രക്ഷകർത്താക്കളുടെ ശ്രദ്ധയ്ക്ക്

തങ്കം നായർ

ധാന്യങ്ങളും, പച്ചക്കറിയും, പാലും, പഴവും ശരീരവളർച്ചക്ക് എത്രമാത്രം ആവശ്യമാണോ അത്ര തന്നെ, ഒരു പക്ഷെ അതിലുപരി സ്നേഹം, വിശ്വാസം, ആശയവിനിമയം ഇവ മാനസീകവളർച്ചക്കും അത്യന്താപേക്ഷിതമാണ്.

വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ സ്നേഹപൂർവ്വം കുട്ടികളോട് നാം സംസാരിക്കണം, അവരെ ലാളിക്കണം, അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം, അവരുടെ ആംഗ്യവും ഭാഷയും മനസ്സിലാക്കി പ്രതികരിക്കാൻ സന്മനസ്സുണ്ടാകണം പ്രിയപ്പെട്ടവരുടെ സ്പർശനവും കുട്ടികൾക്ക് സുരക്ഷിതാബോധം നൽകുന്നു.

വളരുന്നതോടൊപ്പം പുതിയ കാര്യങ്ങളിൽ ജിജ്ഞാസ കുട്ടികളിൽ കാണുന്നു. ആ ജിജ്ഞാസയെ വളർച്ചയിൽ തന്നെ നുള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. വിനോദത്തിലൂടെ പലകാര്യങ്ങളും പഠിക്കുന്നത് അവരുടെ വ്യക്തിത്വം കെട്ടിപ്പടുക്കാൻ സഹായിക്കും. ജിജ്ഞാസയ്ക്കും പുറമെ ആത്മവിശ്വാസം, മത്സരബുദ്ധി ഇവയും അവർ സ്വായത്തമാക്കുന്നു ഇതൊക്കെ കെട്ടുറപ്പുള്ള അടിത്തറയായി രൂപം കൊള്ളുന്നു.

മുതിർന്നവരെ അനുകരിച്ചുള്ള ഭാവനാപരമായ കളികൾ അവരുടെ മാനസിക വളർച്ചക്ക് പോഷകാംശമായിത്തീരുവാൻ സഹായിക്കുന്നു.

അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യവും തീരുമാനങ്ങൾ സ്വയം പരീക്ഷിച്ചു നോക്കാനുള്ള അവസരവും അവരെ കൂടുതൽ ജാഗരൂകരാക്കുന്നു.

പാട്ടു പാടിയും കഥകൾ പറഞ്ഞും ഉറക്കെ വായിച്ചു കൊടുത്തും ചിത്രം വരപ്പിച്ചും അവരിൽ കുടികൊള്ളുന്ന വൈഭവങ്ങളെ പുറത്തു കൊണ്ടുവരാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മുതിർന്നവർക്കെന്ന പോലെ, ആരോഗ്യപരമായ മാനസിക വളർച്ചയ്ക്ക് കുട്ടികൾക്കും പ്രശംസയും അംഗീകാരവും ഒക്കെ പ്രചോദനം നൽകുന്നു. തെറ്റും ശരിയും മനസ്സിലാക്കാനുള്ള പ്രഥമ പാഠങ്ങളും രക്ഷിതാക്കളിൽ നിന്നുമാണ് കിട്ടുന്നത് . ചെറുപ്പകാലത്തു ശീലിച്ച ഏതു കാര്യങ്ങളും ജീവിതത്തിലുടനീളം പ്രതിഫലിക്കുന്ന കാര്യം നാം ഓർക്കണം.

കുട്ടികളിൽ കാണുന്ന ദേഷ്യവും, വാശിയും ഒകെ തന്നെ വളർച്ചയുടെ ഭാഗമാണെന്ന് സ്വയം അറിഞ്ഞിരിക്കണം. അച്ചടക്കത്തിനും അംഗീകാരത്തിലുമൊക്കെ നാം അല്പം കര്ശനമാണെങ്കിൽ ഇപ്പറഞ്ഞ വാശിയും ദേഷ്യവും കുറേക്കൂടിയൊക്കെ ഇല്ലാതാക്കാൻ കഴിയും

മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും അവരുടേതായ ചില പ്രശ്നങ്ങളും വിഷമതകളും ഉണ്ടാകുമെന്ന് നാം ഓർത്തിരിക്കണം. അതറിഞ്ഞു പെരുമാറാനും നമ്മിലുള്ള വിശ്വാസം ഉറപ്പു വരുത്താനും അവസരമുണ്ടാക്കാൻ ശ്രദ്ധിക്കണം.

കുട്ടികളുടെ മാനസികവളർച്ചയ്ക്ക് താഴെ പറയുന്ന കാര്യങ്ങൾ ഓർത്ത് പെരുമാറാൻ ശ്രദ്ധിക്കുക:

കുട്ടികളുടെ തെറ്റ് കണ്ടു പിടിച്ച് മറ്റുള്ളവരുടെ മുന്നിൽ ശകാരിക്കാതിരിക്കുക.
മറ്റു കുട്ടികളുമായി താര്യതമ്യപ്പെടുത്തി സംസാരിക്കുന്നതും ഹാനികരമാണ്.
കഠിന ശബ്ദങ്ങൾ, ചീത്തവാക്കുകൾ ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുട്ടികളെ അവഗണിക്കുന്നു എന്ന തോന്നലിന് ഇട കൊടുക്കാതിരിക്കുക.
അച്ഛനമ്മമാർ തമ്മിൽ വഴക്കു കൂടുന്നതും ശകാരവാക്കുകൾ ഉപയോഗിക്കുന്നതും വളരെയധികം ഹാനികരമാണ്.
എന്നും പ്രശംസ ചൊരിയുന്നതും എപ്പോഴും നിരുത്സാഹപ്പെടുത്തുന്നതും രണ്ടും വളരെയധികം ദോഷം ചെയ്യുന്നു.
അതിരു കടന്ന അച്ചടക്കം ഹാനികരമാണെന്നും. ശിക്ഷ അവസാന അടവായി ഉപയോഗിക്കണമെന്നും നാം ഓർക്കണം.

കുട്ടികളുടെ മാർഗ്ഗദർശിയായി, ഉറ്റ സ്നേഹിതരായി കഴിയാനായി അച്ഛനമ്മമാർക്ക് കഴിയണം നമ്മുടെ കുട്ടികളിലൂടെ നാം ഒരു രാഷ്ട്രം തന്നെ കെട്ടിപ്പടുക്കുകയാണെന്ന സത്യം നാം ഓർക്കണം.


FacebookWhatsApp