ആഫ്രിക്ക

അർജുൻനാഥ് പാപ്പിനിശ്ശേരി

ആഫ്രിക്ക ഒരു രാജ്യമല്ല.
വെന്തുകരിഞ്ഞു പൊട്ടിയവന്റെ കുടലിലാണ് ഇന്ന്
ഓരോ ആഫ്രിക്കയും.
വെയിലേറ്റ് കരിഞ്ഞ ആ
കാട്ടുത്തീയിൽ വെന്തുമരിച്ച ആ പതിനാറുപേരുണ്ട്.
മൂന്ന് കിടാങ്ങൾ, നാല് തള്ളകൾ, രണ്ട് തന്തകൾ,രണ്ട് പട്ടികൾ,ഒരു മാൻ, ഒരു കീടം.
ഇന്നലെ ഞാൻ ആഫ്രിക്കയിൽ ചെന്നിരുന്നു,
വിശക്കുന്നു അവിടെയുള്ള മണൽ കഴിച്ചു ഞാൻ വിശപ്പാടക്കി.
ദാഹിക്കുന്നു, വെള്ളമില്ല, പുഴ അരുവി ഒന്നുമില്ല, ചത്തവന്റെ രക്തം കുടിച്ചു ദാഹം ശമിപ്പിച്ചു.
ആ പതിവ് ഇന്നും തുടർന്നു,
നാളെയും തുടരും.
ചത്തവന്റെ കുടലിനോട് സമാനമാണ് ഇന്ന് ഓരോ ആഫ്രിക്കയും,
ആ ആഫ്രിക്കകളിൽ ഒരെണ്ണം എന്റെയുള്ളിലും…

ഞാൻ ഉറങ്ങുന്ന ‘വീട്’ഒരു സ്കൂളായിരുന്നു,
അല്ല അതിന്ന് ശ്മാശാനമാണ്.
അതിൽ ഒരു ശവമായി ഞാനും പൊട്ടിയ സ്ലേറ്റിൻ കഷ്ണത്തിന് മീതെ തലവെച്ച്…
എന്റെയുള്ളിലെ ആഫ്രിക്കയ്ക്ക് ഇന്നായിരുന്നു ഭൂപടം രൂപീകരിക്കപ്പെട്ടത്,
ആ ആഫ്രിക്കയുടെ അതിർത്തി എന്റെ വൻകുടലിനോട് സമാനമാണ്;അതിൽ ഞാനും..

യുദ്ധപുക മാഞ്ഞിട്ടില്ല,
യുദ്ധത്തിന്റെ ആ കരിഞ്ഞപുകമണം എവിടെയും…
ക്യാമറയും,കാലികുപ്പിയും,
പേനയും, ഫോട്ടോയും മാത്രം ബാക്കി..
റൊട്ടി കടിക്കുന്ന പയ്യനെ കണ്ടതിൽ,
പാതിമുല മറച്ചു വച്ച അമ്മയുടെ കൈയിൽ…
എങ്ങനെയോ ഒരു മാനിനെ പിടികൂടി,
തോലുരിഞ്ഞു മാംസം ചുട്ടു കഴിച്ചു, വിശപ്പക്കറ്റി..
ചുറ്റും ശൂന്യം ,കരയുവാൻ കഴിഞ്ഞില്ല,
കണ്ണുനീർ ഇല്ല, വറ്റിപോയിരുന്നു.


അന്നത്തെ ആ
മൂന്ന് കിടാങ്ങൾ, നാലു തള്ളകൾ , രണ്ട് തന്തകൾ,
രണ്ട് പട്ടികൾ, ഒരു മാൻ ഒരു കീടം.
ഇവരെ ഞാൻ ഇന്ന് കണ്ടു
മരിച്ചുപോയിരിക്കുന്നു,
കഴിക്കാൻ മണലില്ലാതെ…
വറ്റിവരണ്ട പുഴകൾ ഇന്ന്
മൊട്ടപാറയോട് സമാനമാണ്..
വറ്റിവരണ്ട് ചുളിവേറ്റു ചാകാനാകുന്ന,
എന്റെ എല്ലുന്തിയ ഹൃദയം കൊതിച്ചു കഴുകനും പരുന്തും മേലെ…
അതേ, ഞാൻ മരിക്കാൻ പോകുന്നു,
കഴിക്കാൻ മണലില്ലാതെ,
ചിലപ്പോൾ ഞാൻ മരിച്ചിരിക്കുന്നു…

അതേ,
ഇത് ആഫ്രിക്കയാണ്..
ഇന്നലത്തെയും ഇന്നത്തേയും ഇടയിലുള്ള മരിച്ചവന്റെ ആത്മാവായ ആഫ്രിക്ക…
വരൂ നമുക്ക് ആഫ്രിക്കയിലേക്ക് പോകാം

FacebookWhatsApp