അനാവരണം

രാജേഷ് കുമാർ കെ.എൻ

ധ്യാനനിമഗ്നമാം മുഖ കമലത്തിങ്കൽ
കാന്തിയേറുന്ന മന്ദഹാസം പേറി
ഭിക്ഷാംദേഹിയായ് പത്മാസനസ്ഥനായ്
ബോധി വൃക്ഷച്ചോട്ടിലായിരിക്കുന്നു ബുദ്ധഭിക്ഷു.

സുഖഭോഗമെന്നതിൽ വിരാമമിട്ട്
ലോകമേതറവാട് മന്ത്രവുമായ്
ഉണ്മയാം ഗാത്രം പവിത്രമായേറ്റം
കാണുന്നവധൂതൻ തന്നനാവരണം.

ഒന്നല്ലൊരുപാട് ചിന്തകൾ കോറിയ
പാലിതൻ സംഹിതയായൊരു മാനസം
പൂർവ്വാശ്രമത്തിലെ ചെയ്തികളൊക്കെയും
മാറ്റി സിദ്ധാർത്ഥനാൽ തീർക്കും മഹായാനം.

സാരനാഥിൽ നിന്ന് ബുദ്ധൻ ചിരിക്കുന്നു
വീണ്ടും പിറക്കണം ബുദ്ധനായീനാട്ടിൽ
ബോധോദയം വന്ന സിദ്ധാർത്ഥനാകണം
അനാവരണം ചെയ്ത് ദുഷ്ചിന്ത മാറ്റണം.


FacebookWhatsApp