കാവ്യലോകത്തെ സഞ്ചാരി

ശോഭന കെ.എം

ഞാനൊരു സഞ്ചാരി
പരിചിതമല്ലാത്ത
പ്രാചീനപഥങ്ങളിലൂടെ
ഏകാന്തതയെ കൂട്ടുപിടിച്ച്
വാക്കിൻ്റെ ദുരൂഹതകളിലെ
വെളിച്ചം തേടി ,
അരുളുകളിലെ
വൈജാത്യം തേടി,
പൊരുളുകളിലെ
സാജാത്യം തേടി,
പുഴകൾ കടന്ന്,
കാടുകൾ താണ്ടി,
കുന്നുകൾ കയറിയിറങ്ങി,
കാലദേശങ്ങളുടെ
അനന്തതയിലൂടെ
എങ്ങുമെത്താതെ
അലയുന്ന സഞ്ചാരി ….
ചെന്നെത്തിയ ഇടങ്ങളൊക്കെ
ഇടത്താവളങ്ങൾ ;
സത്യമെന്നു നിനച്ചതൊക്കെ
അനിത്യമെന്ന തിരിച്ചറിവുകൾ …!
വിണ്ട കാലടികളുടെ തഴമ്പടയാളം
പതിഞ്ഞ പരുക്കൻ പാതകളിലൂടെ, വാൾത്തിളക്കത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ നടവരമ്പിലൂടെ, ഗഹനതകളുടെ ഉൾക്കയങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാനാവാതെ,
ആരോ തുടങ്ങിവച്ച
അനുസ്യൂതതയുടെ ആഴവും പരപ്പും
തീരത്തൊരിടത്തിരുന്ന് ഗണിക്കാൻ
പാഴ് ശ്രമം തുടരുന്ന
വെറുമൊരു സഞ്ചാരി …..


FacebookWhatsApp