്നുനിന്നുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.മൂന്നു ദിവസമായി പുല്ലു കിട്ടാത്തതിന്റെ വിഷമം അവളുടെ കണ്ണുകളിൽ നിഴലിക്കുന്നത് ഗ്രഹിച്ചെടുക്കാൻ ജാനകിയമ്മയ്ക്ക് അധികനേരം വേണ്ടിവന്നില്ല. കാട്ടാമ്പള്ളിയിലെ ഷട്ടർ തുറന്നുവിടുന്നത് കാരണം വീട്ടിനടുത്തുള്ള പാടത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും വെള്ളം കയറിയിരിക്കും.പുല്ലു കിട്ടാത്തതിന്റെ കാരണം ഇതാണ്.ജാനകിയമ്മ തന്റെ വിഷമം കണ്ണനെ അറിയിച്ചെങ്കിലും അവൻ ഈ വിഷയത്തിനു പുല്ലു വില പോലും കല്പ്പിച്ചില്ല.വെള്ളം കയറിയാൽ പിന്നെ കള്ള്ചെത്ത് തൊഴിലാളിയായ കണ്ണനും ജോലിക്ക് പോകാൻ കഴിയാറില്ല.നാട്ടിലെ അറിയപ്പെടുന്ന കള്ള്ചെത്ത് വിദ്വാനിൽ നിന്നും ശിഷ്യത്വം സ്വീകരിച്ച കണ്ണന് തന്റെ ഷാപ്പിൽ കള്ള് കൊടുക്കണമെങ്കിൽ മറ്റൊരു ഷാപ്പിൽ നിന്ന് കള്ള് കടമായി വാങ്ങേണ്ടിവരും.ഇക്കാര്യത്തിൽ ഗുരുവും ശിഷ്യനും ഒരുപോലെയാണെന്നാണ് നാട്ടുകാരുടെ ഇടയിൽ പൊതുവേയുള്ള സംസാരം.

കണ്ണനോട് പറഞ്ഞിട്ട് ഇനി യാതൊരു കാര്യവുമില്ല എന്ന തിരിച്ചറിവിൽ നിന്നും ജാനകിയമ്മ തന്റെ കൈയ്യിൽ ആകെയുണ്ടായിരുന്ന നൂറുരൂപാനോട്ടുമെടുത്തു ബസാറിലുള്ള വൈക്കോൽകട ലക്ഷ്യമാക്കി നടന്നുനീങ്ങി.അലസമായി പുഞ്ചിരിച്ചുകൊണ്ട് കടയുടമ അവർ ആവശ്യപ്പെട്ടതനുസരി ച്ചുള്ള വൈക്കോൽക്കെട്ടുകൾ അവർക്ക് സമ്മാനിച്ചു.മിച്ചം വന്ന മുപ്പതുരൂപാനോട്ട് ഉടുത്തിരിക്കുന്ന മുണ്ടിന്റെ കോന്തലയ്ക്കകത്ത് തിരുകിവെച്ചുകൊണ്ട് അവർ സാവധാനം അവിടുന്ന് യാത്ര തിരിച്ചു.

”അമ്മച്ചീ ഒന്നു നിക്കണേ..ഒരു ടിക്കറ്റെടുത്തിട്ടു പോകണേ.. ” വൈക്കോൽക്കെട്ടുകളാൽ ശിരസ്സിനേറ്റ ഭാരം വകവെയ്ക്കാതെ അവർ ശബ്ദം കേട്ടിടത്തേക്ക് പിൻതിരിഞ്ഞുനോക്കി.ലോട്ടറി വില്പ്പനക്കാരനായ ഒരന്ധനായിരുന്നു.തന്റെ കൈയ്യിൽ അവശേഷിക്കുന്ന ഒരേഒരു ടിക്കറ്റ് ആരുടെയെങ്കിലും കൈയ്യിലേൽപ്പിക്കാൻ പ്രയാസപ്പെടുന്ന അയാളോട് ജാനകിയമ്മയ്ക്ക് ഒരു പ്രത്യേകതരം മമത തോന്നി. തന്റെ മുണ്ടിന്റെ കോന്തലയ്ക്കകത്ത് തിരുകിവെച്ചിരുന്ന മുപ്പതുരൂപാനോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ കാഴ്ചനഷ്ട്ടപ്പെട്ട അയാളുടെ കണ്ണുകളിലെ ദീപ്തത അവർ ഏറെ നേരം ദർശിച്ചു.അന്നേരം മിനുട്ടുകൾക്കു മുൻപ് അവർ തന്റെ മുണ്ടിന്റെ കോന്തലയിൽ തിരുകിവെച്ചിരുന്ന മുപ്പതുരൂപാനോട്ടിന്റെ സ്ഥാനത്ത് ഒരു ലോട്ടറിടിക്കറ്റ് വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ പ്രതീകമായി ജാനകിയമ്മയുടെ ചൂടും വിയർപ്പുമേറ്റ് മയങ്ങിക്കിടക്കുകയായിരുന്നു..!


FacebookWhatsApp