സംഭവാമി യുഗേ യുഗേ

രാജേഷ് കുമാർ കെ.എൻ

ചുരികത്തലപ്പുകൾ മൂർച്ച കൂട്ടി
ചെമ്പൊന്നിൻ ചേലാക്കി പൊന്നുടവാൾ.
ആനയും കാലാൾ കുതിരയുമായ്
അക്ഷൗഹിണിപ്പട പോരിനെത്തി.

കലികാലജന്മമാം വൈറസായി
കൊത്തിവിഴുങ്ങാനായാർത്തു കൊണ്ട്
മേഥിനിയാകെ ചവിട്ടിക്കുഴച്ചവർ
നൃത്തമാടി മന്നിൽ മൃതവുമായി.

ഓരോ യുഗത്തിലുമോരോരോ ജന്മങ്ങൾ
ആസുരവിത്തായ് പിറന്നിടുന്നു.
പ്രഥ്വിയിൽ ശാന്തി തെളിയുവാനന്നേരം
നാരായണന്മാർ അവതരിപ്പൂ.

കൃഷ്ണനായ് ക്രിസ്തുവായ് മുഹമ്മദായി
ഓരോരോ പേരുകൾ രൂപങ്ങളിൽ
ശത്രുസംഹാരത്തിൻ തേർതെളിച്ച്
ഭൂവിതിൽ ശാന്തിതൻ തിരി തെളിച്ചു.

കണ്ണുനീരൊപ്പുന്ന മാലാഖയായ്,
നാടിനെ കാക്കുന്ന കാവലാളായ്,
കീറിമുറിക്കും ഭിഷഗ്വരനായ്,
പോർമുഖം കാക്കാനായ് വന്നണഞ്ഞു.

നീതിസാരത്തിൻ കണികയില്ല,
ഉദയാസ്തമയങ്ങൾ നോക്കിയില്ല,
കള്ളത്തരങ്ങൾ തൻ പത്മവ്യൂഹം –
ചമച്ചെയ്യുന്നു കണ്ഠങ്ങൾ ലക്ഷ്യമാക്കി.

ദൈവമൊഴിഞ്ഞൊരു ദേവാലയം
ശാന്തി സന്ദേശങ്ങൾ തൻ ഗേഹമായി.
പുഷ്പവൃഷ്ടിക്കായ് നിരന്നു നിന്നു
ദേവന്മാരൊക്കെയും വാന മധ്യേ :

ശത്രുസംഹാരത്തിൽ ദിഗ്വിജയം കണ്ടു
മാനവനന്മ തൻ കാഹളവും പാടി
ധർമ്മസംസ്ഥാപനത്തിനായിയെന്നും
മുഴങ്ങുന്നു മറ്റൊലി സംഭവാമി യുഗേ യുഗേ.


FacebookWhatsApp