അല്പം ചിന്തിക്കാം

Thankam Nair

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമാണ് അതുകഴിഞ്ഞ് വിദ്യാഭ്യാസത്തിനു കൂടി സ്ഥാനമുള്ളു എന്ന അഭിപ്രായമാണെനിക്കുള്ളത്

നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും, അതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഒരു “ചുറുചുറുക്കില്ലായ്മയുമാണ് നാം പ്രധാനമായും ചിന്തിക്കേണ്ടത്. ജനസംഖ്യ പല രാജ്യങ്ങൾക്കും ഒരനുഗ്രഹമാണെങ്കിൽ, നമ്മുടെ രാജ്യത്തിന് ഒരു ശാപമായിത്തീർന്നതിന്റെ കാരണവും ഈ ആരോഗ്യമില്ലായ്മയും വിദ്യഭ്യാസമില്ലായ്മയുമാണെന്ന് നാം മനസ്സിലാക്കണം.

“വളരെ smart ആയ കുട്ടി” എന്ന പല്ലവി പല കുട്ടികളെക്കുറിച്ചും നാം കേൾക്കാറുണ്ടല്ലൊ. എന്താണീ ‘smartness’ കൊണ്ടുദ്ദേശിക്കുന്നത്? ചുറുചുറുക്കോടെയുള്ള നടത്തം, പക്വതയും വ്യക്തവുമായ സംസാരം, മിനുങ്ങുന്ന കവിൾത്തടങ്ങൾ, ജീവനുള്ള കുസൃതി കണ്ണുകൾ.

നമ്മുടെ  ഇടയിൽ ഈ മേൽപ്പറഞ്ഞ ഗുണങ്ങളുള്ള കുട്ടികൾ വളരെ കുറവാണെന്ന് വേണം പറയാൻ അൽപം കിണഞ്ഞു ശ്രമിച്ചാൽ, ചെലവധികം കൂടാതെ തന്നെ ഈ കാര്യം നേടിയെടുക്കാവുന്നതാണ്.

നാം കഴിക്കുന്ന ആഹാരം വേണ്ടത്ര പോഷകാംശങ്ങൾ  അടങ്ങിയതാണോ? ഇവിടെ പഠിക്കുന്ന കുട്ടികളുടെ ശാരീരിക മാന്ദ്യതയെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ച പല രക്ഷിതാക്കളുടെ സംസാരത്തിൽനിന്നും മനസ്സിലായത് നമ്മുടെ കുട്ടികളുടെ പച്ചക്കറിയോടുള്ള അവഗണനയാണ്. അൽപ്പം സാമ്പാറിന്റെ ചാറും പപ്പടവും ചോറുമാണ് മിക്ക കുട്ടികളും സാധാരണ കഴിക്കാറ്. അതുമല്ലെങ്കിൽ ചപ്പാത്തിയും പഞ്ചസാരയും അല്ലെങ്കിൽ ജാം, അതുമല്ലെങ്കിൽ അച്ചാർ, വടക്കേ ഇന്ത്യക്കാരെ പോലെ പച്ചക്കറികൾ നാം കഴിച്ചെ ഒക്കൂ. പച്ചയായി തിന്നാവുന്ന പച്ചക്കറി സാലഡായോ, അൽപ്പം വേവിച്ച് സൂപ്പാക്കിയോ കുട്ടികളുടെ മനം കവരുന്ന തരത്തിൽ മുന്നിൽ നിരത്തണം. ഒരു പുതുമ നമ്മെക്കാളേറെ കുട്ടികളിൽ ഉത്സാഹം ജനിപ്പിക്കും. ഇലവർഗങ്ങൾ, കാബേജ്‌, കാരറ്റ് തുടങ്ങിയവ നമ്മുടെ  ഭക്ഷണത്തിൽ അത്യാവശ്യമായ അംഗമായിതീർക്കു, ജാം, പഞ്ചസാര ഇവ കൂടുതൽ കഴിക്കുന്ന കുട്ടിക്ക് പല്ലിന്റെ ആരോഗ്യം കൂടി നഷ്ട്ടപെടുന്നുണ്ടെന്ന് ഓർക്കുക.

കുട്ടികളെ അരമണിക്കൂരെങ്കിലും ഓടിച്ചാടിക്കളിക്കാൻ വിടുന്ന ഏർപ്പാട് നമ്മുടെ പല കുടുംബങ്ങളിലും ഇല്ലെന്നുവേണം പറയാൻ. ഒന്നുകിൽ അസൗകര്യം അല്ലെങ്കിൽ പെൺകുട്ടിയായത്. അതുമല്ലെങ്കിൽ കുത്തിയിരുന്നു പഠിക്കാനുള്ള നിർബന്ധം. രണ്ടും അതിലധികവും അവധിയാണെന്നറിയുന്ന കുട്ടികൾ ക്ലാസ്സിൽ മുഖം വീർപ്പിച്ച് നിസ്സഹായത തുളുമ്പുന്ന കണ്ണുകളുമായി ടീച്ചർ ക്ലാസ് വെക്കാമോ എന്ന് പലപ്പോഴും ചോദിക്കാറുള്ളതിന്റെ കാരണവും ഇതുതന്നെ.

വികൃതി കാണിക്കുമ്പോൾ പല രക്ഷിതാക്കളും പറയുന്ന പല്ലവിയാണ് “നീ പോയി പേടിച്ചാട്ടെ” എന്ന്. നാമറിയാതെ, പഠിക്കുക എന്നത് ഒരു ശിക്ഷയായി കൊടുക്കുകയാണ് ചെയ്യുന്നത്. സംശയങ്ങൾ ചോദിച്ചാൽ “മിണ്ടാതെ പോ , എനിക്കിപ്പോ സമയമില്ലെന്നു കുഞ്ഞുങ്ങളിൽ മുളച്ചു വരുന്ന ജിജ്ഞാസ നാം കരുത്തോടെ പിഴുതെറിയുകയല്ലെ ചെയ്യുന്നത്?

വിദ്യാഭ്യാസം കൊണ്ട് നാം ഉദ്ദേശിക്കുന്നത് ഒരു വ്യക്തിത്വം കെട്ടിപ്പെടുത്തലാണ്. പിതാവിന്റെ വ്യക്തിത്വം വിദ്യാഭ്യാസം പെരുമാറ്റരീതിയും, കുഞ്ഞുങ്ങളെ വളരെ   സ്വാധിനിക്കുന്നുണ്ട് എന്നതാണ് ഞാൻ കുട്ടികളെ പഠിച്ചതിൽ നിന്നും മനസിലാക്കുന്നത്.

സ്നേഹവും വിശ്വാസവുള്ള കുടുംബാന്തരീക്ഷത്തിനു വളരുന്ന കുട്ടി തീർച്ചയായും സ്വാഭാവത്തിലും പഠനത്തിലും ഉന്നമനം കാണിക്കുകതന്നെ ചെയ്യും. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കും അടിയും ആയുധമാക്കിയെടുക്കുന്ന രക്ഷിതാക്കളെ ഒരുതരം ഭയത്തോടെ, സംശയത്തോടെ കുട്ടികൾ കാണുന്നു. അടികിട്ടുമെന്ന പേടിയിൽ പലകള്ളത്തരങ്ങളും കാണിക്കാനും മുതിരുകയാണ് ചെയ്യുന്നത്.

ശരീരകമായും മാനസീകമായും ഇന്നത്തെ സമ്പ്രദായം ഗുണത്തിലെറെ ദോഷമാണു ചെയ്യുന്നത്. ഒന്നോ രണ്ടോ വിദ്യാലയങ്ങൾക്ക് ഇതിനൊരു പോംവഴിയും കാണാൻ പറ്റില്ലല്ലോ, ഭാരമുള്ള ഒരു കേട്ട് പുസ്തകം കുട്ടിയുടെ ശരീരപ്രകൃതിയെ തന്നെ അലങ്കോലപ്പെടുത്തുന്നു. ഹോം വർക്കും വായനയും, ടെലിവിഷനും കണ്ണിനും ദേഹത്തിനും തന്നെ താങ്ങാനാവുന്നതല്ലാതാവുകയാണ്. ഇതു കൂടാതെ വായു മലിനീകരണം, അശുദ്ധമായ വെള്ളം, ശബ്‌ദ കോലാഹലം തുടങ്ങിയ ഉപാധികൾ നമ്മുടെ ശരീരത്തെ എന്നും അറ്റകുറ്റ പണികൾ വേണ്ടിവരുന്ന ഒരു യന്ത്രമായി മറ്റുകയാണ്.

രക്ഷിതാക്കൾ രണ്ടുപേരും ജോലിക്കു പോകുന്ന കുടുംബങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളെ കുടെയിരുത്തി സ്നേഹപൂർവ്വം രണ്ടുവാക്കു പറയാനോ, അവരുടെ കൊച്ചു കൊച്ചുരസങ്ങളിൽ പങ്കുചേരാനോ ആർക്കും സമയമോ ക്ഷമയോ ഇല്ല. വൈകിട്ട് വന്നുകഴിഞ്ഞാൽ മാർക്കറ്റിൽ പോക്കും ഭക്ഷണം ഉണ്ടാക്കാലും തുടങ്ങിയ വെപ്രാളത്തിൽ രക്ഷിതാക്കളുടെ മാനസീക സ്ഥിതിയും ഊഹിക്കാവുന്നതെയുള്ളു. ഇതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന അമ്മമാർ കുട്ടികളെ സ്നേഹിക്കാൻ സമയം കണ്ടെത്തുന്നില്ല എന്നോ, ജോലിക്ക് പോകാത്ത അമ്മമാർ മക്കളെ നന്നായി വളർത്തുന്നു എന്നോ അല്ല, ധാരാളം സമയവും സൗകര്യവുമുള്ള പല അമ്മമാരും കുട്ടികളുടെ പഠിപ്പിക്കലോ, സ്വഭാവ നിരൂപണത്തിലോ യാതൊന്നും ചെയ്യാതിരിക്കുന്നവരുമുണ്ട്. നാം പറയുന്ന വാക്കിന് ദൃഡതയും വിലയും വേണം. ശാണ്ഠ്യം പിടിച്ചു കരഞ്ഞാൽ കാര്യം സാധിപ്പിച്ചു കൊടുക്കുമെന്ന ഒരു ദുർബ്ബലത നമ്മിലുണ്ടാവരുത്.

എപ്പോഴും കുറ്റം കണ്ടുപ്പിടിക്കാനല്ല തെറ്റ് തിരത്തിക്കൊടുക്കാനാണ് നാം ശ്രമിക്കേണ്ടത്. രക്ഷിതാക്കളെപ്പോലെ, അദ്ധ്യാപകരും ഒരു മാതൃകയാകാൻ ശ്രമിക്കണം. ധാരാളം വായിക്കുകയും കുട്ടികൾക്ക് വായിക്കാനുള്ള ഒരു പ്രവണത ഉണ്ടാക്കുകയും വേണം, പാഠപുസ്തകങ്ങളിൽ മാത്രം ഒരുങ്ങിയിരിക്കുനതല്ല അദ്ധ്യാപനം, നല്ല കാര്യങ്ങൾ പറയുകയും പല കാര്യങ്ങളും ചർച്ചചെയ്യുകയും വേണം.


FacebookWhatsApp