മലമുകളിലെ ദൈവങ്ങൾ

അജിത് കല്ലൻ

അടിവാരത്ത് നിന്നും യാത്ര തുടങ്ങുമ്പോൾ ജീപ്പിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വഴിയിൽ അവിടവിടെയായി കുറേ പേർ ഇറങ്ങി. ഒടുവിൽ യാത്രക്കാരനായി മുരുകൻ മാത്രമായി ആ ജീപ്പിൽ.

തേയില തോട്ടങ്ങളെ മുറിച്ച് കൊണ്ട് വലിയൊരു കയറ്റം കയറി മലമുടിയിലെ ടോപ് ഹിൽസ് പ്ലാൻ്റേഷൻസ് ഓഫീസിൻ്റെ മുൻപിൽ ജീപ്പ് യാത്ര അവസാനിപ്പിച്ചു.

മുരുകൻ ജീപ്പിൽ നിന്നും ഇറങ്ങി.

കൈയ്യിലുണ്ടായിരുന്ന സഞ്ചിയും തൂക്കി വള്ളി തുന്നിചേർത്ത നരച്ച ചെരുപ്പിട്ട കാലുകൾ നീട്ടിവെച്ച് മുൻപിലായുള്ള ചെമ്മൺ റോഡിലൂടെ വേഗത്തിൽ നടന്നു.

നാലു വയസ്സുള്ള തൻ്റെ മകൾ ചിത്രക്കുള്ള ഉടുപ്പും ഭാര്യ പൂങ്കൊടിക്കുള്ള മഞ്ഞനിറത്തിൽ വീതിയുള്ള ചുവന്ന കരയുള്ള സാരിയും സഹോദരി പൊന്നിക്കുള്ള വെള്ളിയുടെ കൊലുസുമായിരുന്നു മുരുകൻ്റെ കൈയ്യിലുള്ള സഞ്ചിയിൽ ഉണ്ടായിരുന്നത്.

മാരിയമ്മൻ കോവിലിലെ തിരുവിഴാക്ക് പോകുമ്പോൾ ഉടുക്കാനായിട്ടാണ് ചിത്രക്കും പൂങ്കൊടിക്കും ഉടുപ്പും സാരിയും വാങ്ങിയത്. പൊന്നിയുടെ കൊലുസ് തിരുവിഴാക്ക് മുൻപേ വാങ്ങി തരാമെന്നുള്ള ഉറപ്പ് പാലിക്കുന്നതിനു വേണ്ടിയും.

മറ്റന്നാളാണ് മലമുടിയിലുള്ള മാരിയമ്മൻ കോവിലിലെ ആടി തിരുവിഴ. മാരിയമ്മൻ മഴയുടെ ഭഗവതിയാണ്. മാരിയമ്മൻ കനിഞ്ഞാൽ വരൾച്ചക്കും, പകർച്ചവ്യാധികൾക്കും അറുതി വരും.

മുരുകൻ മനസ്സിൽ മാരിയമ്മയെ പ്രാർത്ഥിച്ചു.

മൂന്ന് കൊല്ലത്തോളമായി തിരുവിഴ നടത്താൻ പറ്റാതെ മുടങ്ങിക്കിടക്കുന്നു. ഇപ്രാവശ്യം തിരുവിഴ ഗംഭീരമാക്കുമെന്ന് കോവിലിൻ്റെ ഭാരവാഹികൾ പറയുന്നുണ്ടായിരുന്നു. അടിവാരത്തിലുള്ള സിനിമാ ഗാനങ്ങൾ പാടുന്ന ട്രൂപ്പിൻ്റെ ഗാനമേളയും ഉണ്ട്. അവർ എം.ജി. ആർ സിനിമകളിലെ പാട്ടുകളാണ് പാടുക. അത് കൊണ്ട് തന്നെ മലമുടിയിലുള്ളവരൊക്കെ വലിയ ആവേശത്തിലാണ്.

നേർത്ത വെയിലിനെ തണുപ്പ് മൂടി പൊതിഞ്ഞിരുന്നു. തേയില ചെടികളിലെ ഇലകളെ തൊട്ട് മഞ്ഞ് അടിവാരത്തേക്ക് പോയി.

മലയുടെ മുകളിൽ കറുത്തിരുണ്ട കാർമേഘങ്ങൾ പെയ്യാതെ അവിടവിടെയായി മടിച്ചു നിൽക്കുന്നത് മുരുകൻ കണ്ടു. മുരുകൻ തൻ്റെ നടത്തത്തിന് വേഗത കൂട്ടി. അതിനിടയിലാണ് പൊന്നിയുടെ തിരുമണത്തെ കുറിച്ച് മുരുകൻ ഓർത്തത്. അടുത്ത മാസമാണ് പൊന്നിയുടെ തിരുമണം. മാപ്ലെക്ക് കൊടുക്കേണ്ട മുപ്പതിനായിരത്തിൽ പത്തായിരത്തിൻ്റെ കുറവുണ്ട്. മാനേജരയ്യയോട് ചോദിച്ച് നോക്കാം. സഹായിക്കാതിരിക്കില്ല. മാനേജരയ്യ നല്ല മനുഷ്യനാ. പത്ത് പവൻ നേരത്തെ ചേർത്ത് വെച്ചിട്ടുണ്ട്. എല്ലാം കൂരയിൽ ഭദ്രമായി തകര പെട്ടിക്കുള്ളിലുണ്ട്. തിരുമണ ചെലവ് കുടുംബക്കാരെല്ലാം തന്ന് സഹായിക്കും.

മുരുകൻ എല്ലാം മനസ്സിലുറപ്പിച്ചു.


നടക്കുന്നതിനിടയിൽ മലമുടിയുടെ അങ്ങേയറ്റത്ത് നിന്നും വലിയൊരു സ്ഫോടന ശബ്ദം കേട്ടപ്പോൾ മുരുകൻ അങ്ങോട്ട് നോക്കി. അവിടെയുള്ള ക്വാറിയുടെ മുകളിൽ നിന്നും വലിയ പാറ കല്ലുകൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു.

പാറകൾ പൊട്ടിച്ച് മലയുടെ ആ ഭാഗം തന്നെ ഇല്ലാതായി.

പാറ പൊട്ടിക്കുന്നയിടത്ത് പണ്ട് വലിയ മൺപുറ്റുകൾ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞിരുന്നു. മാർഗഴി മാസം മലമുടിയിലുള്ളവർ അവിടെ ചെന്ന് പാലും മുട്ടയും നാഗരാജാവിന് അർപ്പിച്ച് പൂജകൾ ചെയ്യുമായിരുന്നു. ഒരിക്കൽ പൂജ നടത്തുന്നതിന് ചെന്നപ്പോൾ മൺപുറ്റുകളൊക്കെ നശിപ്പിച്ചത് കണ്ടു. അതോടു കൂടി പൂജ മുടങ്ങി. മലമുടിക്കാർ അങ്ങോട്ട് പോകുന്നതും നിർത്തി. പിന്നീടാണ് ആ പ്രദേശങ്ങളിലെ മരങ്ങളൊക്കെ ആരൊക്കെയോ ചേർന്ന് വെട്ടിമാറ്റി പാറ പൊട്ടിക്കാൻ തുടങ്ങിയത്. മുരുകൻ ആ ഭാഗത്തേക്ക് വീണ്ടും നോക്കി. വലിയ പാറ കല്ലുകൾ ടിപ്പറുകളിൽ കയറ്റിക്കൊണ്ടിരിക്കുന്നത് മുരുകൻ കണ്ടു.

മഴ ചാറി തുടങ്ങിയിരുന്നു. അപ്പോഴേക്കും മുരുകൻ നടന്ന് ലയങ്ങൾക്ക് മുൻപിലെത്തി. മുരുകനും ലയങ്ങളിൽ താമസിക്കുന്നവരും ടോപ് ഹിൽസ് പ്ലാൻ്റേഷൻസ് കമ്പനിയുടെ തേയില തോട്ടങ്ങളിലെ പണിക്കാരാണ്. തമിഴ്നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് എല്ലാവരും.

മുരുകൻ്റെ മുത്തച്ഛനാണ് മലമുടിയിൽ ആദ്യം എത്തിപ്പെട്ടത്. ഇപ്പോൾ മുരുകൻ്റെ തലമുറയിൽ എത്തി നിൽക്കുന്നു. അറുപതോളം കുടുംബങ്ങൾ മൂന്നു ലയങ്ങളിലായി മലമുടിയിലുണ്ട്. പണിയെടുത്താൽ കിട്ടുന്ന കൂലി കുറവാണെങ്കിലും എല്ലാവരും സന്തോഷത്തിലാണ് കഴിയുന്നത്.

ഒഴിവു ദിവസമായിരുന്നു അന്ന്. ലയങ്ങളുടെ പുറത്ത് ആരേയും കാണുന്നില്ല. അതു കൊണ്ട് തന്നെ പരിസരം നിശബ്ദമാണ്.

ലയങ്ങൾക്കും മുകളിലാണ് മുരുകൻ്റെ കൂര.

ചാറൽ നേർത്ത മഴയിലേക്ക് കടക്കുമ്പോഴേക്കും മുരുകൻ തൻ്റെ കൂരയുടെ മുൻപിലെത്തി. കൂരയുടെ വാതിൽക്കൽ പൂങ്കൊടി മുരുകനേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. മുരുകൻ കൂരക്കകത്തേക്ക് കയറി. പൂങ്കൊടി നിറം മങ്ങിയ തോർത്തെടുത്ത് മുരുകന് കൊടുത്തു. ചാറൽ നനഞ്ഞ തല തുടക്കുന്നതിന് മുൻപേ കൈയ്യിലുണ്ടായിരുന്ന സഞ്ചി പൂങ്കൊടിയുടെ കൈയ്യിൽ കൊടുത്തു. അപ്പോഴേക്കും ചിത്രയും പൊന്നിയും അവരുടെ അടുത്തെത്തി.

പൂങ്കൊടി സഞ്ചിയിൽ നിന്നും പൊന്നിയുടെ കൊലുസ് പുറത്തേക്കെടുത്ത് പൊന്നിയുടെ കൈയ്യിൽ കൊടുത്തു.

കൊലുസ് വാങ്ങുന്നതിനിടയിൽ പൊന്നി പറഞ്ഞു: “അണ്ണാ, എതുക്കിപ്പോ കൊലുസ് വാങ്കീട്ട് വന്തേ. എനക്ക് വേണാന്ന് ചൊന്നൈയില്ലിയാ”

” പർവ്വാല്ലമ്മ, പോന വർഷമേ അണ്ണൻ സൊന്നല്ലെ? കോവിൽ തിരുവിഴാക്ക് മുന്നാടി വാങ്കി തരുവേന്ന് ” പൂങ്കൊടി പറഞ്ഞു.

” അടുത്ത മാസം ഉനക്ക് കല്ല്യാണംയില്ലയമാ. അണ്ണൻ താനെ ഉനക്ക് എല്ലാം വാങ്കിതരണം. ഉനക്ക് അപ്പാ അമ്മാ എല്ലാം നാങ്ക താനമ്മ ” മുരുകൻ്റെ വാക്കുകൾ മുറിഞ്ഞു.

” ഏങ്കെ, നീങ്ക ഏൻ കവലപ്പെടറീങ്കെ. ആത്ത മാരിയമ്മൻ ഇരിക്കാ. എല്ലാം നല്ല പടിയാമുടിയുങ്കെ ” ഉറച്ച ശബ്ദത്തിൽ പൂങ്കൊടി പറഞ്ഞു.

എന്തൊക്കെയോ ഓർത്ത പൊന്നി തൻ്റെ കണ്ണിൽ നിന്നും പുറത്തേക്ക് വീഴാനൊരുങ്ങിയ കണ്ണുനീർ തുടച്ചു. എന്നിട്ട് ചിത്രയുടെ ഉടുപ്പ് പൂങ്കൊടിയുടെ കൈയ്യിൽ നിന്നും വാങ്ങി ചിത്രക്ക് ഇട്ടു കൊടുത്തു.

“എപ്പടിയിരുക്കേൻപ്പാ? ” ചിത്ര കൊഞ്ചിക്കൊണ്ട് മുരുകനോട് ചോദിച്ചു.

” റൊമ്പ അഴകായി റുക്ക്മാ ” മുരുകൻ ചിത്രയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

പൊന്നി പൂങ്കൊടിയുടെ സാരി വാങ്ങി നിവർത്തി നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു: അണ്ണീ, നീ മട്ടും ഇന്ത പുടവ കട്ടീട്ട് തിരുവിഴാക്ക് പോണേനാ ഊരെ ഉന്നെ റാണി പോലെ പാക്കും”

“പോടി ” പൊന്നിയെ അടിക്കാനായി പൂങ്കൊടി കൈപൊക്കി. പൊന്നി ഒഴിഞ്ഞുമാറി മുരുകൻ്റെ പുറകിലായി നിന്ന് ചിരിച്ചു. അതു കണ്ട് മുരുകനും ചിരിച്ചു.

മുരുകൻ വാതിൽക്കൽ നിന്ന് പോക്കറ്റിലുള്ള ബീഡിയും തീപ്പെട്ടിയുമെടുത്തു. ബീഡി ചുണ്ടിൽ വെച്ച് തീപ്പെട്ടിക്കുള്ളിൽ നിന്നും തീപ്പെട്ടിക്കോലെടുത്ത് ഉരച്ചു. അല്പം നനവ് പറ്റിയിരുന്നതിനാൽ കത്താൻ മൂന്ന് നാല് പ്രാവശ്യം എടുത്തു. കത്തിയ തീപ്പെട്ടിക്കോൽ ചുണ്ടത്ത് വെച്ച ബീഡിക്ക് കൊളുത്തി. കൈയ്യിലുണ്ടായിരുന്ന കത്തിക്കൊണ്ടിരുന്ന തീപ്പട്ടിക്കോൽ താഴെയിട്ട് കെടുത്തി. ഒന്നു രണ്ടു പ്രാവശ്യം ബീഡി ആഞ്ഞ് വലിച്ച് പുറത്തേക്ക് നോക്കി.

മഴ കനത്ത് തുടങ്ങിയിരുന്നു. മഴയോടൊപ്പം കാറ്റും വീശി തുടങ്ങി. കാറ്റിന് വല്ലാത്തൊരു മുരൾച്ചയുണ്ടെന്ന് മുരുകന് തോന്നി.

ലയങ്ങൾക്ക് മുകളിലേക്ക് മഴ ശക്തിയായി വീണു കൊണ്ടിരുന്നു. കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ആടിയുലഞ്ഞു.

മലമുടിയുടെ മുകളിൽ നിന്നും അടിവാരത്തേക്ക് വളഞ്ഞ് നീണ്ട് കിടക്കുന്ന റോഡുകളിൽ കൂടെ മഴവെള്ളം താഴേക്കൊലിച്ചിറങ്ങി.

” തിരുവിഴാക്ക് മുന്നാടിയേ മഴെ ഇപ്പടി ഭയങ്കരമാ കൊട്ടുതേ? ” മുരുകൻ പുറത്തേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.

പൊന്നി മുരുകൻ്റെ അടുത്ത് വന്ന് നിന്ന് പുറത്തേക്ക് നോക്കി.

” അണ്ണാ പാറുങ്കെ, മഴെ ഇപ്പടി പേയ കൊട്ടു തെ” പൊന്നി പറഞ്ഞു.

” മഴെ ഇപ്പെ നിക്കറ മാതിരി തെരിയിലിയെ? അവരുടെ അടുത്ത് വന്ന് നിന്ന് പുറത്തേക്ക് നോക്കി പൂങ്കൊടിയും പറഞ്ഞു.

മഴ ശക്തിയായി പെയ്ത് കൊണ്ടിരുന്നു. അവരുടെ മൂന്നു പേരുടേയും പുറത്തെ കാഴ്ചകൾ കാണാനാവാത്ത വിധത്തിൽ മഴ, കാഴ്ചകളെ മറച്ചു. കാറ്റിൻ്റെ ശക്തി വീണ്ടും കൂടി. മഴയുടെ ശബ്ദവും കാറ്റിൻ്റെ മുരൾച്ചയും അവരെ അലോസരപ്പെടുത്തി.

ശക്തമായ കാറ്റ് കൂരയുടെ മുന്നിലേക്ക് വന്നപ്പോൾ മുരുകൻ വാതിൽ വലിച്ചടച്ചു.

മഴ നിർത്താതെ പെയ്താൽ കൂരയുടെ പഴകി ദ്രവിച്ച കൈക്കോലുകൾ അടർന്ന് താഴെ വീഴാൻ സാദ്ധ്യതയുണ്ടെന്ന് മുരുകൻ ഭയത്തോടെ ഓർത്തു.

മുരുകൻ മുകളിലേക്ക് നോക്കി. പഴകിയ ഓടുകളുടെ വിടവുകളിൽ കൂടി മഴവെള്ളം താഴേക്ക് ഒഴുകി വന്നു. വെള്ളം വന്ന് വീഴുന്ന ഇടങ്ങളിലൊക്കെ പൂങ്കൊടിയും പൊന്നിയും ഒഴിഞ്ഞ ചെമ്പും പാത്രങ്ങളും എടുത്തു വെച്ചു.

താഴേക്ക് വീണു കൊണ്ടിരുന്ന വെള്ള തുള്ളികളെ ചിത്ര കൈ കൊണ്ട് തട്ടി തെറിപ്പിച്ച് കളിച്ചു കൊണ്ടിരുന്നു. തെറിക്കുന്ന വെള്ളം മുഖത്ത് വന്ന് തട്ടുമ്പോൾ അവൾ ഉറക്കെ ചിരിച്ചു. ആവേശത്തോടെ അവൾ കളി തുടർന്നു.

പെട്ടെന്നായിരുന്നു മഴശബ്ദങ്ങളെ മുറിച്ച് കൂരയുടെ മുൻപിലായുള്ള ലയത്തിൽ നിന്നും കൂട്ട നിലവിളിയൊച്ച അവർ കേട്ടത്. കാറ്റിനെ വകവെക്കാതെ മുരുകൻ വാതിൽ തുറന്ന് താഴേക്ക് നോക്കി. ആർത്തലച്ച് ചെയ്യുന്ന മഴയോടൊപ്പമുള്ള കാറ്റിൽ ലയങ്ങൾ ആടിയുലയുന്നത് അവ്യക്തമായി മുരുകൻ കണ്ടു. മുരുകൻ്റെ കണ്ണുകളെ ഭയം മൂടി. നെഞ്ചിടിപ്പ് ഉയർന്നു. മുരുകൻ വാതിലുകൾ ചേർത്തടച്ചു. പൂങ്കൊടിയേയും പൊന്നിയേയും ചിത്രയേയും ഭയം നിറച്ചു വെച്ച കണ്ണുകളോടെ മുരുകൻ നോക്കി.

പൂങ്കൊടിയും പൊന്നിയും പകച്ച മുഖഭാവത്തോടെ ഒന്നും മിണ്ടാനാവാതെ മുരുകനെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴും ഒന്നുമറിയാതെ ചിത്ര താഴേക്ക് വീഴുന്ന വെള്ളതുള്ളികളെ തെറിപ്പിച്ച് കളിച്ചു കൊണ്ടിരുന്നു.

എന്തൊക്കെയോ തകർന്നു വീഴുന്ന ശബ്ദങ്ങൾ കൂരയുടെ ഉള്ളിലേക്ക് വന്നു. പെട്ടെന്നായിരുന്നു കൂരയുടെ പുറകിലെ ഭിത്തിയുടെ ഒരു ഭാഗം തകർന്ന് മഴവെള്ളം കൂരക്കുള്ളിലേക്ക് കയറിയത്. പൂങ്കൊടിയുടേയും പൊന്നിയുടേയും നിലവിളി ഉയർന്നു. ചിത്ര എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരേയും ഭയത്തോടെ മാറി മാറി നോക്കുന്നതിനിടയിൽ തെറിച്ച് വീഴാനൊരുങ്ങിയപ്പോൾ പൂങ്കൊടി ചിത്രയെ എടുത്ത് ഉയർത്തി പിടിച്ചു.

കൂരയുടെ അകത്തുള്ള വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനായി അടച്ച വാതിൽ തുറക്കാൻ മുരുകൻ ശ്രമിച്ചു. അപ്പോഴേക്കും ചെളിയും വെള്ളവും കൂരകുള്ളിൽ നിറഞ്ഞിരുന്നു.

ചിത്രയും പൊന്നിയും പൂങ്കൊടിയും വാവിട്ട് നിലവിളിച്ചു. അവരുടെ ശബ്ദം മഴയുടേയും കാറ്റിൻ്റെയും ശബ്ദത്തിൽ പുറത്തേക്ക് കേൾക്കാനാവുന്നില്ലായിരുന്നു.

പെട്ടെന്ന് എല്ലാവരേയും കൊണ്ട് കൂര വലിയൊരു കുഴിയിലേക്ക് എടുത്തെറിയപ്പെട്ടതു പോലെ താഴേക്ക് പതിച്ചു.

മുരുകൻ്റെ ദേഹത്തേക്ക് മഴവെള്ളവും കല്ലും ചെളിയും വന്ന് വീണു. മുരുകൻ ഉച്ചത്തിൽ അലറി. ആരേയും കാണാനാവുന്നില്ല. കണ്ണുകളിലേക്ക് ഇരുട്ട് കയറി. വീണ്ടും എടുത്തെറിയപ്പെട്ടു പോലെ മുരുകൻ താഴേക്ക് തെറിച്ച് വീണു.

നേരം ഇരുട്ടിവെളുത്തു.

പ്രയാസപ്പെട്ട് മുരുകൻ കണ്ണുകൾ തുറന്നു. നേരിയൊരു വെളിച്ചം കണ്ണുകളിൽ തട്ടുന്നുണ്ടായിരുന്നു. മറ്റൊന്നും കാണാൻ മുരുകനായില്ല. താനിപ്പോൾ ഏതോ പാതളത്തിൽ അകപ്പെട്ടു പോയത് പോലെ മുരുകന് തോന്നി. ശരീരം മുഴുവനും സഹിക്കാനാവാത്ത വേദന. കൈകളും കാലുകളും. അനക്കാനാവുന്നില്ല. എന്തൊക്കെയോ ഭാരം ശരീരത്തിനു മുകളിൽ കയറ്റി വെച്ചതുപോലെ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായ മുരുകൻ ഉച്ഛത്തിൽ അലമുറയിടാൻ ശ്രമിച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല. ചിത്രയുടേയും പൊന്നിയുടേയും പൂങ്കൊടിയുടേയും മുഖങ്ങൾ മുരുകൻ്റെ മുന്നിൽ വന്ന് മിന്നി മറഞ്ഞു. അവർക്കൊക്കെ എന്ത് സംഭവിച്ചു കാണുമെന്നോർത്ത് മനസ്സ് പിടഞ്ഞു.

ആരൊക്കെയോ സംസാരിക്കുന്നത് അവ്യക്തമായി മുരുകന് കേൾക്കാം.

മഴ നിന്നിരുന്നു. മണിക്കൂറുകൾ പോയിക്കൊണ്ടിരുന്നു. ഇപ്പോൾ ശബ്ദങ്ങൾ തൊട്ടടുത്തെത്തി. വീണ്ടും മുരുകൻ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ലന്നറിഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ചു.

കുറച്ച് നേരങ്ങൾക്ക് ശേഷം മുരുകൻ്റെ കണ്ണുകളിലേക്ക് വെളിച്ചം നന്നായി പതിഞ്ഞു. കുറെ ആൾക്കാർ വെപ്രാളത്തോടെ തന്നെ നോക്കുന്നത് മുരുകൻ കണ്ടു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

മുരുകൻ്റെ മുകളിൽ വീണിരുന്ന പാറ കല്ലുകളും ചളിയും മണലും അവിടെ ഉണ്ടായിരുന്നവർ ശ്രദ്ധയോടെ നീക്കി. നാലഞ്ചു പേർ ചേർന്ന് മുരുകനെ വാരിയെടുത്തു. മുരുകൻ വേദനക്കിടയിലും ചുറ്റിലും നോക്കി. പരിചയമില്ലാത്ത കുറെ മുഖങ്ങൾ.

” ചിത്ര, പൊന്നി, പൂങ്കൊടി, എങ്കമ്മാ പോയിട്ടീങ്കെ? ” കരഞ്ഞു കൊണ്ട് മുരുകൻ പറഞ്ഞു. വാക്കുകൾ പുറത്ത് വരാതെ തടയുന്നുണ്ടെന്ന് മുരുകന് മനസ്സിലായി. മുരുകൻ ഉറക്കെ പൊട്ടിക്കരയാൻ ശ്രമിച്ചു. മുരുകന് അതിനും കഴിഞ്ഞില്ല. പ്രയാസപ്പെട്ട് തല ചെരിച്ച് മുരുകൻ മുകളിലേക്ക് നോക്കി. മലമുടിയിലെ തൻ്റെ കൂരയും ലയങ്ങളും കാണാനില്ല. അവിടെയൊക്കെ വലിയ പാറ കല്ലുകളും മൺകൂനകളും മാത്രം. മുരുകൻ്റെ കണ്ണുകളിലേക്ക് നനവുകൾ പടർന്നു കയറി. പിന്നീടൊന്നും മുരുകന് കാണാനായില്ല.

മുരുകൻ കണ്ണുകൾ അമർത്തി അടച്ചു. പിന്നീടെപ്പോഴോ മുരുകൻ്റെ ബോധവും മറഞ്ഞു.


FacebookWhatsApp