ആരാണു നമ്മൾ?

ശോഭന കെ.എം

കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ചവർ
ലാഭക്കണക്കുകൾ കൂട്ടിക്കിഴിച്ചവർ
മേലാള കീഴാളകോട്ടകൾ തീർത്തവർ
ഉലകിനെ കീഴ് മേലുഴുതു മറിച്ചവർ
സർവവും കാൽക്കീഴിലാക്കി ഞെളിഞ്ഞവർ….
മണ്ണിൻ്റെ മാറിനെ കീറിപ്പൊളിച്ചു നാം
കാൽച്ചോട്ടിലെ മണ്ണു മാന്തിക്കളഞ്ഞു നാം
കാടും കടലും കരയും കവർന്നു നാം
ജീവാമൃതമൂറ്റി കൊള്ളക്കാശാക്കി നാം
ജീവശ്വാസത്തിനും വീറോടെ വില പേശി …..
മനുഷ്യത്വ കുപ്പായമൂരിയെറിഞ്ഞു നാം
പീഡനമുറകളെ നേരമ്പോക്കാക്കിയോർ
പന്തയപ്പാച്ചിലിൽ ഇടംവലം നോക്കാത്തോർ
നാലു ചുമരിലായ് ലോകം തളച്ചവർ
കൈവിരൽത്തുമ്പു പ്രപഞ്ച റിമോർട്ടാക്കി
അന്യഗ്രഹങ്ങളിൽ കൊടിനാട്ടി മേനിയിൽ
നാമറിയാതെ നാം നമ്മെ മറന്നു പോയ്;
നാമറിയാതെ നാം എല്ലാം മറന്നു പോയ്……!
വീണ്ടും കുതിക്കവേ സൂക്ഷ്മാണുവെത്തുന്നു
ആരാണു നാമെന്നു
നമ്മെ പഠിപ്പിക്കാൻ….


FacebookWhatsApp