അറുതി

അജിത് കല്ലൻ

രാത്രി നേരം ഏറെ ഇരുട്ടിയിരുന്നു.
ദേവന് ഉറക്കം വന്നില്ല. ഭാര്യ ചന്ദ്രമതിയും മക്കൾ ശരണ്യയും സംഗീതയും മാറിമാറിവന്ന് അയാളുടെ മനസ്സിലേക്ക് എത്തിനോക്കാൻ തുടങ്ങുമ്പോഴൊക്കെ അയാളുടെ ഉറക്കം നഷ്ടപ്പെടും. കണ്ണുകൾ പുറത്തേക്കു തള്ളി എല്ലും തോലുമായ ശരീരമാണ് ഭാര്യക്കും മക്കൾക്കും. ഏതോ പ്രേത സിനിമയിലെ കഥാപാത്രങ്ങളെ പോലെ തോന്നും അവരെ ഒറ്റനോട്ടത്തിൽ കാണുമ്പോൾ. വിശാലമായ അകത്തളവും എട്ടു മുറികളുള്ള ഓടിട്ട വലിയൊരു വീടിന്റെ ഒരു മുറിയിലെ കട്ടിലിൽ അയാൾ തന്റെ ശരീരത്തെ തിരിച്ചും മറിച്ചുമിട്ടു. ആ വീടിന്റെ കാവൽക്കാരനാണയാൾ. വീടിന്റെ ഉടമസ്ഥൻ നരേന്ദ്രൻ വർഷങ്ങളായി ബാംഗ്ലൂര് കുടുംബസമേതമാണ് താമസം. വിദേശത്തേക്ക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന കച്ചവടമാണ് നരേന്ദ്രന്. ഇപ്പോൾ രാജ്യം ഭരിക്കുന്ന ജനശക്തി പാർട്ടിയുടെ പ്രമുഖ നേതാവുമാണ്‌ നരേന്ദ്രൻ. എപ്പോഴെങ്കിലും കൂടി നരേന്ദ്രനും കുടുംബവും ആ വീട്ടിലേക്ക് വരും. കൂടെ സുഹൃത്തുക്കളായ ആണുങ്ങളും പെണ്ണുങ്ങളും കാണും. അവരൊക്കെ വന്നുകഴിഞ്ഞാൽ വീടിന്റെ വിശാലമായ പറമ്പിൽ ബിഎംഡബ്ല്യു കാറുകളും റോൾസ് റോയ്സ് കാറുകളും കിടക്കുന്നത് കാണാം. ആ ദിവസങ്ങളിൽ അകത്തളത്തിലെ മേശയുടെ മുകളിൽ മുന്തിയ ഇനം മദ്യങ്ങളുടെ കുപ്പികൾ അടുക്കി വെച്ചിരിക്കും. ബിരിയാണി നിറച്ച പാത്രങ്ങളും കാണാം. പിന്നെ ആഘോഷങ്ങളായിരിക്കും. ഡാൻസും ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും. ആഘോഷം അവസാനിപ്പിച്ച് എല്ലാവരും തിരിച്ചു പോകുന്ന ദിവസം ദേവൻ ഏറെ അകലെയല്ലാത്ത മദർ തെരേസ കോളണിയിൽ നിന്നും തിരിച്ചു വന്ന് തന്റെ ജോലിയിൽ ഏർപ്പെടും.
തന്റെ കഷ്ടപ്പാടുകൾ ഓർക്കുന്നതിനിടയിൽ മുങ്ങിപ്പോയ ഉറക്കത്തെ തിരിച്ചുപിടിക്കാനാകാതെ ആയപ്പോൾ ഇരുട്ടിലേക്ക് നോക്കി അയാൾ ചിന്തിച്ചു. ഈ വീട്ടിൽ എവിടെയെങ്കിലും വിലപിടിപ്പുള്ള എന്തെങ്കിലും കാണും. അത് മോഷ്ടിച്ചു വിൽക്കാം. പിടിക്കപ്പെട്ടാൽ അപ്പോൾ നോക്കാം. ആദ്യമായി അയാൾ യജമാനനെതിരായി തന്റെ ചിന്തകളെ പായിച്ചു. ഇത്തരം വിചാരം ഒരു തെറ്റാണെന്ന് ദേവന് അപ്പോൾ തോന്നിയില്ല. അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിയിൽ നിന്നും പുറത്തേക്ക് കടന്ന് അകത്തളത്തിലേക്ക് ചെന്ന് ലൈറ്റിട്ടു. അകത്തളത്തിൽ തെളിഞ്ഞ വെളിച്ചം തുറന്നിട്ട എല്ലാ മുറികളിലും എത്തിനോക്കി. അയാൾ ഓരോ മുറികളിലും കയറി വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങൾ ഉണ്ടോ എന്ന് തിരഞ്ഞു. ഒടുവിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലെത്തി. മുറിയുടെ വാതിൽ തള്ളി തുറന്നു. അവിടേക്ക് കടന്ന വെളിച്ചം ആ മുറിക്കുള്ളിലുണ്ടായിരുന്ന എലികളെ അലോസരപ്പെടുത്തി. എലികൾ ഒച്ചയിട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി മറഞ്ഞു.
ഉപയോഗമല്ലാത്ത വീട്ട് സാധനങ്ങൾ ആയിരുന്നു ആ മുറിക്കുള്ളിൽ. മാറാലകൾ നിറഞ്ഞിരുന്നു. നിലത്ത് മരപ്പലക വിരിച്ചിരുന്നു. അയാൾ പ്രയാസപ്പെട്ട് മുറിയിലേക്ക് കടന്ന് ചുറ്റിലും നോക്കി. മുറിയുടെ മൂലയിലായി ചെറിയൊരു പിച്ചള ചെമ്പ് കണ്ണിൽപെട്ടു. അയാളാ ചെമ്പ് കയ്യിലെടുത്തു. നല്ല ഭാരം തോന്നി. ഇത് വിറ്റാൽ പണം കിട്ടും. യജമാനൻ ഇത് അറിയാനും പോകുന്നില്ല. അയാൾ തീരുമാനിച്ചു എന്നിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന പൊട്ടിയ മരക്കട്ടിലിൽ അയാളുടെ കാലുകൾ തട്ടി അയാൾ തെന്നി താഴെ വീണു. കയ്യിൽ ഉണ്ടായിരുന്ന ചെമ്പ് താഴെ വീണു.
ഉള്ളുപൊള്ളയായ വസ്തുവിൽ വീണാലുള്ള ശബ്ദം അപ്പോൾ അയാൾ കേട്ടു. താഴെവീണ ചെമ്പെടുത്ത് ശബ്ദം കേട്ട ഭാഗത്ത് ഒന്നുകൂടി തറയിലിട്ടു. അവിടെ അടിഭാഗം പൊള്ളയാണെന്ന് അയാൾക്ക് തോന്നി. ആ ഭാഗത്തെ മരപ്പലക കൈകൊണ്ട് ഇളക്കി നോക്കി. മരപ്പലക എടുക്കാം എന്നായി. അയാൾ ആ പലക അവിടെ നിന്നെടുത്തു മാറ്റി. അവിടെ താഴെ ഒരു അറ അയാൾ കണ്ടു. അറയിലേക്ക് മങ്ങിയ വെളിച്ചം കടന്നു. അയാൾ അങ്ങോട്ടു നോക്കി. അവിടെ കുറച്ച് ചാക്കുകെട്ടുകൾ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ അറിയാതെ ഒരു പേടി അയാളെ പിടികൂടി. ശരീരം വിയർത്തു. അയാൾ പലക പഴയ സ്ഥാനത്തു വെച്ച് ആ അറ മൂടി മുറിയിൽ നിന്നും പുറത്തേക്ക് കടന്ന് വാതിലടച്ചു തന്റെ മുറിയിൽ വന്ന് കട്ടിലിൽ കയറി കിടന്നു. ചാക്ക് കെട്ടുകൾ അയാളെ ഉറങ്ങാൻ അനുവദിച്ചില്ല. ചാക്ക് കെട്ടുകളിൽ എന്താണുള്ളതെന്നറിയാനായി അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയോട് ചേർന്നുള്ള മുറിയുടെ അടുത്തേക്ക് നടന്നു. മുറിയുടെ വാതിൽ പതുക്കെ തുറന്നു. മുറിയിൽ കടന്ന് നേരത്തെ കണ്ട അറയുടെ ഭാഗത്തുള്ള പലക മാറ്റി. മുട്ടുകാലിൽ കുമ്പിട്ടിരുന്ന് ഒരു ചാക്ക് കെട്ട് പ്രയാസപ്പെട്ടു മുകളിലേക്ക് വലിച്ചു കയറ്റി. അയാളാ ചാക്കിന്റെ കെട്ടഴിച്ചു. അഞ്ഞുറ് രൂപയുടെ നോട്ട് കെട്ടുകൾ ആ ചാക്കിനുള്ളിൽ അയാൾ കണ്ടു. അയാളുടെ നെഞ്ചിടിപ്പ് ശക്തിയായി കൂടി കൊണ്ടിരുന്നു. വിയർപ്പ് തുള്ളികൾ താഴേക്ക് വീണു. ശരീരം മുഴുവൻ വിയർത്തു. ചാക്കിൽ നിന്നും കുറച്ചു പണം എടുക്കാൻ അയാൾ തീരുമാനിച്ചു. അതിൽ നിന്നും രണ്ട് നോട്ട് കെട്ടുകൾ അയാൾ പുറത്തേക്കെടുത്തു. അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അയാളാ നോട്ട് കെട്ട് അരയിൽ തിരുകി ചാക്കിന്റെ തുറന്ന ഭാഗം കെട്ടി ചാക്ക് അറക്കുള്ളിലേക്ക് തിരികെ വെച്ചു എന്നിട്ട് മുകൾഭാഗം പലക കൊണ്ടു മൂടി മുറിയുടെ പുറത്ത് കടന്ന് വാതിലടച്ച് കിടപ്പു മുറിയിലേക്കയാൾ നടന്നു. അപ്പോഴും അയാളുടെ നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടിരുന്നു. നോട്ടുകെട്ടുകൾ തലയണയുടെ അടിയിൽ വെച്ച് അയാൾ കിടന്നു. അയാൾക്ക് ഉറങ്ങാനായില്ല. നേരം വെളുത്തപ്പോൾ തലയണക്കടിയിലുണ്ടായിരുന്ന നോട്ട് കെട്ടിൽ നിന്നും ഒരു നോട്ട് എടുത്ത് തിരിച്ചും മറിച്ചും നോക്കി. കള്ളനോട്ട് ഒന്നുമല്ലന്നയാൾക്ക് തോന്നി. കെട്ടിൽ നിന്നും കുറച്ച് നോട്ടുകൾ വലിച്ചെടുത്ത് പോക്കറ്റിലിട്ടു. കൈയ്യിലുണ്ടായിരുന്ന കെട്ട് തലയണയുടെ അടിയിൽ തന്നെ വെച്ചു. മനസ്സിൽ നല്ല പേടിയുണ്ടായിരുന്നെങ്കിലും വരുന്നിടത്ത് വച്ച് കാണാം എന്ന് ഉറപ്പിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങി വീടുപൂട്ടി ഗേറ്റിന് പുറത്തുകടന്ന് ഗേറ്റുംപൂട്ടി പുറത്തുകടന്ന് മദർ തെരേസ കോളനിയിലെ തന്റെ വീട്ടിലേക്ക് നടന്നു.
ഉച്ച ആകുന്നതിനു മുൻപേ ഭാര്യയേയും മക്കളെയും കൂട്ടി ടൗണിലേക്ക് ചെന്ന് ഗ്രീഷ്മ ഹോട്ടലിലേക്ക് കയറി. ആദ്യമായിട്ടാണ് ഭാര്യയും മക്കളും ഹോട്ടലിൽ കയറുന്നത്. അതിന്റെ അമ്പരപ്പ് അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു നാലുപേരും ഒരു മേശയുടെ ചുറ്റുമിരുന്നു. ദേവൻ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. വെയിറ്റർ ആവി പറക്കുന്ന ചിക്കൻ ബിരിയാണി മേശയുടെ മുകളിൽ കൊണ്ടു വെച്ചു. ഭാര്യയും മക്കളും ആർത്തിയോടെ കഴിക്കുന്നത് ദേവൻ നോക്കി. ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച സംതൃപ്തി അവരുടെ മുഖങ്ങളിൽ അയാൾ കണ്ടു. പിന്നെ അവർ തൊട്ടടുത്തുള്ള സ്റ്റാർ ആൻഡ് സ്റ്റൈൽ ടെക്സ്റ്റൈയിൽസിൽ കയറി. മക്കളും ഭാര്യയും അവർക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ എടുത്തു. ഇത്രയും ചെലവഴിക്കാൻ മാത്രം പൈസ എവിടുന്ന് കിട്ടി എന്ന് ചോദിക്കാൻ മാത്രം ചന്ദ്രമതിയുടെ മനസ്സ് മെനക്കെട്ടില്ല. ചന്ദ്രമതി ഏതോ ലോകത്ത്
അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. മക്കളും സന്തോഷത്തിലാണ്. അവർ വീട്ടിലെത്തിയപ്പോൾ വൈകുന്നേരമായി. ദേവൻ തന്റെ പോക്കറ്റിൽ കയ്യിട്ട് അവശേഷിച്ച നോട്ടുകൾ ആരും കാണാതെ എടുത്തു നോക്കി. എന്നിട്ട് ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള പാരഡൈസ് ബാറിലേക്ക് പോയി.
ബാറിൽ ശിവനെ കണ്ടു. ദേവന്റെ കൂട്ടുകാരനാണ് ശിവൻ. ഒരുമിച്ച് ഒന്നു മുതൽ പത്താംക്ലാസ് വരെ പഠിച്ചവരാണ് അവർ.
ശിവൻ സീനിയർ പോലീസ് ഓഫീസറാണ്. അവധി ദിവസങ്ങളിൽ രണ്ട് പെഗ് കഴിക്കുന്നത് നിർബന്ധമുള്ള കാര്യമാണ് ശിവന്.
രണ്ടുപേരും ഇടയ്ക്കിടെ പാരഡൈസിൽ ഒത്തു കൂടുമായിരുന്നു. അപ്രതീക്ഷിതമായാണ് ദേവൻ ശിവനെ കണ്ടത്. ഗ്ലാസ് കൂട്ടി മുട്ടുമ്പോഴുള്ള ശബ്ദവും, ഉച്ചത്തിലുള്ള സംസാരവും, പൊട്ടിച്ചിരികളും പാരഡൈസിനെ സജീവമാക്കി. ദേവൻ ശിവന്റെ അടുത്ത് പോയി അവിടെ ഒഴിഞ്ഞുകിടന്ന കസേരയിൽ ഇരുന്ന് പറഞ്ഞു “അളിയാ ഇന്നെനിക്ക് സന്തോഷമുള്ള ദിവസാ. ഇന്നത്തെ വെള്ളത്തിന്റെ പൈസ ഞാൻ കൊടുക്കാം” “ആയിക്കോട്ടെ” ശിവൻ തലയാട്ടി. എന്നിട്ട് തന്റെ മുൻപിൽ വച്ചിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കി. “ഏത് ബ്രാൻഡാ വാങ്ങിയത് ” ദേവൻ ചോദിച്ചു.
“നമ്മുടെ സ്ഥിരം ബ്രാൻഡ് തന്നെ”
“മാൻഷൻ ഹൌസ് ” “അതെ”
ശിവൻ മാൻഷൻ ഹൌസ് അര കുപ്പി ഓർഡർ ചെയ്തു. വെയിറ്റർ മാൻഷൻ ഹൌസിനെ അവർ ഇരുന്നിരുന്ന മേശയുടെ മുകളിൽ കൊണ്ടു വെച്ചു. ദേവൻ കുപ്പി തുറന്ന് രണ്ടു ഗ്ലാസ്സിലായി ഓരോ പെഗ്ഗെഴിച്ച് അതിൽ വെള്ളം ഒഴിച്ചു. ദേവൻ തന്റെ ഗ്ലാസിൽ ഒഴിച്ചിരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി.
പതിവിലും കൂടുതൽ ദേവൻ കുടിച്ചു. ശിവൻ മൂന്നാമത്തെ പെഗ്ഗിൽ നിർത്തി.
മദ്യപാനം കഴിഞ്ഞ് ബാറിൽ നിന്നും ഇറങ്ങാൻ നേരം ദേവൻ തന്റെ പോക്കറ്റിൽ നിന്നും നോട്ടെടുത്ത് വെയിറ്റർക്ക് കൊടുത്ത് ബാക്കി ടിപ്സ് ആയി വെച്ചോളാൻ പറഞ്ഞു.
ശിവൻ ദേവൻ കൊടുത്ത നോട്ട് ശ്രദ്ധിച്ചു. പുത്തൻ നോട്ടുകൾ. നോട്ടുകൾ ഇവനിത് എവിടുന്നു കിട്ടി എന്ന് ശിവൻ ആലോചിച്ചു. രണ്ടു പേരും തിളങ്ങുന്ന മഞ്ഞ വെളിച്ചത്തിൽ നിന്നും പുറത്തിറങ്ങി. ഇരുട്ടിത്തുടങ്ങിയിരുന്നു. “എടാ നീ നല്ല ഫിറ്റാ. ഞാൻ നിന്നെ കൊണ്ടു വിടാം” ശിവൻ പറഞ്ഞു. ദേവൻ താഴേക്ക് വീഴാൻ ഒരുങ്ങിയ തല ഉയർത്തി ഒന്ന് ആട്ടി. ശിവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ദേവനോട് പുറകിൽ കയറി ഇരിക്കാൻ പറഞ്ഞു. ദേവൻ ബൈക്കിന്റെ പുറകിൽ ഇരുന്നു. ബൈക്ക് ഓടിക്കുമ്പോഴും ശിവന്റെ തലയിൽ കിടന്ന് പുത്തൻ നോട്ടുകൾ പറന്നു കളിക്കുന്നുണ്ടായിരുന്നു. ശിവൻ ദേവനെ കാവൽ ജോലിനോക്കുന്ന വീടിന്റെ ഗേറ്റിനു മുൻപിൽ ഇറക്കി. “നിനക്ക് എവിടെ നിന്നാടാ പൈസ കിട്ടിയത് ” ശിവൻ ചോദിച്ചു.
” അളിയാ കെട്ടുകണക്കിനു നോട്ടല്ലേ ഈ വീട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ഞാനിനി രാജാവിനെ പോലെ ജീവിക്കാൻ പോവാ ” ദേവൻ പറഞ്ഞു. എന്നിട്ട് പോക്കറ്റിലുണ്ടായിരുന്ന താക്കോലെടുത്ത് പ്രയാസപ്പെട്ട് ഗേറ്റ് തുറന്ന് താഴേക്ക് വീഴാൻ തുടങ്ങി യ തല നേരെയാക്കി തിരിഞ്ഞു നിന്നുകൊണ്ട് ശിവനെ നോക്കി തുടർന്നു ” അളിയൻ പൊയ്ക്കോ. നാളെ കാണാം”
” നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? ” ശിവൻ ചോദിച്ചു. ” ഒരു കുഴപ്പവുമില്ല. അളിയൻ പൊയ്ക്കോ” ദേവൻ ഗെയിറ്റിനപ്പുറം കടന്ന് ഗെയിറ്റ് പൂട്ടി വീടിനടുത്തേക്ക് നടന്ന് വാതിൽ തുറന്നു വീടിനുള്ളിലെ വെളിച്ചം തെളിച്ചു. ദേവൻ അകത്ത് നിന്നും വീടിന്റെ വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീടിനുള്ളിലെ വെളിച്ചം അണഞ്ഞു. ശിവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും ഓടിച്ചു പോയി. നേരം പോയി കൊണ്ടിരുന്നു. അർദ്ധ രാത്രി ആയപ്പോഴേക്കും നാലുപേർ ദേവൻ ജോലി നോക്കുന്ന വീടിന്റെ മതിൽ ചാടി അകത്തു കടന്നു. ഒരാളുടെ കയ്യിൽ നീളമുള്ള കമ്പിപ്പാര ഉണ്ടായിരുന്നു. അയാളാ കമ്പി പാര കൊണ്ട് വാതിൽ കുത്തി തുറന്നു. നാലുപേരും കൂടി അകത്ത് കടന്നു.
അടുത്ത ദിവസം രാവിലെ കുറച്ചകലെയായുള്ള പുഴയുടെ ഓരത്തുള്ള ചതുപ്പ് നിലത്ത് ദേവന്റെ നഗ്നമായ ശരീരം കമിഴ്ന്നടിച്ചു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടു. ദേവന്റെ തലയുടെ പിൻഭാഗത്ത് ചോര കട്ടപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിന് ചുറ്റും നാട്ടുകാർ കൂട്ടം കൂടി നിന്നു.
ചന്ദ്രമതിയും ശരണ്യയും സംഗീതയും കരഞ്ഞു തളർന്ന് കുറച്ചു ദൂരെയായി നിലത്ത് ഇരിക്കുന്നുണ്ട്. പോലീസ് വന്ന് എഫ് ഐ ആറും ഇൻക്വസ്റ്റും പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അന്നേ ദിവസം രാത്രി നരേന്ദ്രന്റെ വീടിന്റെ പറമ്പിൽ ബി എം ഡബ്ല്യൂ കാറുകൾ കിടക്കുന്നുണ്ടായിരുന്നു. നരേന്ദ്രനും സ്ഥലം എസ് പി വർഗീസും ജന ശക്തി പാർട്ടിയുടെ നേതാക്കളും കൂടി അകത്തളത്തിലിരുന്ന് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. അവർ പറയുന്ന തമാശകൾ കേട്ട് കുറച്ചു ദുരെയായി ശിവനും നിൽക്കുന്നുണ്ടായിരുന്നു.


FacebookWhatsApp