മരണത്തോടെ അനാഥമാക്കപ്പെടുന്നത്
കുറേ ജന്മങ്ങൾ മാത്രമല്ല…
ഇനിയും ചിലതുണ്ട് അക്കൂട്ടത്തിൽ ….
തണുപ്പ് അരിച്ചു കേറിയപ്പോൾ
പുറന്തള്ളപ്പെട്ടു പോയ ഊഷ്മാവ്
ചോദിക്കുന്നു ,
ഇനിയേത് സൂര്യന്റെ രശ്മിയായി
മാറണമെന്ന് …
കുടിയിറക്കപ്പെട്ട വാക്കുകൾ
ഏത് മൗനത്തെ ഉണർത്തണമെന്ന്
അറിയാതെ, ചിതറിത്തെറിക്കുന്നു.
മിടിപ്പു നിന്ന ഹൃദയത്തിൽ നിന്ന്
ഇറങ്ങിയ കനവുകൾ
കേറി പാർക്കാൻ ഇനിയൊരു
സമാനഹൃദയം കണ്ടെത്തേണ്ടിയിരിക്കുന്നു.
കണ്ണിലെ വെളിച്ചം, ചലനങ്ങളിലെ തിടുക്കം
ചുണ്ടിലെ ചിരി …
ഒക്കെ അനാഥരായി.
എല്ലാം കഴിഞ്ഞ്, ബാക്കിയായ ശൂന്യത
എങ്ങനെ നികത്തണമെന്നറിയാതെ
വെറുതെ ചുറ്റിക്കറങ്ങുകയാണ് കാറ്റ് .
കാരണം…
അത് അത്രമേൽ അനാഥമായിരുന്നു …
അത്രമേൽ ആഴമുള്ളതായിരുന്നു.