ആരും വിളിക്കാതെ, ആരോരുമറിയാതെ,
ഘോരമായൊരു വിപത്തായണഞ്ഞു നീ!
എത്ര ജീവൻ നീയെടുക്കുന്നു നിർദയം,
എത്ര പോരാളികൾ വീഴുന്നനുദിനം!
എത്ര മേൽ ഭീകരം, താണ്ഡവനർത്തനം,
ശത്രുവേ, നിന്നെത്തകർത്തിടും നിശ്ചയം!
ചക്രവാളത്തിന്റെ സീമ ഭേദിക്കുവാൻ,
ദൃഷ്ടിക്കുമപ്പുറം ദിക്കുകൾ താണ്ടൂവാൻ,
ആകാശ ഗോളങ്ങളമ്മാനമാടുവാൻ,
ആകാശ ഗംഗയോളം വളർന്നെത്തുവാൻ,
സാഗരത്തിന്നടിത്തട്ടിലുറങ്ങുവാൻ,
മൃത്യുവെവെന്നിട്ടമരനായീടുവാൻ,
ഭാവനക്കൊപ്പം കുതിക്കുന്ന ബൂദ്ധിയെ,
ഇത്തിരിപ്പോന്നോരണുവെ നിനക്കിനി,
എത്ര നാളത്തേക്കെതിരിടാനായിടും!?
ന്യൂട്ടണും ഐൻസ്റ്റീനും കെപ്ലറും ഗലീലിയോയും,
ഡാർവിനും ജെന്നറും പാസ്ചറും ലിസ്റ്ററും,
മൺമറഞ്ഞോർ, ആ മഹാരഥൻമാരവർ,
ചൊല്ലിപ്പഠിപ്പിച്ച ശാസ്ത്ര തത്ത്വങ്ങളാ-
ണെന്നും മനുഷ്യന്ന്, കാവലാൾ, ഓർക്കുക.
ശാസ്ത്രം നമുക്കേക ശസ്ത്രം, അതിന്റെ
ബ്രഹ്മാസ്ത്രങ്ങളേറ്റു നീ, ഭസ്മമാകും വരെ,
എത്ര പോരാളികൾ, മുറിവേറ്റു വീഴ്കിലും,
ഒട്ടും ഭയക്കാതെ യുദ്ധം തുടർന്നിടും.
അതുവരെയാടാം, നിനക്കു നിൻ കേളികൾ,
ഒടുവീലീപ്പോരിൽ, നി കീഴടങ്ങും വരെ.
അണുവേ അഹങ്കാരമരുത്, നീയറിയുക,
അവസാന വിജയം, ഈ മർത്യ ബുദ്ധിക്കു താൻ…