തെരുവുകളിൽ
കത്തിക്കരിഞ്ഞ പെൺപ്രേതങ്ങൾ
അലറി വിളിച്ച്
പരക്കം പായുമ്പോൾ,
പാതയോരങ്ങളിൽ
ഉടു തുണിയില്ലാ പെണ്ണുടലുകൾ
ചോരയിൽ മുങ്ങി പിടയുമ്പോൾ,
നൊന്തു പെറ്റ പെൺകുഞ്ഞിനെ
രക്തദാഹികൾക്കു മുന്നിൽ
മാനം കാക്കാൻ
അഗ്നി കൊളുത്തുമ്പോൾ,
കിടപ്പറയിൽ ഭർത്തൃ മേലങ്കിക്കുള്ളിലെ
കൊടിയ വിഷപ്പാമ്പിൻ്റെ
ദംശനമേറ്റു പിടയുമ്പോൾ,
പെണ്ണിരകൾക്കു മുന്നിൽ,
കറുത്ത വിഷപ്പുകയിലിരുണ്ട വാനവും
നിരാലംബരുടെ രക്തത്തിൽ കുതിർന്ന ഭൂമിയും
വിറങ്ങലിച്ചുനില്ക്കെ,
പകച്ചു നില്ക്കുന്ന കാലമേ,
നിശ്ചേതനരീ കാണികൾ ഞങ്ങൾ
എന്തു ചെയ്യും…..?