അയാൾ….

അജിത് കല്ലൻ

വൈകുന്നേരമായിക്കാണും. നരേന്ദ്രനെ കൂരാച്ചുണ്ട് ബസ് സ്റ്റോപ്പിൽ ഇറക്കി ബസ് പൊടിപടലങ്ങൾ പറത്തി മുന്നോട്ട് പോയി. ബസ് ഷെൽട്ടറിൽ വയസ്സായ കുറച്ച് പേർ ഒന്നും മിണ്ടാതെ എങ്ങോട്ടെക്കെയോ നോക്കിയിരിക്കുന്നുണ്ടായിരുന്നു. നരേന്ദ്രൻ ചുറ്റുപാടുമൊന്ന് നോക്കി. രണ്ട് മൂന്ന് പീടികകൾ കാണാം. കുറച്ച് ദൂരെയായി ഒരു കള്ള്ഷാപ്പും. വന്ന ഉദ്ദേശം ബസ് ഷെൽട്ടറിൽ ഇരിക്കുന്നവരോട് പറഞ്ഞു.

” പട്ടാളം ബാലനെ അന്വേഷിച്ചു വന്നതാ. അയാളുടെ വീട് ഈ ബസ് സ്റ്റോപ്പടുത്താണെന്ന് പറഞ്ഞു. എവിടെയാണെന്ന് ഒന്നു പറഞ്ഞു തരാമോ? ”

കൂട്ടത്തിലുള്ള ഒരാൾ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു ” അതാ ആ കാണുന്ന ഓടിട്ട ചെറിയ വീട് കണ്ടോ? അതാണ് പട്ടാളത്തിൻ്റെ വീട്. പക്ഷെ പട്ടാളമവിടെ ഇല്ല. പട്ടാളം ആ വീടും വിറ്റ് എങ്ങോട്ടോ പോയി ”

നരേന്ദ്രൻ്റെ ഉള്ളൊന്നു കാളി. ” ഇനിയിപ്പോ എന്താ ചെയ്യാ? ”

നരേന്ദ്രൻ പറഞ്ഞു. കൂട്ടത്തിലുള്ള മറ്റൊരാൾ പറഞ്ഞു. ” ഇനിയിപ്പോ ഒന്നും ചെയ്യാനില്ല. ഇരുട്ട്ന്നേൻ്റെ മുന്നേ വേഗം കവല പിടിക്കാൻ നോക്ക്. തിരിച്ച് പോകാൻ ബസ്സില്ലാത്തതാ “.

” ദൈവമേ, ചതിച്ചോ? ” നരേന്ദ്രൻ്റെ ഉള്ളിൽ നിന്നും നിലവിളി പോലെ ശബ്ദം പുറത്തേക്ക് വന്നു.

” കവലയിൽ എത്തി കയിഞ്ഞാ, നിങ്ങക്ക് എങ്ങോട്ടാ പോണ്ടേന്ന് വെച്ചാ ബസ് കിട്ടും. നേരം കളയാണ്ട് വിട്ടോ ”

നരേന്ദ്രൻ അവരെയൊക്കെ ദയനീയമായി ഒന്നു നോക്കി. തിരിച്ച് നടക്കുക തന്നെ. നരേന്ദ്രൻ തിരിച്ച് നടത്തം തുടങ്ങി. അത്ര വീതിയൊന്നുമില്ലാത്ത ചെമ്മൺ റോഡ്. ദൂരെയായി അങ്ങിങ്ങ് ഓടിട്ട ചെറിയ വീടുകൾ കാണാം. മരങ്ങളും പുൽ പടർപ്പുകളുമൊക്കെ ധാരാളമുണ്ട്. ഗ്രാമത്തിൻ്റെ എല്ലാ സൗന്ദര്യവും ഉണ്ട്. പക്ഷെ അതൊക്കെ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല നരേന്ദ്രൻ. ഒരല്പം ധൃതിയിൽ നരേന്ദ്രൻ നടക്കാൻ തുടങ്ങി. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. കാർമേഘങ്ങളും ഉണ്ട്. മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് നരേന്ദ്രന് തോന്നി. മഴ പെയ്താൽ റോഡരുകിൽ ഒരു കെട്ടിടം പോലുമില്ല കയറി നിൽക്കാൻ. നരേന്ദ്രൻ നടത്തത്തിന് വേഗത കൂട്ടി. കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും മുൻപിൽ ഒരാൾ നടന്ന് പോകുന്നത് കണ്ടു. അയാളല്ലാതെ അത്ര നേരമായിട്ടും മറ്റാരും തന്നെ ആ റോഡിൽ കൂടി പോവുകയോ വരുകയോ ചെയ്യുന്നത് നരേന്ദ്രൻ കണ്ടിട്ടില്ല. നരേന്ദ്രൻ മുൻപിലായി നടക്കുന്ന ആളുടെ അരികിലെത്തി. അയാളെ നരേന്ദ്രൻ ഒന്നു നോക്കി. മുഖത്ത് നരച്ച കുറ്റി രോമങ്ങൾ. കണ്ണുകൾ ചുവന്നിരുന്നു. മെലിഞ്ഞ ശരീരം. മീനിൻ്റെയും കള്ളിൻ്റെയും കുഴഞ്ഞ് മറിഞ്ഞ ഒരു നാറ്റം അയാൾക്കുണ്ടായിരുന്നു. അയാളൊരു മീൻപിടിത്തക്കാരനോ മീൻ വില്പനക്കാരനോ ആയിരിക്കാമെന്ന് നരേന്ദ്രന് തോന്നി. അയാളെ അവഗണിച്ച് നരേന്ദ്രൻ റോഡിൻ്റെ ഓരം ചേർന്ന് മുന്നോട്ട് നടന്നു. അയാൾ ധൃതിയിൽ നടന്ന് വന്ന് നരേന്ദ്രൻ്റെ മുന്നിൽ വന്ന് നിന്ന് പറഞ്ഞു

” അല്ല സാറങ്ങനെയങ്ങ് പോയാലോ. ഈ വഴിക്ക് വന്നതെന്തിനാന്ന് പറഞ്ഞിറ്റ് പോയി മതി ”

മുന്നിലായി നിന്ന അയാളെ നരേന്ദ്രൻ കൈ കൊണ്ട് ചെറുതായൊന്ന് തള്ളി മാറ്റി മുന്നോട്ട് നടന്നു. നരേന്ദ്രന് ഉള്ളിലൊരു പേടി തോന്നി തുടങ്ങിയിരുന്നു. പുറകിലായ അയാൾ പെട്ടെന്ന് വന്ന് നരേന്ദ്രനെ പിടിക്കാൻ ശ്രമിച്ചു. നരേന്ദ്രനത് പ്രതീക്ഷിച്ചിരുന്നു. അടുത്തെത്തിയ അയാളിൽ നിന്നും നരേന്ദ്രൻ ഒഴിഞ്ഞ് മാറി. അയാൾ റോഡിൽ നിന്നും അവിടെ ഉണ്ടായിരുന്ന ചെറിയൊരു ഇറക്കത്തിലേക്ക് തെന്നി വീണു. അയാളുടെ തല ചെന്ന് ഒരു കല്ലിൽ തട്ടിയാണ് വീണത്. പിന്നീട് അയാൾക്ക് ഒരനക്കവുമില്ലായിരുന്നു. നരേന്ദ്രൻ പേടിയോടെ അയാളുടെ അരികിൽ ചെന്ന് അയാളെ കുലുക്കി വിളിച്ചു. എന്ത് ചെയ്യുമെന്ന് ആലോചിച്ച് ചുറ്റുപാടുമൊന്ന് നോക്കി. ആരുമില്ല. ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. താനല്ലല്ലോ ഇയാളെ തള്ളിയിട്ടതെന്ന ആശ്വാസത്തിൽ റോഡിലേക്ക് കയറി തിരക്കിട്ട് മുൻപോട്ട് നടന്നു. കാർമേഘങ്ങൾക്ക് കനം കൂടി വന്നു. കാറ്റ് ശക്തിയായി വീശി തുടങ്ങി. മഴ ചാറാനും തുടങ്ങി.

‘ ഏത് നേരത്താണ് എനിക്ക് വരാൻ തോന്നിയത് ‘ നരേന്ദ്രൻ മനസ്സിൽ ശപിച്ചു.

പെട്ടെന്നായിരുന്നു പുറകിൽ നിന്നൊരു വിളി ” സാറെ ” നരേന്ദ്രൻ ഞെട്ടി തിരിഞ്ഞ് നോക്കി. ഇരുട്ടായതുകൊണ്ട് ആളെ ശരിക്ക് കാണുന്നുണ്ടായിരുന്നില്ല. അയാൾ ചാറൽ നനയാതിരിക്കാനായി വലിയൊരു ചേമ്പില തലയുടെ മുകളിലായി പിടിച്ചിരുന്നു. മെലിഞ്ഞ ശരീരമുള്ള ഒരാൾ. നരേന്ദ്രന് ഭയം കൂടി.

” പേടിക്കേണ്ട സാറെ. ഞാനും കവലയിലേക്കാ. നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും നടക്കാം. കവല എത്താറായി. കുറച്ച് ദൂരം കൂടി നടന്നാ മതി. സാറ് മുന്നിൽ നടന്നോ. അല്ല സാറെന്തിനാ കൂരാച്ചുണ്ട് വന്നത്? ” അയാൾ തൻ്റെ തൊട്ടരുകിലല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ടായിരുന്നു നരേന്ദ്രൻ നടക്കുന്നത്.

അയാൾ വീണ്ടും പറഞ്ഞു ” സാറ് ഇവിടം പുതിയതാ എന്ന് അറിയുന്നോണ്ട് ചോദിക്കാ ” അയാളെന്തായാലും വിടില്ലന്ന് നരേന്ദ്രന് മനസ്സിലായി.

നരേന്ദ്രൻ പറഞ്ഞു “കൂരാചുണ്ടുള്ള പട്ടാളം ബാലൻ എൻ്റെ കൈയ്യീന്ന് പൈസ കടം വാങ്ങിച്ചിരുന്നു. പട്ടാളത്തെ കണ്ട് പൈസ തിരിച്ച് വാങ്ങാൻ വന്നതാ ”

അയാൾ നരേന്ദ്രൻ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ” അയാളൊരു തട്ടിപ്പുകാരനാ. കൂരാച്ചുണ്ടിലുള്ള എല്ലാരോടും അയാള് പൈസ കടം വാങ്ങിയിരുന്നു. അയാള് കൂരാച്ചുണ്ട്ന്ന് മുങ്ങി ” ” എൻ്റച്ഛൻ ആസ്പത്രീല് കെടക്കാ. എന്തല്ലോ ടെസ്റ്റ്ന് എയിതിതന്നിറ്റ്ണ്ട്. കൊറച്ച് പൈസേൻ്റെ കൊറവ് ണ്ടായ്ര്ന്ന്. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ട്ന്നില്ല ” പറയുന്നതിനിടയിലും നരേന്ദ്രൻ നടത്തത്തിൻ്റെ വേഗത കുറച്ചിരുന്നില്ല. മുഖത്ത് വീഴുന്ന മഴ തുള്ളികൾ നരേന്ദ്രൻ കൈ കൊണ്ട് തുടച്ചു മാറ്റി. ഷർട്ടൊക്കെ കുറച്ച് നനഞ്ഞിരുന്നു. മഴ ഏത് നിമിഷവും ശക്തിയായി പെയ്തേക്കാം. റോഡിലാണെങ്കിൽ എവിടേയും വെളിച്ചവുമില്ല. രണ്ടു പേരും നടന്ന് കവലയിൽ എത്താറായിരുന്നു. ”

അല്ല. ഞാൻ ചോദിക്കാൻ മറന്നു. നിങ്ങക്ക് എങ്ങോട്ടാ പോണ്ടെ? ” നരേന്ദ്രൻ അയാളോട് ചോദിച്ചു. ” നിങ്ങള് ഒറ്റക്കല്ലെ. രാത്രില് ഒറ്റക്ക് നടക്കാൻ ബുദ്ധിമുട്ടായിരിക്കൂലോ എന്ന് വിചാരിച്ച് നിങ്ങളെ കവലിയിൽ കൊണ്ടാക്കാൻ വന്നതാ “.

നരേന്ദ്രന് വിശ്വസിക്കാനായില്ല. ഇക്കാലത്തും ഇങ്ങിനെയുള്ള മനുഷ്യരുണ്ടോ എന്ന് നരേന്ദ്രൻ ചിന്തിച്ചു. നടന്നവർ കവലയിൽ എത്തി. ” ഇനിയിപ്പോ നിങ്ങക്ക് പോകാനായി ബസ്സിപ്പോ വരും ” അയാൾ നരേന്ദ്രൻ്റെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ തലയുടെ മുകളിൽ പിടിച്ച ചേമ്പിലയിൽ മഴതുള്ളികൾ വീഴുന്ന ശബ്ദം നരേന്ദ്രന് വ്യക്തമായി കേൾക്കാം. അയാൾ കുറച്ചു കൂടി നരേന്ദ്രൻ്റെ അടുത്തെത്തി. അയാൾക്ക് മീനിൻ്റെയും കള്ളിൻ്റെയും കുഴഞ്ഞ് മറിഞ്ഞ ഒരു നാറ്റമുണ്ടെന്ന് നരേന്ദ്രന് തോന്നി. തകർത്ത് പെയ്യാൻ ഒരുങ്ങുന്ന മഴയുടെ മുന്നറിയിപ്പന്നോണം ഇടിയുടെ ശബ്ദത്തോടെ’ ഒരു മിന്നൽ പിണർ അവരുടെ തലയുടെ മുകളിലൂടെ പാഞ്ഞു. മിന്നലിൻ്റെ വെളിച്ചത്തിൽ നരേന്ദ്രൻ അയാളെ വ്യക്തമായി കണ്ടു. മുഖത്ത് നരച്ച കുറ്റി താടിയും ചുവന്ന കണ്ണുകളുമായിരുന്നു അയാൾക്ക്. നരേന്ദ്രൻ അയാളെ തുറിച്ച് നോക്കി. ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിന്ന് ഹോണടിക്കുന്നുണ്ടായിരുന്നു. നരേന്ദ്രൻ ഹോണടി ശബ്ദം കേട്ടു. ബസ്സിലേക്ക് കയറുന്നതിനു വേണ്ടി ബസ്സിൻ്റെ അടുത്തേക്ക് ചെന്ന് തൻ്റെ കൂടെ വന്നയാളെ നരേന്ദ്രൻ തിരിഞ്ഞൊന്നു നോക്കി. അയാൾ അവിടെ ഇല്ലായിരുന്നു.


FacebookWhatsApp