കൊറോണയുടെ ഇരുൾ –
പുതപ്പിനുള്ളിൽ
ലോകം മൂടിപ്പുതച്ചുറങ്ങുമ്പോൾ
വിതുമ്പിക്കരഞ്ഞ കൊച്ചു മിടുക്കിക്ക്
ഇത്തിരി വെട്ടമായി
ക്ലാസ്സ് ടീച്ചറിൻ്റെ
സമ്മാനമൊബൈൽ!
പിഞ്ഞിയ തുണി സഞ്ചിയുമായ് റേഷൻ കടയിലെ ക്യൂവിൽ
ചങ്ങലയ്ക്കിട്ട അമ്മയെ കാത്ത്
അലുമിനിക്കലത്തിൽ
തിളച്ചുമറിയുന്ന വെള്ളമിറക്കി വച്ചവൾ
ആദ്യത്തെ ഓൺലൈൻ ക്ലാസ്സിൻ്റെ
ത്രില്ലിൽ നെഞ്ചു പിടച്ചു മൊബൈൽ തപ്പുമ്പോൾ
കാണാമറയത്തെവിടെയോ
അപ്രത്യക്ഷനായ കഥാനായകൻ
ഗൃഹനാഥൻ്റെ കസ്റ്റഡിയിൽ
ബിവറേജസ് ക്യൂവിലായിരുന്നു …..
സഞ്ചിത്തുളയിലുടെ കണ്ണീർക്കണം പോലെ
ചിതറിത്തെറിക്കുന്ന അരിമണികളെ
മാറോടടുക്കി കിതച്ചു പിടിച്ച്
അമ്മ തിരിച്ചെത്തുമ്പോൾ
ഇരുട്ടുമുറിയിൽ പെൺകുട്ടി
‘പരിധിയ്ക്കു പുറത്തു് ‘
നിശ്ചലയായിരുന്നു …….