ഓർമ്മ തൻ ഭാണ്ഡമതിങ്കൽ നിന്ന്
ക്ലാവു പിടിച്ചൊരാ താളിയോല
ചഞ്ചലചിത്തയായ് ചാരെയായി
മനതാരിൻ സാക്ഷ തുറന്നു വന്നു.
വർണ്ണമനോജ്ഞമാം ഭൂതകാലത്തിൻ്റെ
ഒരു പരിഛേദമായ് സാക്ഷിയായി
വടക്കിനിത്തിണ്ണയിൽ മച്ചകക്കോണിലായ്
ഇളകിയാടും പാഴ് നൂൽപാവുപോലെ.
കൂട്ടിക്കിഴിച്ചും ഹരിച്ചും ഗുണിച്ചും
ഒരു നാളിൽ ഒരു പെരുന്തച്ചനായി
തച്ചുശാസ്ത്രത്തിൽ പ്രവീണനായി –
അന്നു ഞാൻ തീർത്തൊരാ രമ്യഹർമ്മം.
വഴിതെറ്റി വന്നവർ ഓർത്തില്ലൊരു നാളും
ഇല്ല, മടക്കമില്ലെന്ന തത്വം.
ട്രിപ്പിസിലാടുന്നൊരഭ്യാസി പോലെയായ്
ഇരയാക്കി മാറ്റി കബന്ധമാക്കി.
കർമ്മദോഷത്തിന്നനാഥത്വവും പേറി
കാലമാം ചക്രമുരുളുന്ന വീഥിയിൽ
ഭൂതകാലത്തിരുശേഷിപ്പുകൾ മാത്രം
ആട്ടം തുടരുന്നു മാറാലയായ്.