പുഴയൊഴുകുമ്പോൾ

രാജേഷ് കുമാർ കെ.എൻ

സഹ്യഹിമാലയസാനുക്കൾ സാക്ഷിയായ്
സ്വഛയായ് ശാന്തയായ് കുളിരലയായ്.
കരയെ പുണർന്നും കരതലം സ്പർശിച്ചും
നാടൻ നവോഢയായ് നീ കുണുങ്ങി.

അമ്മയായ് പുത്രിയായെൻ സഖിയായ്
പല നാടൻ ശീലുകൾ പാടിക്കൊണ്ട്
നാട്യങ്ങൾ കാപട്യമെന്തെന്നറിയാതെ
ജീവന്നമൃതമായ് ചുണ്ടിലെന്നും.

പലപല പേരുകൾ പല ഭാവഭേദങ്ങൾ
പദം പറഞ്ഞാടി നീ പാൽ നുരയായ്.
സിന്ധുവായ് ഗംഗയായ് പമ്പയായ് യമുനയായ്
സുന്ദരീ തരുണിയായ് ഹൃത്തതിങ്കൽ.

ബദ്ധശത്രുക്കളായ് മണ്ണിലെ മാനവർ
നിൻ കണ്ഠനാളം മുറുക്കിടുമ്പോൾ
എല്ലാം സഹിച്ചു നീ കണ്ണുനീർ വാർക്കുന്നു
പരിതാപകർമ്മങ്ങൾ കാട്ടിടാതെ.

ഒരു നാളിൽ നിന്നിലെ ശ്വാസം നിലച്ചെന്നാൽ
നിന്നിലെ നിന്നെ അറിയുന്ന വേളയിൽ
ആകാശഗംഗയെ ഭൂമീലൊഴുക്കുവാൻ
ഇല്ല, പിറക്കില്ല ഭഗീരഥന്മാർ.


FacebookWhatsApp