അനു

ഇസു

അൻവർ പതിവു ജോലിയിൽ മുഴുകിയിരിക്കുന്നു.. എന്താണ് ഇത്ര വലിയ ജോലി എന്നല്ലേ.. കാര്യമായിട്ട് ഒന്നുമില്ല.. കഴിഞ്ഞ ദിവസം തുടങ്ങി വെച്ച നോവൽ വായിച്ചു തീർക്കണം.. പുറത്ത് പെയ്യുന്ന കോരിചൊരിയുന്ന മഴ അവനെ ലേശം ഭയപ്പെടുത്തുന്നുണ്ട്. അതങ്ങനെയാണ്.. ചറ പറ പെയ്യുന്ന മഴ കണ്ടാൽ അവൻ വീടിന്റെ ഉള്ളിന്റെയുള്ളിൽ പമ്മിയിരിക്കും .. അവന് പേടിയാണത്രേ.. പണ്ട് മഴ കണ്ടാൽ ഇറങ്ങി ഓടുന്നവനാ.. പിന്നെ എപ്പോഴോ അവൻ ആകെക്കൂടി ഒതുങ്ങി.. പുറത്തിറങ്ങാതെ സീരിയൽ കണ്ടും നോവൽ വായിച്ചും സമയം കളയും.. നാട്ടിലെ പ്രശസ്തമായൊരു കോളേജിൽ ബിരുദ ത്തിന് പഠിക്കുകയാണ് അൻവർ.. പേര് അൻവർ എന്നാണെങ്കിലും അനു എന്നാണ് എല്ലാവരും വിളിക്കുക .. അങ്ങനെ വിളിച്ചു കേൾക്കാൻ ആണ് അനുവിന് ഇഷ്ടവും.. അനു എന്ന് കേൾക്കുമ്പോൾ പ്രത്യേക ഭംഗി ആണെന്നാണ് അവന്റെ ഭാഷ്യം.. അല്ലേലും ഒരു പേരില്ലെന്തിരിക്കുന്നു.. വിളിക്കാൻ സൗകര്യമുള്ള ഭംഗിയുള്ള പേര് ആർക്കും ആരെയും വിളിക്കാലോ.. അങ്ങനെ ആണ് അനു എന്ന് വിളിച്ചാൽ മതി എന്ന് അൻവർ പറഞ്ഞപ്പോൾ കേട്ടവർ മനസ്സിലാക്കിയത്.. എന്നാൽ അൻവർ ചിന്തിച്ചത് അങ്ങനെ അല്ലായിരുന്നു .. അനു എന്ന് കേൾക്കുന്നത് ഒരു പെൺ പേര് ആയിട്ട് തോന്നുന്നു.. ആ പേരാണ് തനിക്ക് ചേരുക.. ഇങ്ങനെയാണ് അൻവർ ചിന്തിച്ചത്…. അൻവർ എന്ന ആണിന് പെൺപേരിനോട് എന്താണ് ഇത്ര താല്പര്യം എന്നൊക്കെയാകും നിങ്ങൾ ചിന്തിക്കുന്നത്..


എന്നാൽ പേരിനോട് മാത്രമല്ല മറ്റു പലതിനോടും അൻവറിനു സ്ത്രീ താല്പര്യത്തോടൊപ്പം നില്ക്കാൻ ആണിഷ്ടം.. സമൂഹം പരിഹസിക്കില്ലായിരുന്നെങ്കിൽ മനോഹരമായി കണ്ണെഴുതി അനു കോളേജിൽ പോകുമായിരുന്നു.. ചില ഇഷ്ടങ്ങൾ നമ്മൾ സ്വയം മാറ്റി വെക്കേണ്ടി വരും എന്ന സാമൂഹിക സത്യത്തെ അനു അംഗീകരിക്കുന്നു.. ഏറെ സങ്കടത്തോടെ ആണെങ്കിലും രാത്രി ഉറങ്ങുമ്പോഴും കുളിക്കാൻ പോകുമ്പോഴും മാത്രമായി അനു തന്റെ കണ്ണെഴുത്തിനെ ഒതുക്കി..


ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ട്ട പ്രകാരം അ സഭ്യമല്ലാത്ത രീതിയിൽ ജീവിച്ചു കൂടെ..!? സമൂഹം.. യഥാസ്തികത..ഇതൊക്കെ ആര് പടച്ചു വെച്ചു.. അവൻ സ്വയം പറഞ്ഞ് സങ്കടം ഉള്ളിലൊതുക്കും..

അനുവിന് അറിയാം എനിക്ക് മറ്റുള്ളവരിൽ നിന്ന് എന്തോ ഒരു വിത്യാസം ഉണ്ടെന്ന്.. പക്ഷെ അത് സ്വയം സൃഷ്ടിച്ചെടുത്തതല്ല.. കൗമാരത്തിലൊക്കെ വീട്ടുകാർ മാറ്റിയെടുക്കാൻ പലവട്ടം ശ്രമിച്ചിട്ടും മാറാത്ത സ്വഭാവങ്ങൾ.. പക്ഷെ അതൊന്നും അനു മനഃപൂർവം ചെയ്യുന്നതല്ല .. അവനു അതാണ് ഇഷ്ടം.. അതിലാണ് തൃപ്തി..


12-15 വയസ്സിലാണ് അനുവിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്.. പെങ്ങളുടെ വള കയ്യിൽ ഇട്ടു നടക്കുമ്പോൾ ഒരു കുഞ്ഞു മോന്റെ തമാശ ആയിട്ടാണ് വീട്ടുകാർ കണ്ടിരുന്നത്.. പിന്നീട് ആ താല്പര്യം ഉടുപ്പിലേക്കായി.. പുറത്തു എവിടെയെങ്കിലും പോയി വരുമ്പോൾ അനുജത്തിയെ പോലെ മാലയും കണ്മഷിയുമൊക്കെ അവനും ആവശ്യപ്പെടും.. വീട്ടുകാർ വാങ്ങി കൊടുക്കും .. അവൻ ചെറുതല്ലേ.. കുസൃതി കാട്ടട്ടെ എന്ന് അവരും കരുതി.. പിന്നെ പിന്നെ അത് ശീലമായി.. വീട്ടുകാരുടെ ഭാവവും മാറാൻ തുടങ്ങി.. ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല എന്നും ഇവൻ ആണല്ലേ എന്നും പറഞ്ഞു രണ്ടടി കൊടുത്തു സംഗതി ഒതുക്കും.. പക്ഷെ അവന് വളയും കണ്മഷിയുമൊന്നും ഒരു മോശമായി തോന്നിയില്ല.. തൊട്ടപുരത്തുള്ള സമ പ്രായക്കാരൊക്കെ തോട്ടിലും പറമ്പിലും ഓടി ചാടി കളിക്കാൻ പോകുമ്പോ അനു അനുജത്തിയുടെ കൂടെ കൊത്തൻ കല്ലും, അക്കു കളിയും കളിക്കുകയാകും.. അനിയത്തിക്ക് കൂടെ കളിക്കാൻ ഒരാളെ കിട്ടിയ സന്തോഷമായിരുന്നെങ്കിൽ അനുവിന് തന്റെ താല്പര്യത്തിന് അനുസരിച്ചു സമയം ചിലവഴിക്കാൻ അവസരം ഉണ്ടായ സന്തോഷമായിരുന്നു..


വീട്ടുകാർ പലപ്പോഴും അവനെ പുറത്തു കളിക്കാൻ വിടാൻ ശ്രമിച്ചെങ്കിലും അവൻ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.. സാരമില്ല അവന്റ പ്രായത്തിന്റെ പ്രശ്നമാണ്.. അനിയത്തി എപ്പോഴും കൂടെ ഉണ്ടാകുന്നത് കൊണ്ടാണ്.. .. പത്താം ക്ലാസ് കഴിയുമ്പോ ശരിയായിക്കോളും എന്നൊക്കെ കരുതി വീട്ടുകാർ സമാധാനിക്കും..


സ്കൂളിൽ പോകുക എന്നുള്ളതായിരുന്നു അൻവറിനു സഹിക്കാൻ പറ്റാത്ത വേറൊരു കാര്യം.. അവനു താല്പര്യം പെൺകുട്ടികളോട് കൂട്ട് കൂടാൻ ആയിരുന്നു.. പെൺ കുട്ടികളോട് സംസാരിക്കുമ്പോൾ പ്രത്യേകിച്ചു ഒരു താല്പര്യവും അവന് ഇല്ലായിരുന്നെങ്കിലും ക്ലാസ്സിലെ ആൺ പിള്ളേർ കഥകൾ മെനഞ്ഞെടുക്കും.. ആരോടോ ഇഷ്ടമാണ് എന്നൊക്കെ.. അതെ ഇഷ്ടമാണല്ലോ.. എന്നെ പോലെയുള്ള എന്റെ ചിന്താഗതിയുള്ള ഇവരോടൊക്കെ ഇഷ്ട്ടം തന്നെയല്ലേ.. അനു തുറന്നടിക്കും.. നീ എങ്ങനെ ഇവരെ പോലെയാകും നിനക്ക് മുലയെവിടെ?.. ആൺ പിള്ളേർ തിരിച്ചു ചോദിക്കും.. ആ ചോദ്യത്തിൽ അനു തളരും.. അങ്ങനെ ഓരോരോ സംഭവ വികസങ്ങളുമായി ദിവസങ്ങൾ കടന്നു പോകും..


അൻവർ ഇപ്പോൾ ബിരുദ വിദ്യാർത്ഥി ആണെങ്കിലും അവന്റെ സ്വഭാവം ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്.. സമൂഹത്തെ ഭയന്ന് അവൻ അവന്റെ ഇഷ്ടത്തെ മറച്ചു പിടിച്ചു ജീവിക്കുന്നു.. ക്ലാസ്സിൽ ആൺ കുട്ടികളുടെ കൂടെ ഇരിക്കുക എന്ന വലിയൊരു അസ്വസ്ഥതയൊക്കെ സഹിച്ച് അവൻ ബിരുദവും പൂർത്തിയാക്കി..
അവന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ആണുങ്ങൾ മാത്രമുള്ള ലോകത്തേക്ക് അവനെ പറഞ്ഞു വിടാൻ വീട്ടുകാർ തീരുമാനിച്ചു.. ഗൾഫിലെ വലിയൊരു ഫാക്റട്ടറിയിലേക്ക് അകന്ന ഒരു ബന്ധു വഴി അൻവറിന് ഒരു ജോലി ശരിയാക്കി വെച്ച് ബന്ധുവിന്റെ കൂടെ അവനെ ഗൾഫിലേക്ക് പറഞ്ഞു വിട്ടു..


അവന്റെ സ്വഭാവത്തെ പറ്റി ഏകദേശ ധാരണ ഉണ്ടായിരുന്ന ബന്ധു ലേബർ ക്യാമ്പിലെ എല്ലാവരോടും പറയുകയും ചെയ്തിരുന്നു.. അൻവർ അവിടെ ജീവിച്ചു തുടങ്ങി.. ഏറെ അസ്സഹനീയമായിരുന്നു അവിടത്തെ അവസ്ഥ.. മുഴുവൻ ആണുങ്ങൾ മാത്രമുള്ള ഒരു ലോകം.. അവരുടെ മുന്നിൽ നിന്ന് കുളിക്കാൻ പോകണം.. അവരുടെ അടുത്ത് വെച്ച് തന്നെ ചെറിയൊരു മറയിൽ നിന്ന് വസ്ത്രം മാറണം.. അനു അവിടെ നിന്ന് വീർപ്പു മുട്ടി.. ചില ആൾക്കാർ അൻവറിനെ പരിഹസിച്ചു.. ചിലവർ അവനെ ഉപദേശിച്ചു.. മാറ്റം വരുത്താൻ ശ്രമിച്ചു.. എന്നാൽ അവനോട് സ്നേഹം കാണിച്ച ചില ആൾക്കാർക്ക് മറ്റു പല ഉദ്ദേശങ്ങളുമായിരുന്നു..


അൻവർ അവിടെ നിന്ന് ഓടി പോകാൻ ആഗ്രഹിച്ചെങ്കിലും എവിടെക്കെന്ന് അറിയാതെ എങ്ങനെ പോകും എന്ന ചിന്തയിൽ അവിടെ തന്നെ കഴിഞ്ഞു.. രാത്രി ഉറക്കം കിട്ടാതെ പലപ്പോഴും കിടന്ന് കരഞ്ഞു.. ചിലപ്പോഴൊക്കെ ക്ഷീണം കാരണം ഉറങ്ങി പോകും.. ഭക്ഷണവും വേണ്ടാതെ ആയി.. .. സ്വന്തം ഇഷ്ടത്തിനനുസരിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന അൻവർ ഈ നരകത്തിൽ നിന്ന് രക്ഷപെടാൻ മരണം പോലും ആഗ്രഹിച്ചു തുടങ്ങി….താൻ ഒരുപാട് പ്രാർത്ഥിച്ചിരുന്ന വിശ്വസിച്ചിരുന്ന ദൈവത്തെ അൻവർ ശപിച്ചു.. ആത്മഹത്യ ചെയുവാൻ ഒരു അവസരം നോക്കി അൻവർ നടന്നു.. റൂമിൽ പല പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ ഉള്ളതിനാൽ എല്ലാവരും ഉറങ്ങി കിടക്കുന്ന സമയം അവിടെ ഇല്ലായിരുന്നു… അത്കൊണ്ട് തന്നെ അവിടെ തൂങ്ങി മരിക്കാനുള്ള അൻവറിന്റെ ശ്രമം ആദ്യമേ ഉപേക്ഷിച്ചു.. എന്നാൽ ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടിൽ അൻവർ ഏറെ സങ്കടവാനായിരുന്നു..


അടുക്കള ഡ്യൂട്ടി കിട്ടിയ ഒരു ദിവസം ജീവിതത്തിന്റെ സങ്കടം സഹിക്കാനാവാതെ അൻവർ കത്തി എടുത്തു കുളിമുറിയിൽ കയറി കൈ ഞെരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തു..


FacebookWhatsApp