ഇനിയല് പ ദൂരമേ യാത്രയുള്ളൂ കുഞ്ഞേ,
താണ്ടിയ കാതങ്ങൾ തിട്ടമില്ല ….
കൈകാൽ കുഴയുന്നു, വേഗം കുറയുന്നു ,
എൻ കൈയ്യിലൊന്നു നീ താങ്ങിടാമോ?
എന്നമ്മയിങ്ങനെ വിറയാർന്നു ചോദിക്കെ,
ഇരു കൈ നിറയെയും ഭാരമാണെന്നു ഞാൻ ….’
അമ്മയെ താങ്ങുവാൻ നേ രവുമില്ലെനി–
ക്കമ്മ പതിയെ നടന്നുകൊള്ളെന്നോതി
ഏറെ തിടുക്കത്തിൽ മുന്നോട്ടു നീങ്ങി ഞാൻ,
നൂറു കണക്കുകൾ കൂട്ടിക്കിഴിച്ചു ഞാൻ
നീങ്ങവേ പെട്ടെന്നൊരുൾ ബോധമുണ്ടായി –
ഇല്ല കാലൊച്ചയെനിക്കു പിന്നിൽ;
എന്റെ കാവലാൾ പോലെ നിഴലായൊരമ്മ –
യെവിടെയെന്നൊന്നു തിരിഞ്ഞു നോക്കി…
ചെറുവളവിനപ്പുറത്തേതോ പെരുവഴി
അമ്മയ്ക്കു ശയ്യയൊരുക്കി കഴിഞ്ഞുവോ..?
താളു പോൽ വാടിത്തളർന്നു കിടന്നമ്മ ;
വിളറിയ ചുണ്ടുകൾ പാതി വിടർത്തിയും
കണ്ണുനീർ ചാലുകൾ ചുളിവീണ കവിളിലും
തൂവെള്ള യളകങ്ങൾ കാറ്റിൽ ചിതറിയും….
നിശ്ചലയെങ്കിലുമൊരു കൈയ്യെനിക്കുനേർ
നീട്ടി നിശ്ശബ്ദം പറയുകയാണമ്മ
‘ഉണ്ണിയെൻ കയ്യിൽ പിടിച്ചോളൂ വീഴാതെ,
വൈകാതെ യാത്ര തുടർന്നുകൊള്ളു….
പതറാതെ യാത്ര തുടർന്നുകൊള്ളൂ…