കുട്ടികൾ, രോഗങ്ങൾ, പിന്നെ എളുപ്പം ലഭിക്കാവുന്ന ഔഷധങ്ങളും

Thankam Nair

ഒരു ശിശു വളരുന്നത് പൂമൊട്ട് വിരിയും പോലെയാണ്. വളർച്ചക്ക് വേണ്ട വായുവും വെള്ളവും വെളിച്ചവും കൊടുക്കാനേ ചുറ്റുമുള്ളവർക്കാവൂ. വിരിയേണ്ടത് തനിയെയാണ്. വിരിയിക്കാൻ ശ്രമിച്ചാൽ അത് വാടിപോകുമെന്നോർക്കുക.

കുട്ടികളിൽ സാധാരണ കാണാറുള്ള ചില അസുഖങ്ങളും അവ വരാതിരിക്കാൻ നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളും.

1. വിളർച്ച: 6 മാസത്തിനും 6 വയസ്സിനുമിടയിൽ ഹീമോഗ്ലോബിന്റെ അളവ് 11 ഗ്രാമിൽ കുറവും, 6 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 12 ഗ്രാമിൽ കുറവായിരിക്കുന്നതും വിളർച്ചയെ  സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഏകദേശം 50 % കുട്ടികളും വിളർച്ചയുള്ളവരാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇരുമ്പിന്റെ അംശം കൂടുതലുള്ള ആഹാരം സ്ഥിരമായി കഴിക്കണം. പഴച്ചാറുകൾ, ഇലക്കറികൾ – പ്രത്യേകിച്ചും ചീര, മുരിങ്ങയില ഇവ ഇരുമ്പിന്റെ ആഗിരണം ത്വരിതപ്പെടുത്തുന്നു. ചായയിലും കാപ്പിയിലും അടങ്ങിയ റ്റാനിക് ആസിഡ് ഇരുമ്പിന്റെ ആഗിരണം കുറക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പുതിയിന ഇല ചവച്ചുതിന്നുകയോ പച്ചക്കറി സാലഡിന് മുകളിൽ വിളമ്പിയോ കഴിക്കുന്നത് വിളർച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ്  നമ്മുടെ വീട്ടിൽ ചട്ടിയിൽ നട്ടുതന്നെ തളച്ചുവളർത്താവുന്ന ചെടിയാണ് പുതിയിന.

2. പനി: വൈറസുകൾ, ബാക്റ്റീരിയകൾ, ഫംഗസുകൾ, ചില മരുന്നുകൾ, അപകടങ്ങൾ തുടങ്ങിയ കാരണങ്ങളാൽ പനിയുണ്ടാകാം, ഇളം ചൂട് വെള്ളത്തിൽ ടവ്വൽ മുക്കി ദേഹം തുടക്കണം വയറ്റത്തും നെറ്റിയിലും നല്ല   പനിയുളളപ്പോൾ നനച്ചിടുക. ആഹാരത്തിൽ പുളി,  എരുവ്, കൂടുതൽ ഉപ്പ് എണ്ണ എന്നിവ പൂർണ്ണമായും പനിയുളളപ്പോൾ ഒഴിവാക്കണം. ശോധനക്കായി വെള്ളം ചേർത്ത് കാച്ചിയ പാലിൽ ബ്രഹ്മിനീര് ചേർത്ത് കൊടുക്കാം.
ഓർമ്മ ശക്തി കൂട്ടാനും  ബ്രഹ്മിനീര്  ഉത്തമമാണെന്നോർക്കുക.

3. ജലദോഷം, ചുമ: കാലാവസ്ഥ .വ്യതിയാനം, അലെർജി മുതലായ കാരണങ്ങളാലാണ് മുഖ്യമായും ജലദോഷം, ചുമ ഉണ്ടാക്കുന്നത്. ഇഞ്ചിനീരും തേനും ചേർത്ത് ഇടക്കിടെ കുട്ടികൾക്ക് കൊടുക്കാം. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ കൊടുക്കുന്നതും ഗുണം ചെയ്യും. തുളസി ഇല ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളംകൊതുക്. കൊടുക്കുന്നതും ഗുണം ചെയ്യും.

4. നേത്രരോഗം: ജീവകം ‘എ’  യുടെ കുറവ് നേത്രരോഗത്തിന് കാരണമാകും. തുടർച്ചയായി ടെലിവിഷൻ നോക്കുന്നതും, കമ്പ്യൂട്ടർ ഉപയോഗവും കാഴ്ച ശക്തിയെ ബാധിക്കുന്നു. ഇടക്ക് എഴുന്നേറ്റ് കണ്ണിനെ മോണിറ്ററിൽ നിന്നും മാറ്റി പച്ചച്ചെടികളും പൂക്കളും നോക്കി കണ്ണിന് കുളിർമ നൽകുക. കാലത്ത് ഉറക്കമുണർന്ന ഉടനെ കവിളിൽ വെള്ളം ഉൾക്കൊണ്ടുകൊണ്ട്, തണുത്ത വെള്ളത്തിൽ മുഖം കഴുകണം. കാലടികൾ വൃത്തിയായി സൂക്ഷിക്കുന്നതും നേത്ര രോഗങ്ങളെ തടയും.
ഇളനീർ, കാരറ്റ്, മുരിങ്ങയില, ചീര, മുളപ്പിച്ച പയർ, തവിടു കളയാത്ത ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്, പഴങ്ങൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
പുളിച്ച തൈര്, വാളൻ പുളി, അച്ചാർ ഇവ കണ്ണിന് ദോഷം ചെയ്യുന്നു. കിടന്നുകൊണ്ട് ടി വി കാണുകയോ, യാത്രയിൽ വായിക്കുകയോ ചെയ്യാതിരിക്കുക.

5. അലർജി: രാസവസ്തുക്കൾ, ചെറിയ പ്രാണികൾ, പൂമ്പൊടി, പൊടിപടലം, ചില ആഹാര സാധനങ്ങൾ ഇവയാണ് അലർജിക്ക് പ്രധാന കാരണങ്ങൾ.
വ്യായാമക്കുറവ് അലർജിക്ക് കാരണമാകുന്നു.. തൊലിക്ക് പുറത്തുണ്ടാക്കുന്ന അലർജിക്ക് വേപ്പിലയും പച്ച മഞ്ഞളും കൂടി അരച്ചത് തേച്ചാൽ ഗുണം ചെയ്യും. തുളസി ഇലയുടെ നീരും പുരട്ടാം.

6. പൊണ്ണത്തടി: മുതിർന്നവരിലെന്നപോലെ കുട്ടികളിലും പൊണ്ണത്തടി രോഗം തന്നെയാണ്. അമിത ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ആഹാര സാധങ്ങൾ കൂടുതൽ കൊഴുപ്പ്, ഫാസ്റ്റ് ഫുഡ് (പിസ്സ, കോള, ബേക്കറി ഐറ്റംസ് മുതലായവ ) ഇവയുടെ  ശീലം  കുട്ടികളിൽ ഉണ്ടാവാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
പച്ചക്കറികൾ, പഴങ്ങൾ , മുളപ്പിച്ച പയർ, കടല, കുമ്പളങ്ങ, വാഴപ്പിണ്ടി മുതലായവ നമ്മുടെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. കുട്ടികളുടെ ഭക്ഷണത്തിലും ഇവ ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

7. ദഹനക്കുറവ്: ഇഞ്ചിനീരിൽ ശർക്കര ചേർത്ത് കൊടുക്കാം.

8. ഛർദി: ചുക്കിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കൊടുക്കുക, മലർത്തി വളരെ ഉത്തമമാണ്.

9. വയറിളക്കം: സൂക്ഷിച്ചില്ലെങ്കിൽ വളരെ മാരകമായി സംഭവിക്കാവുന്ന രോഗം തന്നെയാണിത്.
തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസ് വെള്ളത്തിന് ഒരു ടീ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് ഇടക്കിടെ കൊടുക്കണം.
ആവിയിൽ വേവിച്ചു കഴിക്കുന്ന ആഹാരങ്ങളാണ് ആരോഗ്യത്തിന് അത്യുത്തമം.

എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന, നമ്മുടെ അടുക്കളയിൽ, തൊടിയിൽ തന്നെ ലഭ്യമായ മറ്റ് ഔഷധങ്ങൾ

1. പെരുംജീരകം: വയറ്റിലുള്ള ഗ്യാസ് നീക്കം ചെയ്യാൻ പേരുംജീരകത്തിന് കഴിയും. തിമിരത്തിനും പേരുംജീരകം ഉത്തമമാണ്. പെരുംജീരകം കൂടുതൽ വേവിക്കരുത്.

2. കായം: കലോറി -297 കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് ഇവ അടങ്ങിയിരിക്കുന്നു.
വായുരോഗം, ശ്വാസതടസ്സം, ചുമ ഇത്തരം അസുഖങ്ങൾക്ക് കായം നല്ലതാണ്. വിര ശല്യത്താൽ കുട്ടികളിലുണ്ടാകുന്ന വയറുവേദനക്ക് കായം ചാലിച്ച് പൊക്കിളിന് ചുറ്റും പുരട്ടുക.
കായം, തേൻ, വെറ്റിലനീര്, ഇളനീര് ഇവ ചേർത്ത് കഴിച്ചാൽ ശ്വാസതടസ്സത്തിന് ശമനം കിട്ടും. പല്ലുവേദനക്കും കായം നല്ല ഔഷധമാണ്.

3. കൂവളം: (Fbre. 31.8%) വിറ്റാമിൻ ‘സി’, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് ഇവ കൂവളത്തിൽ അടങ്ങിയിരിക്കുന്നു. കൂവളവേര്, ഇല, തൊലി, കായ എല്ലാം ഔഷധമാണ്.
പഴുത്ത് തുടങ്ങുമ്പോൾ തന്നെ ഫലം ഉപയോഗിക്കണം. ദഹനത്തിനും, ശോധനക്കും അത്യുത്തമമാണിത്.
അൾസർ രോഗത്തിന് കൂവള ഇല നല്ല ഔഷധമാണ്. തലേന്ന് വെള്ളത്തിൽ ഇട്ട് വെച്ച ഇല, .പിറ്റേന്ന് പിഴിഞ്ഞെടുത്ത് ആ വെള്ളം കുടിക്കുക. കൂവള പഴം തുടർച്ചയായോ, കൂടുതലോ ഉപയോഗിക്കരുത്.

4. അരയാൽ: ഇളം തളിരുകൾ രക്തസ്രാവം തടയാൻ സഹായിക്കുന്നു. വയറിളക്കത്തിന് തളിരില വെള്ളത്തിലിട്ട് പിഴിഞ്ഞ് ഔഷധമായി ഉപയോഗിക്കാം. വാതത്തിന്നും വേദനക്കും അരയാലിന്റെ പാൽ അത്യുത്തമമാണ്.

5. വെറ്റില: മുറിവുണങ്ങാൻ അത്യുത്തമം. മൂത്ര തടസ്സമുള്ളവർ വെള്ളം ചേർത്ത പാലിൽ വെറ്റിലനീര് ചേർത്ത് കഴിക്കുക.
വെറ്റില നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് നല്ല ഒരു ടോണിക്കിന്റെ ഗുണം ചെയ്യും.

6. ഏലക്കായ: നെഞ്ചിരിച്ചൽ ഇല്ലാതാക്കുന്നു. വായക്ക് രൂചിയും, സുഗന്ധവുമുണ്ടാക്കുന്നു. Depression ഇല്ലാതാക്കാൻ സഹായിക്കുന്നു.

7. കൊന്ന: കൊന്നയുടെ വേര്, തൊലി, ഇല, പൂവ്, കായ ഒക്കെ ഔഷധമാണ്. മല ബന്ധമുള്ളവർക്ക് ശോധനക്കായി ഫലത്തിനുള്ളിലെ പൾപ്പ് കഴിക്കാവുന്നതാണ്. ഇത് ഗർഭിണികൾക്കും കുട്ടികൾക്കും കൂടി സൂരക്ഷിതമാണ്.
ത്വക്ക് രോഗത്തിന് കൊന്നയില അരച്ചുപുരട്ടുക. നീരും വേദനയും ഇല്ലാതാക്കുന്നു.
ആദിവാസികൽ കൊന്നപൂക്കൾ കൊണ്ട് കറിയുണ്ടാകാറുണ്ട്.

തൊട്ടാവാടി, മൂക്കുറ്റി, തുമ്പ തുടങ്ങി അനേകം ചെടികൾ നമ്മുടെ വളപ്പിൽ മഴക്കാലത്ത് ധാരാളം വളരുന്നു.

രാസവസ്തുക്കൾ ചേർത്ത് ഉണ്ടാക്കിയ മരുന്നുകൾ കഴിച്ച് മറ്റ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഒരു ശീലമാണ് നമ്മുക്കുളത്.

ആരോഗ്യത്തിന് സസ്യാഹാരം തന്നെ അത്യുത്തമം.

ഭാരത സംസ്കാരത്തിന്റെ അടിത്തറ ആരോഗ്യത്തിനും, അറിവിനും ഊന്നൽ കൊടുത്തിട്ടുള്ളതാണ്. ശാരീരിക ആരോഗ്യം മനസ്സിന്റെ ആരോഗ്യം പ്രദാനം ചെയ്യുന്നു.

ഏതൊരു രാജ്യത്തിന്റെയും സമ്പത്ത്, ആരോഗ്യമുള്ള ബുദ്ധിയുള്ള ജനതയാണെന്നോർക്കുക.

ജയ് ഹിന്ദ്


FacebookWhatsApp