അന്നദാനം

രാജേഷ് കുമാർ കെ.എൻ

അമ്പലനടയിലെ ആളൊഴിഞ്ഞു
ദേവൻ പള്ളിയുറക്കത്തിന്നായ് തിരിച്ചു.
ഊട്ടുപുരതൻ്റെ ചാരത്തനന്തമായ്
നീളുന്നു അഷ്ടിവകയില്ലാ മർത്യരും.

പോകും വഴിയിലായ് കണ്ണിലുടക്കിയെൻ –
ജീവൻ തുടിപ്പിനായ് കേഴും പഥിതനെ.
കുപ്പയിൽ അന്നം തിരയുന്ന യാചകൻ
ഒട്ടിയ വയറുമായ് അഴലിൻ നിഴലുമായ്.

കരം ഗ്രഹിച്ചെത്തി ഞാൻ അന്ന ദൈവത്തിന്നായി –
നിർവികാരം പൂണ്ട ജന്മദു:ഖത്തിൻ്റെ.
മൃഷ്ടാന്നഭോജനം ഭുജിക്കാൻ കഴിവുള്ളോർ
അന്നമാം ജിവനെ എച്ചിലാക്കീടുന്നു.

എല്ലാം പൊറുക്കുന്ന ദൈവമേ ഏകുക
മാപ്പവർ ചെയ്യുന്നപരാധമെങ്കിലും.
ചെയ്യുക മാനവാ എന്നുമെന്നും
അന്നം മഹാദാനമെന്ന പുണ്യം


FacebookWhatsApp