ചരിത്രത്തിന്റെ ഇടനാഴികളിലൂടെ മഠത്തുഭാഗം ദേശം

രാജീവൻ വടക്കേടത്ത്

തലശ്ശേരി താലൂക്കില്‍ എരഞ്ഞോളി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മഠത്തുംഭാഗം എന്ന ഹരിതാഭമായ ഗ്രാമത്തെകുറിച്ച്….

ചരിത്രത്തിന്റെ ഇടവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കാണാതെ പോകുന്ന നേരുകള്‍ ഉണ്ട്. പറഞ്ഞു ഫലിപ്പിക്കാനാവാതെ പോയ സത്യങ്ങളുണ്ട്. ഇനിയും എത്രയോ അറിയപ്പെടാത്ത മുഖങ്ങള്‍, സുവര്‍ണ ലിപികളില്‍ എഴുതേണ്ട ഏടുകള്‍. മറക്കരുത് ഈ ദേശത്തെ ഞങ്ങളുടെ പഴയ തലമുറയുടെ നന്മയെ അവര്‍ വഴികാട്ടികളായിരുന്നു. കഴിഞ്ഞ തലമുറയില്‍ നിന്ന് പുതിയ തലമുറയിലേക്ക് കൈമാറിയ മൊഴിമുത്തുകളും ആപ്തവാക്യങ്ങളും…..

madathumbhagam

അദ്ധ്യാത്മീകതയും, ഭൗതികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന മഠത്തുംഭാഗം ഗ്രാമം.

പഴയമയുടെ രഥചക്രം പിറകോട്ട് ഉരുളുമ്പോള്‍ പഴമയുടെ വാല്‍മീകത്തില്‍ നിന്നും ചികഞ്ഞെടുത്ത ചില ഏടുകള്‍.

ഓംകാര ശബ്ദം മുഴക്കി ദക്ഷിണ കാശിയിലേക്ക് പുറപ്പെടും മുമ്പ് ഇടത്താവളമായ തങ്കേശപുരയായ നെട്ടൂര്‍ മഠം. പാണല്‍ ചെടിയുടെ തണ്ട് കൈകളില്‍ കെട്ടി 7 ദിവസത്തെ ആഘോഷത്തിന്റെ അവസാന 3 ദിവസം ദേശക്കാര്‍ക്ക് സദ്യ നല്‍കിയ പഴയ കൊട്ടിയൂര്‍ വ്രതക്കാരുടെ നെട്ടൂര്‍ മഠത്തില്‍ നിന്നാണ് മഠത്തുംഭാഗം എന്ന നാമം ഉണ്ടായതെന്ന് പൂര്‍വ്വിക ചരിത്രം.

ഹരിനാമ കീര്‍ത്തനത്താല്‍ മുഖരിതമായ സന്ധ്യയില്‍, തറവാട് മുറ്റത്തെ ചെറിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി, പൂമുഖത്തെ കത്തിച്ച നിലവിളക്കിനു മുന്നില്‍ സര്‍പ്പദംശനമേറ്റ യുവാവിനെ ചികിത്സിച്ച വിഷഹാരിയായ കെ.ഒ.ചാത്തുക്കുട്ടി നമ്പ്യാര്‍. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഉള്‍ക്കൊണ്ട് ആരുടെയോ മനസ്സില്‍ ഉദയം കൊണ്ട പഴമയുടെ അതേ പ്രൗഢിയോടെ ചെങ്കല്ലില്‍ തീര്‍ത്ത ശ്രീനാരായണ മഠം.

madathumbhagam

‘സത്യമേവ ജയതേ’ എന്ന മഹത്തായ ആശയവും പേറിനില്‍ക്കുന്ന ഗുരുനാഥന്മാരുടെ പാദമുദ്രകള്‍ പതിഞ്ഞ സരസ്വതിക്ഷേത്രം മഠത്തുഭാഗം എല്‍.പി.സ്‌കൂള്‍. ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകനും, മാനേജരുമായ കൈതേരി കണ്ടോത്ത് ഗോപാലന്‍ നമ്പ്യാര്‍. സൗമ്യശീലനായ ഇദ്ദേഹത്തില്‍ നിന്നും ഹരിശ്രീ കുറിച്ചവര്‍ നിരവധി.

ഓര്‍മ്മകളുടെ ചിമിഴിനുള്ളില്‍ കാലം കാത്തുസൂക്ഷിച്ചു വെച്ച സ്മരണകളില്‍ തെളിയേണ്ട അദ്ധ്യാപകനും, സംസ്‌കൃതപണ്ഡിതനുമായ, കുഞ്ഞുങ്ങളുടെ നാവിന്‍തുമ്പില്‍ ആദ്യാക്ഷരം കുറിച്ചു, തിരശീലക്കു പിന്നില്‍ മറഞ്ഞ കോറോത്ത് ഗോവിന്ദന്‍ നായര്‍.

കല്‍പ്പണിക്കാരന്റെ കരവിരുതായി ദേശപ്പെരുമ വിളിച്ചോതുന്ന ചില നിര്‍മ്മിതികള്‍ക്കു പിന്നിലെ കോട്ടായി നാണു മേസ്ത്രി. (അദ്ദേഹത്തിന് പ്രശസ്തമായ ശ്രീ തിരുവങ്ങാട് ക്ഷേത്ര പുനരുദ്ധാരണത്തിനും, സത്രത്തിന്റെ നിര്‍മ്മിതിക്കും തിരുവങ്ങാട് ദേവസ്വം ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്).

നാല്‍പ്പാമരത്തേയും ആടലോടകത്തെയും ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തിലൂടെ ജനങ്ങളെ പഠിപ്പിച്ച രണ്ടാം ലോകമഹായുദ്ധത്തില്‍ ചിറ്റഗോങ്ങില്‍ രാജ്യത്തിനു വേണ്ടി പോരാടിയ ധീരദേശാഭിമാനിയായ മാണിക്കോത്ത് കൃഷ്ണന്‍വൈദ്യര്‍.

ഓര്‍മ്മകളുടെ ഉലയൂതുമ്പോള്‍ അടിയന്തിരാവസ്ഥ കാലത്തെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി ചെങ്ങര ഗോവിന്ദന്‍ അവര്‍കള്‍. നാടിനെ വികസന പാതയിലേക്ക് നയിച്ച ഒട്ടുമിക്ക റോഡുകളുടെയും മുഖ്യശില്‍പ്പികളില്‍ ഒരാള്‍, കല്യാണ വീടുകളിലെ മുഖ്യകാര്‍മ്മികന്‍, ജനവാസയോഗ്യമല്ലാത്ത ഇടവഴികളും, പൊന്തക്കാടുകളിലും ഒളിവു ജീവിതം നയിച്ച ത്യാഗപൂര്‍ണമായ വ്യക്തിത്വത്തിന്റെ ഉടമ, മഠത്തുഭാഗം ദേശത്തെ സമന്വയ സാംസ്‌കാരിക സമിതിയുടെ സ്ഥാപകരില്‍ മുഖ്യശില്പിയായ സ്മരിക്കപ്പെടേണ്ട ഒരാള്‍. എരഞ്ഞോളി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ ആദ്യ വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച വ്യക്തി.

കല്യാണവീടുകളില്‍ വീട്ടുകാരോടൊപ്പം വലംകൈയായി നിന്നവര്‍, ഈ മംഗള കര്‍മ്മ രാവുകളില്‍ പാണന്റെ പൈംപാലുപോലത്തെ വടക്കന്‍ പാട്ടുപാടി ദേശക്കാരെ അതിശയിപ്പിച്ച ‘അരവ് സ്ത്രീകള്‍’.

ഒളിഞ്ഞിരുന്നു പുകവലിക്കുമ്പോള്‍ ദൂരെ നിന്നും വരുന്ന രാമേട്ടനെ കണ്ട് കൈയിലിരുന്ന ബീഡി വലിച്ചെറിഞ്ഞ് ബഹുമാന പുരസ്‌കാരം നിന്നിരുന്ന പഴയതലമുറ ജീവിച്ച നാട്.

മാവിലയും ഉമിക്കരിയും കൊണ്ട് ദന്തശുദ്ധി വരുത്തിയിരുന്ന കാലം ഇരുളുവീണ നാട്ടുവഴികളിലൂടെ ഓലച്ചുട്ടുവീശി കൊണ്ട് നടന്നുപോയ പഴയ തലമുറ ജീവിച്ച ദേശം അപൂര്‍വ്വമായ റോഡിയോക്കു ചുറ്റും ക്രിക്കറ്റ് കമന്ററിക്കും, ശ്രീലങ്ക പ്രക്ഷേപണത്തിനും കാതോര്‍ത്തിരുന്ന ആ കാലം.

ഗ്രന്ഥപ്പുരകളില്‍ നിന്ന് പ്രചോദനം കൊണ്ട് മനസ്സില്‍ കോറിയിട്ട അക്ഷരങ്ങളില്‍ നിന്ന് സര്‍ഗ്ഗാത്മത്മകത തെളിയിക്കാന്‍ കഴിയാതെ പോയവര്‍…..

ആരോടും പരിഭവമില്ലാതെ ഏകയായി ‘കാക്കനാട’ന്റെ ‘ഒറോതയെപ്പോലെ’ ജീവിച്ച ചില സ്ത്രീരത്‌നങ്ങളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞ ദേശം.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിലാവെട്ടം വീണ നാട്ടുവഴികളിലൂടെ ലഹരിനുണഞ്ഞ് ആടിയാടി ഇതുവരെ കേള്‍ക്കാത്ത രാഗങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഇല്ലാതെ നാടന്‍ പാട്ടുപാടി പോയവര്‍.

പുത്തറയും ഗുരുതറയും വന്ദിച്ച് ശിഷ്യര്‍ക്ക് ആയോധന കലയഭ്യസിപ്പിച്ച സി വി എന്‍ കളരി സ്ഥാപകനായ – എന്‍ വി നാരായണന്‍ ഗുരുക്കള്‍, കതിരൂരില്‍ നിന്നും കാല്‍നടയായി കളരിയിലെത്തി കളരിയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച കതിരൂര്‍ ശങ്കരന്‍ ഗുരുക്കള്‍.

ഒരു ദേശത്തിന്റെ രുചിപ്പെരുമ ആരുടെയോ നാവിന്‍ തുമ്പിലൂടെ അന്യദേശത്ത് എത്തിച്ച പാചക വിദഗ്ദ്ധരായ മണ്‍മറഞ്ഞ നെല്ലിക്ക കുമാരന്‍, ആലുള്ള പറമ്പില്‍ രാഘവന്‍.

മഠത്തുഭാഗം ദേശത്ത് കെട്ടിയാട്ടമില്ലെങ്കിലും മഞ്ഞള്‍പ്രസാദവും അരിയും കൊടുത്ത് ‘എന്റെ പൈതങ്ങളേ’ എന്ന് വാത്സല്യത്തോടെ അനുഗ്രഹിച്ച് മണ്‍മറഞ്ഞുപോയ താഴെ കൊല്ലോന്നുമ്മല്‍ തറവാട്ടിലെ തെയ്യം കലാകാരന്‍. രാരൂട്ടിപണിക്കര്‍.

ദേശത്തെ സംഗീത വിസ്മയങ്ങളില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന, കാലയവനിക്കുള്ളില്‍ മറഞ്ഞ തബലദാസന്‍. വയലിനില്‍ വിരലുകള്‍ കൊണ്ട് സംഗീതത്തിന്റെ മന്ത്രധ്വനി ഉണര്‍ത്തുന്ന നിട്ടൂര്‍ മഠം രാഘവന്‍, 10 -ാം വയസ്സുമുതല്‍ കലാസപര്യ തുടങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച്. സാക്ഷാല്‍ ഗാനഗന്ധര്‍വ്വനായ ശ്രീ യേശുദാസ് ആദ്യമായി മലബാറില്‍ പാടാനെത്തിയപ്പോള്‍ പ്രശസ്ത സംഗീതസംവിധായകനായ ബാബുരാജിന്റെ സ്വന്തം ഹാര്‍മോണിയം യേശുദാസിന്റെ ഗാനത്തിനു വേണ്ടി വായിച്ച കോയിപ്രത്ത് ചെങ്ങര തറവാട്ടിലെ ശ്രീ മുകുന്ദദാസ്.

പ്രശസ്തിയുടെ കൊടുമുടികള്‍ കയറും മുമ്പേ ഈ ദേശത്തെ കലാപാരമ്പര്യത്തെ കേട്ടറിഞ്ഞ് അതില്‍ ആകൃഷ്ടനായി ഇവിടെ തമ്പടിച്ച, ഈ അടുത്തിടെ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി ഈ ദേശത്തെ വയല്‍വരമ്പുകളിലൂടെ ആഭേരിരാഗവും, പന്തുവരാളി രാഗവും മൂളി നടന്ന, ദേശക്കാര്‍ ‘കമാല്‍ഭായി’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന തിരുവനന്തപുരം ബീമാപള്ളിക്കടുത്തുള്ള ബോംബൈ എസ് കമാല്‍.

madathumbhagam

ബോംബൈ എസ് കമാല്‍, നെട്ടൂര്‍മഠം രാഘവന്‍, മുകുന്ദന്‍ദാസ്, തബല ദാസന്‍, കെ.എന്‍ ശങ്കരന്‍കുട്ടിപ്പിള്ള തുടങ്ങിയവര്‍ ചേര്‍ന്നപ്പോള്‍ ഝാന്‍സെന്റെ മേഘമല്‍ഹാര്‍ സംഗീതമായി പെയ്തിറങ്ങിയ ഓര്‍മ്മകളില്‍ ജീവിക്കുന്നവരുണ്ടിവിടെ.

എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ ആദ്യ നാടകം മഠത്തുംഭാഗം എല്‍.പി സ്‌കൂളില്‍ ‘ദുരവസ്ഥ’അരങ്ങേറി. ദേശത്തെ ആദ്യ അഭിനേതാക്കളായി ബാര്‍ബറായ കൃഷ്ണനും, നാണുവും ……അരങ്ങു തകര്‍ത്തു. പിന്നീട് ഒരിടവേളക്കു ശേഷം ഖഠചട ടൂറിങ്ങ് നടന സഭ എന്ന പ്രൊഫഷണല്‍ ട്രൂപ്പിന്റെ-‘രക്തകണ്ണീര്‍’ എന്ന നാടകം. ആ കാലഘട്ടത്തിലെ ജനങ്ങളെ കോരിത്തരിപ്പിച്ചു. ദേശത്തെ ആദ്യ ചായക്കടയും സാംസ്‌കാരിക കേന്ദ്രവുമായ സി എന്‍ നാരായണന്‍ നമ്പ്യാരുടെ ചായക്കടയില്‍ നാടകം ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായി. ഒരാഴ്ചയോളം പല നാടക ട്രൂപ്പുകള്‍ നാടകം അവതരിപ്പിച്ചിരുന്നു.

പ്രമുഖ കാഥികനായ ജോസ് മണ്ണാര്‍ക്കാട് കഥാപ്രസംഗരംഗത്തെ ദീപ്തമായ ഒരോര്‍മ്മയാണ്. ഋതുക്കള്‍ വഴി മാറി. നാടക രചനയിലൂടെയും അഭിനയമികവിലൂടെയും കൈതേരി കണ്ടോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ പേരും സ്വര്‍ണ്ണലിപികളില്‍ എഴുതിചേര്‍ക്കപ്പെടേണ്ടതാണ്.

മഠത്തുംഭാഗം ദേശത്തില്‍ തിളങ്ങി നില്‍ക്കുന്ന സാംസ്‌ക്കാരിക സ്ഥാപനങ്ങളാണ്- സമന്വയ സാംസ്‌കാരിക സമിതിയും, നവജോതി കലാസാംസ്‌കാരിക വേദിയും ശ്രീനാരായണ സ്മാരക മന്ദിരവും.

കേരള സിംഹം വീരപഴശ്ശിയുടെ സ്മരണകള്‍ ഇരമ്പുന്ന ദേശത്തിന്റെ തിലകക്കുറിയായ നിട്ടൂര്‍ ചിറ.

madathumbhagam

1935 കാലയളവില്‍ ജനങ്ങളുടെ സഞ്ചാരപഥം ഗ്രാമപാതകളായ വയല്‍വരമ്പുകളും ഇടവഴികളും ആയിരുന്നു. ഭൂരിഭാഗം വീടുകളും ഓലമേഞ്ഞവയായിരുന്നു. വിരലിലെണ്ണാവുന്ന ഓടുപാകിയ വീടുകള്‍ സാമ്പത്തിക ശേഷി ഉള്ളവര്‍ക്കു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ വീടുകളില്‍ മാത്രമാണ് കസേരകള്‍ ഉണ്ടായിരുന്നത്.

1952 മുതലുള്ള കാലങ്ങളില്‍ സ്വന്തമായി നികുതി കൊടുക്കുന്നവര്‍ക്കു മാത്രമാണ് ‘വോട്ടവകാശം’ ഉണ്ടായിരുന്നത്. ദേശത്തെ മിക്ക ഭൂവുടമകളും തലശ്ശേരിയിലെ കേയിമാരായിരുന്നു. അവര്‍ക്കായിരുന്നു ജന്മാധികാരം. ആ കാലഘട്ടത്തിലെ വില്ലേജ് ഓഫീസറെ ദേശക്കാര്‍ ഭയഭക്തി ബഹുമാനത്തോടെ ‘അധികാരി ‘എന്നു വിളിച്ചിരുന്നു.

ഇന്നത്തെ മജിസ്‌ട്രേറ്റിന്റെ അധികാര പദവിയുണ്ടായിരുന്നു അന്നത്തെ അധികാരിക്ക്. ഗ്രാമത്തിലെ കുടുംബ കലഹങ്ങള്‍, അടിപിടി കേസുകള്‍ തുടങ്ങിയവയ്ക്ക് തീര്‍പ്പു കല്‍പ്പിച്ചിരുന്നത് അധികാരിയാണ്. അന്നത്തെ അധികാരം കയ്യാളിയിരുന്നവര്‍ അധികാരി, മേനോന്‍, കോല്‍ക്കാര്‍ തുടങ്ങിയവരായിരുന്നു.

1947 ല്‍ പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ ഇന്നത്തെ മണ്ണയാട് ദേശം, വടക്കുംമ്പാട് ദേശം, കുന്നോത്ത് ദേശം, മഠത്തുംഭാഗം ദേശം ഇവ ചേര്‍ന്നതായിരുന്നു വടക്കുംമ്പാട് പഞ്ചായത്ത്. വടക്കുംമ്പാട് പഞ്ചായത്തിന്റെ അതിര്‍ത്തി തിരിച്ചിരുന്നത് ഇപ്പോഴത്തെ ധര്‍മ്മടം പാലം, കൊടുവള്ളിയിലെ വാമല്‍ പഴയപാലം വടക്ക് തോട്ടുമ്മല്‍ വരെ. അന്നത്തെ ദേശത്തെ വോട്ടിംഗ് കേന്ദ്രം ഇന്നത്തെ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവായിരുന്നു. വോട്ട് രേഖപ്പെടുത്തേണ്ട ദിവസം പുലര്‍ച്ചേ തന്നെ ജനങ്ങള്‍ ഓലചൂട്ടിന്റെ വെളിച്ചത്തില്‍ കാല്‍നടയായി തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ എത്തിയിരുന്നു. ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങള്‍ ഇല്ലാത്ത കാലത്ത് പേര് വിളിക്കുമ്പോള്‍ ഭൂരിഭാഗം ആള്‍ക്കാരും തല ഉയര്‍ത്താതെ കൈ ഉയര്‍ത്തുകയായിരുന്നു വോട്ടിംഗ് രീതി.

madathumbhagam

അന്നത്തെ നിയമ വാഴ്ചക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശനക്കാരായിരുന്നു. അവരുടെ വേഷവിധാനങ്ങള്‍ പോലും ജനങ്ങളെ പേടിപ്പെടുത്തുന്നതായിരുന്നു. 1952 ല്‍ ഇല്ലിക്കുന്ന് ദേശത്തെ പ്രജാപാര്‍ട്ടിയുടെ നേതാവായ പി ദാമോദരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ എം പി ആയി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1952 കാലഘട്ടത്തിനു മുമ്പുതന്നെ മഠത്തുഭാഗം ശ്രീനാരായണ മഠത്തിനു സമീപം ചെങ്ങരമാധവന്‍ എന്നവരുടെ ചായക്കടയുടെ തൊട്ടടുത്ത മുറിയില്‍ വടക്കുംമ്പാട് പഞ്ചായത്തിലെ ആദ്യ വായനശാല ആരംഭിച്ചു. അക്ഷര സ്‌നേഹികളായ ദേശക്കാര്‍ മാതൃഭൂമി പത്രവും , ആഴ്ചപ്പതിപ്പും, ദേശാഭിമാനിപത്രവും, നവയുഗവും മത്സരിച്ചു വായിച്ചു. നെട്ടൂര്‍ തെരുവിലെ നെയ്ത്തു കമ്പനിയില്‍ ജോലി ചെയ്തിരുന്ന 500 ഓളം തെഴിലാളികളുടെ ഇടത്താവളവും ആശ്വാസ കേന്ദ്രമായി ചായക്കടയും,വായനശാലയും മാറി. രാത്രി കാലങ്ങളില്‍ പെട്രോമാക്‌സ് വെളിച്ചത്തില്‍ മഠത്തുംഭാഗം ദേശത്തെ കുഞ്ഞികൃഷ്ണന്‍മാഷുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പരിജ്ഞാനം പകര്‍ന്നു കൊടുക്കലും വയോജന വിദ്യഭ്യാസവും ആരംഭിച്ചു.

ദേശത്തെ അന്നത്തെ കല്യാണപന്തലുകള്‍ ഈന്തോല പട്ടകൊണ്ടും, കടലാസ് പൂവുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. കല്യാണത്തിന്റെ തലേദിവസം ദേശത്തെ മുതിര്‍ന്ന സ്ത്രീകള്‍ പ്രതിഫലേച്ഛ കൂടാതെ സദ്യക്ക് വേണ്ട ഒരുക്കത്തിന്റെ ഭാഗമായുള്ള അമ്മിഅരവ് സമയത്ത് വടക്കന്‍ പാട്ടിന്റെ ശീലുകള്‍ ഈണത്തില്‍ പാടിയിരുന്നു.

കല്യാണസമയത്തെ സദ്യക്ക് വേണ്ട അരി ദേശത്തെ നെല്‍കൃഷി നടത്തുന്നവരില്‍ നിന്നാണ് ശേഖരിച്ചിരുന്നത്.

സദ്യാസമയത്തെ ഇരിപ്പിടം പുല്‍പായയും, ഓലയുമായിരുന്നു.

കണ്ണോളി കണാരനും, അമ്പലത്താകണ്ടി കുഞ്ഞിരാമനുമായിരുന്നു ദേശത്തെ പ്രധാന മുഖ്യസ്ഥര്‍. മാന്യമായ സംസാരം, ആരേയും അനുസരിപ്പിക്കുന്ന ആജ്ഞാശക്തിയുള്ള വാക്കുകള്‍ ഇതായിരുന്നു അന്നത്തെ നാട്ടുമുഖ്യരുടെ സവിശേഷതകള്‍. അസുഖം വന്നാല്‍ ദേശക്കാര്‍ – നാട്ടു വൈദ്യന്‍മാരായ – കൃഷ്ണന്‍ വൈദ്യര്‍, കാളിയിലെ രാവുണ്ണി വൈദ്യര്‍, പെരുന്താറ്റിലെ കുഞ്ഞമ്പുഗുരിക്കള്‍, കൊളശ്ശേരിയിലെ ഗോവിന്ദന്‍ വൈദ്യര്‍ ഇവരെയാണ് ആശ്രയിച്ചിരുന്നത്. അതികഠിനമായ രോഗങ്ങള്‍ വന്നാല്‍ മംഗലാപുരത്തെ ആശുപത്രിയാണ് അവസാന ആശ്രയമായി കണ്ടിരുന്നത്.

ആ കാലഘട്ടത്തിലെ മഹാവ്യാധിയായ വസൂരി രോഗം പിടിപെട്ട് ശുശ്രൂഷിക്കാന്‍ ആളില്ലാതെ ഒരു കുഴിയില്‍ തന്നെ 4, 5 പേരെയും മറവുചെയ്ത കഥകളും പറഞ്ഞു കേള്‍ക്കുന്നു.

അപൂര്‍വ്വമായ അഭ്രപാളികളിലെ വിസ്മയം കാണാന്‍ ദേശക്കാര്‍ കാല്‍നടയായി കുയ്യാലി കടവിലെ തോണി കടന്ന് പഴയ മുകുന്ദ് ടാക്കീസിലും (ഇന്നില്ല) റെയില്‍വെ സ്റ്റേഷന്റെ പിറകിലെ സഞ്ചരിക്കുന്ന ടെന്റ് കെട്ടിയ ടൂറിങ്ങ് ടാക്കീസിലും പോയി സിനിമ കണ്ടിരുന്നു.

ചരിത്രത്തിന്റെ ഇടവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കാണാതെ പോകുന്ന നേരുകള്‍ ഉണ്ട്. പറഞ്ഞു ഫലിപ്പിക്കാനാവാതെ പോയ സത്യങ്ങളുണ്ട്. ഇനിയും എത്രയോ അറിയപ്പെടാത്ത മുഖങ്ങള്‍, സുവര്‍ണ ലിപികളില്‍ എഴുതേണ്ട ഏടുകള്‍ മറക്കരുത്. ഈ ദേശത്തെ ഞങ്ങളുടെ പഴയ തലമുറയുടെ നന്മയെ അവര്‍ വഴികാട്ടികളായിരുന്നു. കഴിഞ്ഞ തലമുറയില്‍ നിന്ന് പുതിയ തലമുറയിലേക്ക് കൈമാറിയ മൊഴിമുത്തുകളും ആപ്തവാക്യങ്ങളും, ചില നേരുകളും ന്യൂജനറേഷന് കൈ മാറാതെ നാം വഴിമുടക്കികളാവരുത്. പഴയ തലമുറയെ പറ്റി ഞങ്ങള്‍ പുളകം കൊള്ളുന്നു. വളര്‍ന്നു വരുന്ന ഈ പുതിയ തലമുറയെപ്പറ്റി ഞങ്ങള്‍ വേവലാതികൊള്ളുന്നു.

തൊടിയില്‍ പമ്മിനടക്കുന്ന നേരുകള്‍ക്കു നേരെ ടോര്‍ച്ചടിക്കുമ്പോള്‍ കാണാം ലഹരി നുണയുന്ന കൗമാരം. യുവത്വം, നഭോമണ്ഡലത്തില്‍ തിളങ്ങേണ്ടവര്‍, അടുത്ത തലമുറക്ക് വിളക്ക് കൈമാറേണ്ട യുവത്വം ജരാനരകള്‍ ബാധിച്ച യയാതിമാരെപ്പോലെ ഇടവഴികളിലും, അരമതിലിലും…..ലഹരിയുടെ മധുചഷകം ചൂണ്ടോടു ചേര്‍ക്കുമ്പോള്‍ അവരറിയുന്നില്ല ആയുസ്സിന്റെ ഒരംശം കൊണ്ട് സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ മറയാന്‍ തുടങ്ങുകയാണെന്ന്.

വഴികാട്ടേണ്ടവര്‍ നോക്കുകുത്തികളാവരുത്.

‘ഒരു ശംഖൊലി മുഴങ്ങട്ടെ’

മനസ്സില്‍ ആയിരം ദീപങ്ങള്‍ തെളിയട്ടെ നന്മയുടെ പൂവുകള്‍ വിടരുന്ന ഒരു ഗ്രാമമാകട്ടെ മഠത്തുംഭാഗം ദേശം. വരുംതലമുറയുടെ ഗുരു നിങ്ങളാവട്ടെ.

ആചാര്യ പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാര്യസ്യ!
പാദം കാലക്രമേണതൂ

ഈ സംസ്‌കൃത ശ്ശോകം പുതിയ തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


FacebookWhatsApp