അറിയാതെൻ ഹൃദയത്തിനടിത്തട്ടിലൂറും
അരുമയാം നോവിന്റെയക്ഷരത്തെറ്റുകൾ
ആരുമറിയാതൊളിച്ചുവച്ചു ഞാൻ
ആത്മ നൊമ്പരത്തിന്നലയാഴികൾ !
ഇവിടെയീത്തീരത്തിറ്റു വീണിത്തിരി
ഈറനാമുപ്പുമായ് കണ്ണീർക്കണങ്ങൾ
ഉറങ്ങുവതല്ലെങ്കിലുമങ്ങനെ നടിച്ചു ഞാൻ
ഉർവ്വിയെയുണർത്താതേങ്ങലുമൊതുക്കി !
ഐതിഹ്യമെന്നു വിളിപ്പിതെൻ കഥകൾ
ഐതിഹാസികമെന്നു തിരിച്ചറിയാത്തോർ
എരിയുന്ന കോപം നെരിപ്പോടാക്കിയതും
ഏറുമഗ്നിസ്ഫുലിംഗങ്ങൾ ചിതറിയതും കഥ !
എത്രയോ നോവിന്റെ ഗീതങ്ങൾ കേട്ടു ഞാൻ
എണ്ണിയാലൊടുങ്ങാത്ത വിലാപഗാഥകൾ
എല്ലാമെൻസഖികൾ പുഴകൾ വഴികളിൽ
ഏറ്റുവാങ്ങിയ പീഡന കാലേയ കദനങ്ങൾ!
നിങ്ങളറിയുന്നുവോ എന്റെയഗാധമാം
നീലിമയിലുറയുന്ന പ്രതിഷേധത്തിലുണരും
നിത്യ പ്രകമ്പനത്തിൻ ബഹിർസ്ഫുരണങ്ങൾ
നിലവിട്ടുയർന്നു പോം വിക്ഷോഭസുനാമികൾ
എത്ര നോവുകളെ തഴുകിയൊതുക്കിയോൾ
എന്മാറിലഭയം തേടിയോരെത്ര പേർ
എത്ര കബന്ധങ്ങളെന്നിലർപ്പിച്ചവർ നിങ്ങൾ
എന്നെതിർപ്പറിയാതൊന്നു നോക്കാതെ !
ഇനിയെത്ര നാളീ താണ്ഡവം കാണേണ്ടൂ
ഇനിയെന്നീ മാരിക്കൊരന്ത്യമാരറിവൂ
ഇനിയുമെന്നിൽ നിമഞ്ജനമുറങ്ങുമീ
ഇതിഹാസ ദേവകളുണരാത്തതെന്തേ !
കാറ്റിനോടും പറഞ്ഞില്ലാ സത്യങ്ങൾ
കരയോടും പറഞ്ഞില്ലെതിർപ്പുകൾ
കരയും തീരത്തെത്തഴുകി ഞാൻ വീണ്ടും
കള്ളം പറയുന്നു ……പറയാൻ മറന്നെന്ന് ….!