ആരാവാം?

രൂപ രാജേന്ദ്രൻ

ആരാവാം തൂലിക നീട്ടിയതെന്റെ നേർക്ക്?
തെളിഞ്ഞ ബോധത്തിന്റെ
ആഴത്തിലെവിടെയോ
നനവ് കാത്തു കിടന്ന അക്ഷരക്കൂട്ടമോ ,
എന്നും പൊലികെന്ന് ,നാവിൽ പൊന്നുരച്ച്
ചാലിച്ച താതന്റെ സ്നേഹമോ ,
നെറുകയിൽ ചുംബിച്ച് ,ഇരുകൈയ്യമർത്തി
മിന്നൽപ്പിണരുപോൽ സന്നിവേശിച്ച
അനുഗ്രഹാശിസ്സോ ?

ആരാവാം തൂലിക നീട്ടിയതെന്റെ നേർക്ക് ?
ഞാനറിയാതെ വിരൽത്തുമ്പ് തൊട്ടിട്ട്
കുളിരിന്റെ കല്ലോലം മെല്ലെയിളക്കിയ
പ്രണയനിലാവിന്റെ മാസ്മര ഭംഗിയോ ,
മുന്നേ നടക്ക, കൂടെയുണ്ടെന്ന്
സ്നേഹം വിരൽ കോർത്ത കരുതലോ,
ഭസ്മക്കുടുക്കയിൽ നിന്ന് ഒരു നുള്ള്
നെറ്റിയിൽ ചാർത്തിത്തരാറുള്ള ബാല്യമോ?

കരയിൽ ,പിടക്കുന്ന മീനിനെ
തിരികെ, വെള്ളത്തിലെറിയാൻ
പഠിപ്പിച്ച കരുണയോ ,
കുളിച്ചീറനായി കറുകനാമ്പിനാൽ
ഉദകം പകർന്നൊരാ കാണാ സ്മൃതികളോ ?

ഏതാകിലും… ഏതാകിലും …
ജീവജലമായി ഊർന്നിറങ്ങുക
എന്റെ വേരിനെ സേചനം ചെയ്യുക ,
ഊർജമായി എന്റെ വിരലിലൂടൊഴുകുക ,
എന്റെ സിരകളിൽ പടരുക ,
മുളപൊട്ടും ഉറവകൾ വറ്റാതെ കാക്കുക .
മനുഷ്യത്വം വറ്റാതെ കാക്കുക …


FacebookWhatsApp