അപ്പൂപ്പൻ താടികൾ

ശോഭന കെ.എം

നിദ്രയുടെ ഏതോ യാമത്തിൽ
നീലാകാശം കാൽച്ചുവട്ടിൽ…
അലയാഴി തലയ്ക്കു മീതെ ….
കാൽച്ചുവട്ടിലെ നീലാകാശത്തിലൂടെ, നക്ഷത്ര സുന്ദരികൾക്കിടയിലൂടെ
പാറി നടക്കുന്ന
എണ്ണമറ്റ അപ്പൂപ്പൻ താടികൾ
നീലാകാശത്ത് കാറ്റും കാർമേഘവും മെല്ലെ മെല്ലെ ഒഴുകിയെത്തുന്നു
കാറ്റിന് വേഗതയും
കാർ മേഘത്തിനു കാളിമയും പെരുകന്നു
നക്ഷത്ര സുന്ദരികൾ
എങ്ങോ ഓടിയൊളിച്ചു…..
അപ്പുപ്പൻ താടികൾ
വട്ടം കറങ്ങിക്കൊണ്ടേയിരുന്നു
തലയ്ക്കു മീതെ
കടൽ കലിയിളകി; കാറ്റാഞ്ഞു വീശി
അപ്പുപ്പൻ താടികൾക്ക്
ആദ്യമായി പ്രാണഭയം…!
കാലൂന്നാൻ മണ്ണെവിടെ?
ഭൂമിയിൽ നിന്നു പിടി വിട്ടു പോയതറിയാതെ
കീഴ്മേൽ മറിയുന്ന ഉലകത്തിൽ
എന്നോ പാതാളത്തിലാണ്ട
ഭൂമിയെ തേടുകയാണവർ
പാവം അപ്പുപ്പൻ താടികൾ…..


FacebookWhatsApp