ആദ്യ പ്രണയം

ഇസു

ഇന്നൊരു പ്രത്യേക ദിവസമാണ്.. ഇന്നലെ ഉറങ്ങാൻ കിടന്നപ്പോഴോ രാവിലെ എണീറ്റപോഴോ ഇല്ലാതിരുന്ന പ്രത്യേകത പെട്ടെന്ന് ഉണ്ടായതാണ്.. എന്തെന്നാൽ പത്ത് മുതൽ +2 വരെയുള്ള ക്ലാസ്സിലെ എന്റെ കാമുകിയെ കുറേ കാല ശേഷം കണ്ടു. .. ഷാനിയ . . പത്തിൽ കൂടെ പഠിച്ച ആരും എന്റെ കൂടെ +2ൽ ഉണ്ടായില്ലെങ്കിലും അവൾ ഉണ്ടായിരുന്നു.. പത്തിലെ പോലെ മറ്റു കുട്ടികൾക്കിടയിൽ കുശു കുശുപ്പും ഉണ്ടായിരുന്നു.. ടാ നിന്റെ പെണ്ണ്.. നിങ്ങൾ തമ്മിൽ ഒടുക്കത്തെ മാച്ച് ആണെടാ എന്നൊക്കെ..

അവൾക്ക് വലിയ മാറ്റമൊന്നും ഇല്ല.. പഴയ പ്രസരിപ്പും ഭംഗിയും കുറച്ചു കുറഞ്ഞോ എന്നൊരു സംശയം.. അതെങ്ങനെ പോകാതിരിക്കും.. എന്നെ കിട്ടാത്ത വേദനയും ടെൻഷനും അവൾക്ക് ഉണ്ടാകുമായിരിക്കും .. ഒരുപാട് വീട്ടു പണിയെടുത്തു കഷ്ടപെടുന്നുണ്ടാകും എന്റെ പ്രിയപ്പെട്ടവൾ.. എന്നൊക്കെ സ്വയം ഊഹിച്ചു..

കുറച്ചു എന്തൊക്കെയോ സംസാരിച്ചു.. അവൾക്ക് പോകാനുള്ള ബസ് വരുന്നത് വരെ അവളെ ഒരു കരുതലോടെ നോക്കി നിന്നു ഞാൻ..

അവൾ ബസിൽ കയറി പോട്ടെ എന്ന വാക്ക് പറഞ്ഞു കൈ വീശുമ്പോൾ പഴയ ആ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു വന്നു…. ആ ഇഷ്ടത്തിന് പ്രണയമെന്നൊന്നും വിളിക്കാൻ പറ്റൂല.. ആ കാലത്ത് പ്രണയത്തിന്റെ അർത്ഥം എന്തെന്ന് അറിയില്ലായിരുന്നു.. അത്കൊണ്ട് അതൊരു ആത്മാർത്ഥ പ്രണയമല്ല എന്ന് തന്നെ കരുതുന്നു..അത്കൊണ്ടായിരിക്കാം പരസ്പരം നഷ്ടപ്പെടുമെന്ന് ബോധ്യമായിട്ടും രണ്ട് പേരും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞത്.. ഇനിയിപ്പോ അങ്ങനെ കരുതിയെ പറ്റൂ.. വേറെ നിവർത്തിയില്ല .. ഞാൻ പറഞ്ഞു വരുന്നത് ഒരു സുന്ദരിയെ പറ്റിയാണ്..

അവളായിരുന്നു ക്ലാസ്സിലെ ഏറ്റവും സുന്ദരി.. എന്റെ കണ്ണിൽ അങ്ങനെ ആയിരുന്നു.. അവൾക്കായിരുന്നു ഏറ്റവും സൗന്ദര്യം.. അവളോട്‌ സംസാരിക്കാൻ ഭയങ്കര താല്പര്യമായിരുന്നെങ്കിലും ഒന്നും സംസാരിക്കാൻ കഴിയില്ലായിരുന്നു.. അവളെ നോക്കുമ്പോൾ മാത്രം എന്തോ ഒരു അവസ്ഥ. .. ഒരു നാണം.. ചമ്മൽ.. അങ്ങനെ എന്തെല്ലോ കൂടി ചേർന്നിട്ടുള്ള വല്ലാത്തൊരു മാനസികാവസ്ഥ.. അത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് അന്നേരം മനസിലായില്ലെങ്കിലും പിന്നീട് മനസിലായി..

ഒരു കാര്യവുമില്ലെങ്കിലും ഇടയ്ക്കിടെ എടി 2പേനയുണ്ടോ 2പെൻസിൽ ഉണ്ടോ എന്നൊക്കെ അവളോട്‌ ചോദിക്കുന്നത് അവളോട്‌ എന്തെങ്കിലും മിണ്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു.. അത് അവൾക്ക് മനസിലായി കാണണം.. പിന്നീട് എപ്പോഴും ഒരു പേനയും പെൻസിലും അധികമായി കൊണ്ട് വരുന്നത് അവളുടെ ശീലമായി.. അത് എനിക്ക് വേണ്ടി ആയിരുന്നു എന്ന് ഞാൻ കരുതുന്നു.. എന്റെ തോന്നലും ആകാം… ക്ലാസ്സിൽ അവൾ എപ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ വല്ലാതെ എന്നെ അസ്വസ്ഥതമാക്കിയപ്പോൾ ആണ് അതൊന്ന് ചോദിക്കാം എന്ന് കരുതി ഉറപ്പിച്ചത്.. പക്ഷെ ചോദിക്കാൻ തെളിവ് വേണം..

അവൾ എന്നെ നോക്കിയിരുന്നു എന്താണ് ഇത്ര ഉറപ്പ്.. വേറെ ആരാണ് കണ്ടത്.. പിന്നീടുള്ള ഓട്ടം അവൾ എന്നെ നോക്കുന്നുണ്ട് എന്ന് ഉറപ്പ് വറുത്തലായിരുന്നു.. ക്ലാസ്സിലെ ശിങ്കിടിയെ കാര്യം പറഞ്ഞു ജോലി ഏൽപ്പിച്ചു കൊടുത്തു.. ആ പെണ്ണ് എന്നെ നോക്കുന്നുണ്ടോ എന്ന് നീ ഇടയ്ക്കിടെ ശ്രദ്ധിക്കണം.. എന്നിട്ട് എന്നോട് പറയണം.. അവൻ ഏറ്റു..ഒരു മുട്ട പഫ്സാണ് പ്രതിഫലമായി ചോദിച്ചത്.. വേറെ വഴിയില്ലല്ലോ.. ഞാൻ അത് ഏറ്റു..

അവൻ കാര്യം വളരെ ഭംഗിയായി ചെയ്തു കൊണ്ടേയിരിന്നു അവൾ എന്നെ നോക്കിയിരുന്ന സമയം പോലും കിറു കൃത്യമായി എഴുതി വെച്ച് എന്നെ അറിയിച്ചു കൊണ്ടിരുന്നു.. മുട്ട പഫ്സിന്റെ എണ്ണം കൂടി കൂടി വന്നു .. ആയിടെയായി അവളെ കുറെ സമയം നോക്കി നില്ക്കാൻ ഒരു അവസരവും ഒത്തു വന്നു.. ക്ലാസ്സിൽ സെമിനാർ എടുക്കാൻ അവളോട്‌ ടീച്ചർ പറഞ്ഞപ്പോൾ മുമ്പിൽ പോയി ഞാനും ഇരുന്നു.. 10-15മിനിറ്റ് അവളെ തന്നെ നോക്കിയിരുന്നു.ഞാൻ നോക്കി ഇരിക്കുന്നത് കണ്ടു അവളൊന്നു നാണിചോ എന്ന് എനിക്ക് തോന്നി . ഭൂമിയിലെ ഏറ്റവും സുന്ദരമായ നിമിഷം അന്നാണെന്ന് തോന്നി പോയി… ശിങ്കിടി പറഞ്ഞ പല കാര്യങ്ങളും പഫ്സ് കിട്ടാൻ വേണ്ടി അവന്റെ വകയായി തട്ടി വിട്ടതാണെന്ന് പിന്നീട് ഞാൻ അറിഞ്ഞു..


പിന്നീടുള്ള ചിന്ത എങ്ങനെ ഇഷ്ടം തുറന്നു പറയും എന്നായിരുന്നു.. അവൾ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട് ഞാനും അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ട് .. അപ്പോൾ പിന്നെ പരസ്പരം ഇഷ്ടം ഉണ്ടാകുമല്ലോ എന്ന് തന്നെ എനിക്ക് തോന്നി.. അടുത്തൊരു പ്രണയ ദിനം ഉണ്ടെന്നും അന്ന് പറയാം എന്നും മനസ്സിൽ ഉറപ്പിച്ചു.. ശിങ്കിടിയെ കാര്യം പറഞ്ഞു മനസ്സിലാക്കിപ്പിച്ചു.. അവളെ കാണുമ്പോൾ നീ ഒന്നു അർത്ഥം വെച്ച് സംസാരിക്കണം ഞാൻ ഒന്നും അറിയാത്ത പോലെ നടിക്കാം എന്നൊക്കെ.. അങ്ങനെ ആ പ്രണയ ദിനം വന്നു.. ക്ലാസ്സിൽ അന്ന് പതിവിലും നേരത്തെ ഞാൻ പോയി.. ഒരു റോസാ പൂവ് കൊടുക്കണം എന്നുണ്ടായിരുന്നെങ്കിലും അതൊക്കെ വെപ്രാളത്തിൽ മറന്നു പോയിരുന്നു.. അവൾ ജനലരികിൽ പുറം കാഴ്ചകൾ കണ്ടു നിൽക്കുന്നു.. എടാ പോയി പറയടാ അവൾ ഒറ്റക്ക് നിൽക്കുന്നു എന്നും പറഞ്ഞു ശിങ്കിടി നിർബന്ധിച്ചു.. ഞാൻ ഒന്ന് ചമ്മി നാറുന്നത് കാണണം.. അതായിരുന്നു അവന്റ ഉദ്ദേശം.. ബോട്ടണി ലാബിൽ കീറി മുറിക്കാൻ കൊണ്ട് വന്ന ഒരു ചെമ്പരത്തി പൂവ് കയ്യിൽ തന്നു അവൻ മൊഴിഞ്ഞു.. പോയി ഇത് കൊടുത്തു ഇഷ്ടം പറ..

അൽപ്പം ചമ്മലോടെ ഞാൻ അവളരികിൽ പോയി പേര് വിളിച്ചു.. അവൾ ഒന്ന് മൂളി.. എന്താ കയ്യിൽ പൂവോക്കെ ഉണ്ടല്ലോ.. ചെവിയിൽ വെക്കാൻ ആണോ.. അവൾ ചിരിച്ചു..
ഇത് ഒരാൾക്ക് കൊടുക്കാൻ ആണ് സ്വീകരിക്കുമോ എന്നറിയില്ല.. ഞാൻ പറഞ്ഞു..

ഓഹോ.. അങ്ങനെ ആർക്കും കൊടുക്കണ്ട.. ഞാൻ ഇതെടുത്തോളാം എന്ന് പറഞ്ഞു അവൾ അത് തട്ടി പറിച്ചു.. അവൾക് എന്നെ ഇഷ്ടമായിരുന്നു. . ഇതൊക്കെ കണ്ട് ശിങ്കിടി ചൂളി പോയി.. ഇഷ്ടമാണെന്നു പറഞ്ഞില്ല എങ്കിലും അന്ന് മുതൽ നമ്മൾ പരസ്പരം അറിഞ്ഞു പ്രണയിച്ചു തുടങ്ങി …… ക്ലാസ്സ്‌ കഴിയുന്നത് വരെ നമ്മളുടെ പ്രണയം തുടർന്ന് പോയി.. പിന്നീട് വിളിക്കാൻ ഫോണോ നമ്പറോ ഇല്ലാതിരുന്നത് കൊണ്ട് ആ ബന്ധം തുടരാനായില്ല…..


FacebookWhatsApp