ഒന്ന്, രണ്ട് , മൂന്ന് … കണ്ണാട്ടൻ എണ്ണിയെണ്ണി പാഷൻ ഫ്രൂട്ട് എറിയുന്നു, അമ്മു ഏച്ചി പിടിക്കുന്നു ഇതെല്ലാം നോക്കി കൊണ്ടിരിക്കുന്ന മാളൂന്റെ ചിന്ത മുഴുവൻ നാളെ അത്തം തുടങ്ങുന്നതിനെകുറിച്ചും എന്ത് പൂക്കൾ കൊണ്ട് മുറ്റം നിറക്കും, ഓണക്കോടി വാങ്ങാൻ വേണ്ടി ടൗണിൽ കറങ്ങാൻ പറ്റില്ലല്ലോ എന്നൊക്കയായിരുന്നു. ടൗണിൽ നിന്നും ഒരു ഐസ് ക്രീം കഴിച്ചിട്ട് എത്രകാലമായി. ആദ്യമായി അവളന്ന് കൊറോണയെ ശപിച്ചു.
അന്നുവരെ സ്കൂളിൽ പോകാതെ കളിച്ചു നടക്കാനും മൊബൈലിൽ പല കളികൾ കളിക്കാനും അനുഗ്രഹിച്ച കൊറോണയെ പെരുത്ത് ഇഷ്ടായിരുന്നു. കളിക്കാനൊക്കെ എന്ത് രസമായിരുന്നു എവിടെയും പോകാതെ എന്തൊക്കെ കളികൾ കളിച്ചു. അമ്മയും മാമന്മാരും അവരുടെ പഴയ പല കളികളും പഠിപ്പിച്ചു തന്നു തലപ്പന്ത്, ലട്ട്, കുറ്റി മാറിക്കളി, ഡപ്പി , ഈർക്കിൾ കളി അങ്ങനെ പലതും ഞങ്ങളല്ലാവരും വല്ലാതങ്ങ് രസിച്ചു.
അങ്ങനെ ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുമ്പോൾ കുഞ്ഞമ്മാമൻ കുറേ പച്ചോലയും കൊത്തി കൊണ്ട് വന്നു. ഞങ്ങൾക്കെല്ലാം ഒരു ബാഗു പോലൊരു സാധനം ഉണ്ടാക്കിത്തന്നിട്ട് പറഞ്ഞു ” മക്കളെ ഇതാണ് കൊമ്മ ” എല്ലാരും നാളെ മുതൽ ഇതും കൊണ്ട് പൂക്കൾ പറിക്കാൻ പോണം . അന്ന് വരെ എട്ട് മണിക്ക് ശേഷം എഴുന്നേറ്റിരുന്ന മാളു പിറ്റേ ദിവസം ആറ് മണിക്ക് എഴുന്നേറ്റ് വാതിൽ തുറക്കുന്നതിനു മുന്നേ കോളിംങ് ബെൽ ശബ്ദിക്കുന്നു. തുറന്നു നോക്കുമ്പോൾ എല്ലാരും കൊമ്മയുമായി റെഡി .
ഓരോ ദിവസവും ഓരോ ഭാഗത്ത് പോകും എന്തെല്ലാം പൂക്കൾ കുഞ്ഞമ്മാമന്റെ മോൻ പൂച്ചവാലും വച്ച് നടക്കുന്നത് കാണാൻ എന്ത് രസായിരുന്നു .അന്നുമുതൽ തിരുവോണമാകുന്നതുവരെ ദിവസം പോയതറിഞ്ഞില്ല. ഇതുവരെ അറിഞ്ഞ ഓണങ്ങളിലെല്ലാം മഞ്ഞയും ഓറഞ്ചും തുടങ്ങി പരിമിതങ്ങളായ നിറങ്ങളായിരുന്നു കൂടുതലായുംകണ്ടത്. ഇപ്പോൾ പല പൂക്കൾ, പലവർണ്ണങ്ങൾ . എല്ലാത്തിനെയും അറിഞ്ഞ് രസിച്ചു.
മുക്കുറ്റി, മുള്ളിൽ പൂവ്, ശംഖുപുഷ്പം, കാക്ക പൂവ്, കോളാമ്പി, അരിപ്പൂ ,സ്റ്റാർപ്പൂ, കൃഷ്ണകിരീടം ,മന്ദാരം, ചെമ്പരത്തി …..ഹോ ! എന്തെല്ലാം പൂക്കൾ ; ഇത്രയും പൂക്കൾ നമ്മുടെ വീട്ടിലും പരിസരത്തും ഉണ്ടെന്ന് ശ്രദ്ധിക്കുന്നതു തന്നെ ഇപ്പോഴാണ് .പലതരം ഇലകൾ മുറിച്ചും തേക്കിന്റെ തളിരില ഇടിച്ചും മറ്റുമൊക്കെ പൂക്കളം തീർക്കുന്നത് ആദ്യമായുള്ള അനുഭവമാണ്.
ടൗണിൽ ഏതോ കൊറോണ രോഗി കടകൾ കയറി ഇടങ്ങിയതിനാൽ പലകടകളും അടച്ചിട്ടിരിക്കുകയാണ് ഉള്ളതിൽ നല്ലൊരുടുപ്പ് അമ്മയെടുത്ത് കൊടുത്തു അതും ധരിച്ച് മാളു തൃപ്തിപ്പെട്ടു.
ഓണത്തിന്റന്ന് എല്ലാരും കൂടി ഇലയിട്ട് നിലത്തിരുന്ന് സദ്യകഴിച്ചു. ഹൊ! ഇത്രയും നല്ലൊരനുഭൂതിയോടെ ഓണം ആസ്വദിക്കാൻ അവസരം നൽകിയ കൊറോണ ക്ക് മാളു നന്ദി പറഞ്ഞു.
നല്ലാരനുഭവം തന്നെങ്കിലു ഈ കൊറോണ കാരണം ഓണത്തിന് വരാൻ കഴിയാത്തതിനാൽ വീഡിയോ കോളിലൂടെ സങ്കടപ്പെടുന്ന അച്ഛന്റെ ദുഃഖം അവളെ വല്ലാതെ വേദനിപ്പിച്ചു. മാത്രമല്ല. തങ്ങൾ അറിഞ്ഞ വേറിട്ട അനുഭവങ്ങൾ ക്ലാസിലെ കൂട്ടുകാരോട് വിസ്തരിച്ച് പറയാൻ പറ്റാത്തതിന്റെ വീർപ്പുമുട്ടലിൽ പിന്നെയും കൊറോണയെ ശപിച്ചും കൊണ്ട് തിരുവോണത്തിന്റന്ന് രാത്രി മാളു ഉറക്കം വരാതെ കിടന്നു.