കൺമണിയായി പിറന്നൊരെന്നിൽ
ഉൺമയറിഞ്ഞു വളർത്തിയമ്മ.
അംഗോപാംഗക്ഷതമെന്നിലേൽക്കാതെ
ചിപ്പിയിൽ മുത്തായി കാത്തതമ്മ.
നല്ല വാക്കോതിയെൻ കർണ്ണപുടങ്ങളിൽ
നമ്മതൻ ഈണം നിറച്ച തമ്മ.
നല്ല ചിന്തകൾ ഏകിയെൻ മാനസം
നയനമനോഹരം തീർത്ത തമ്മ.
ഋജുകനാവണം ജീവിതപ്പാതയിൽ നീ
എന്നുരുവിട്ട് കാലമായെപ്പോഴും
അഴലിൻ്റെ കൂരിരുൾ ചാരത്തണയാതെ –
അരുമയായ് കാത്തതും എൻ്റെയമ്മ.
കാലം കടന്നു പോയ് പാവനശിലയായ്
പനിമതിപോലമ്മ കൂട്ടിനായിപ്പൊഴും.
തുലാവർഷമേഘമായ് നിറഞ്ഞു നിൽക്കും
അമ്മ പകർന്നൊരാ ശീലു തൻ മാറ്റൊലി.