കത്തിലെ കുത്ത്

മനോജ്‌ കോട്ടാഞ്ചേരി

നമ്മുടെ നാട്ടിലെ എല്ലാവർക്കും പ്രിയങ്കരനായ പോസ്റ്റുമാൻ ആണ് ശ്രീമാൻ വേലായുധൻ.കത്തുകൾ വിതരണം ചെയ്യുന്നതിൽ നല്ല കൈപ്പുണ്യം ഉള്ള ആൾ. അയാളുടെ കൈകൊണ്ട് ഒരു അറിയിപ്പോ അല്ലെങ്കിൽ ഒരു ഇന്റർവ്യൂ കാർഡോ കിട്ടിയാൽ അതിന്റെ അന്തിമഫലം അതിന്റെ അവകാശികൾക്ക്‌ അത് അനുകൂലമായി ഭവിക്കും എന്നതാണ്.അയാളുടെ കൈകൊണ്ട് പാസ്സ്പോർട്ട് കൈപ്പറ്റിയ പലരും ഇന്ന് അംഗോളയിലും സൗത്താഫ്രിക്കയിലും എന്നു വേണ്ട ഗൾഫ്‌ രാജ്യങ്ങളിലെ പലയിടങ്ങളിലും ഉന്നതപദവി അലങ്കരിച്ചുവരികയാണ് . അയാളുടെ കൈകൊണ്ട് പി എസ് സി അറിയിപ്പ് കിട്ടിയ പലരും ഇന്ന് സർക്കാർ ഉദ്യോഗസ്ഥന്മാരാണ്. അക്കാലത്ത് ഏറ്റവും കൂടുതൽ കത്തുകൾ പ്രവഹിച്ചുകൊണ്ടിരുന്നത് നമ്മുടെ ഗ്രാമത്തിലേക്കായിരുന്നു. കാരണം ഗൾഫുകാർ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് ആ ഭാഗത്തായിരുന്നു. കത്തുകൾ ചാക്കുകണക്കിനു കൊണ്ടുവരുന്നത് കണ്ട്‌ കുട്ടിമാമനെ കണ്ട് ഞെട്ടിയ പോലെ ഞാൻ ഞെട്ടി ഒരു തവണയല്ല.. പലതവണ. ഞാൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം.പഠനം എന്നെ സംബന്ധിക്കുന്ന ഒരു വിഷയമേ അല്ലായിരുന്നു. അന്ന് എന്റെ പേരിൽ ഒരു കത്തു വരാൻ ഞാൻ പലതവണ ആഗ്രഹിച്ചു.വേലായുധാട്ടന്റെ കൈയ്യിൽ നിന്നും ഞാൻ നേരിട്ട് കത്തുവാങ്ങുന്നത് മഴയുള്ള രാത്രികളിലും മഴയില്ലാത്ത രാത്രികളിലും സ്വപ്നം കണ്ടു ഞാൻ കിടന്നുറങ്ങി. സ്വപ്‌നങ്ങൾ ഞാൻ കാണാൻ തുടങ്ങുന്നതും അന്നുമുതലായിരുന്നു.

വർഷം ഒന്നു കഴിഞ്ഞു. കത്തുകളും വേലായുധേട്ടനെയും ഞാൻ മറന്നു കഴിഞ്ഞിരുന്നു.അങ്ങനെയിരിക്കെയാണ് കർക്കിടകത്തിലെ കോരിചൊരിയുന്ന ഒരു പെരുമഴയത്ത് മുക്കാൽ ഭാഗവും നനഞ്ഞ ഒരു ബാഗും കക്ഷത്തേറ്റി സാക്ഷാൽ സുബ്രഹ്മണ്യൻ-വേലായുധൻ വീട്ടിലേക്കു ആഗതനായത് . ഒരു ഞരക്കത്തോടെ ബാഗിന്റെ സിബ് തുറന്ന് അടുക്കിവെച്ചിരിക്കുന്ന നൂറുകണക്കിന് കത്തുകളിൽ നിന്നും ഒരു കത്തെടുത്തു അയാൾ എന്റെ നേർക്ക്‌ നീട്ടി. കൈകൂപ്പി ഞാനത് ഏറ്റുവാങ്ങി ശരവേഗത്തിൽ പൊട്ടിച്ചു വായിച്ചു. “ഏട്ടാ ഈ എഴുത്ത് സ്വീകരിച്ചാലും.. എഴുത്തുകൾ ഒരുപാട് ഇഷ്ട്ടമുള്ള ഏട്ടന് ഇതും ഇഷ്ട്ടമാകും “.എന്നോടുള്ള പ്രണയം മനസ്സിൽ ഒളിപ്പിച്ചുകൊണ്ടുനടന്ന ഏതോ ഒരു പെൺകുട്ടിയുടെ സ്നേഹം തുളുമ്പുന്ന വരികൾ സ്വായത്തമാക്കി ഞാൻ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു.


വർഷം ഒന്നു കഴിഞ്ഞപ്പോഴാണ് അനിയത്തിയാണ് പഴയ എഴുത്തിന്റെ അവകാശിയെന്നു വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു ലഘുലേഖ എന്റെ മുന്നിലേക്കിട്ടത്. അതുവരെയും ഞാൻ കണ്ട നിരവധി സ്വപ്‌നങ്ങൾ ഒരൊറ്റ നിമിഷം കൊണ്ട് കത്തിയമർന്നു.


FacebookWhatsApp