ഭൂമിക്ക് പറയാനുള്ളത്

ജനിഷ ജയേഷ് കെ

ഒരു നിമിഷം മതി
ഒന്ന് കണ്ണ് തുറന്നു നോക്കുക.
പീഡിപ്പിക്കപ്പെട്ടവളുടെ
കണ്ണീരു പോലെ
ഈ പുഴകളെ കാണുന്നില്ലേ !

മാന്തിപ്പറിച്ച മാറിടങ്ങളും
ശുഷ്കിച്ചുപോയ ചുണ്ടുകളും
അസ്ഥികൂടങ്ങൾ പോലുള്ള
ഈ ഉടലും കാണുന്നില്ലേ !

എന്നിക്ക് എന്നെത്തന്നെ
മടുത്തു തുടങ്ങിയിരിക്കുന്നു.

മനുഷ്യത്വം അറ്റുപോയ
നിങ്ങൾ ഇനി എന്നാണ്
ഇനി വരുന്നവർക്കായ്
ബാക്കി വെച്ചിരിക്കുന്നത്!

ചൂഷണങ്ങളും
തീവ്രവാദവും
യുദ്ധങ്ങളും
രക്തസാക്ഷികളും
മതി ! മതി !

ഇനിയുമെന്നെ
ഭ്രാന്തിയാക്കരുതേ!

എന്റെ കണ്ണുനീർ

പുഴയായി
കടലായി
പ്രളയമായി
ആർത്തലച്ച്
കൂറ്റൻ തിരകളായി
നിങ്ങളെത്തേടി വരുന്നുണ്ട്

നിങ്ങളുടെ കണ്ണുനീർ
കാണുമ്പോൾ എന്റെ
ഉള്ളം നീറുന്നുണ്ട്

എന്തൊക്കെപ്പറഞ്ഞാലും
അമ്മയായിപ്പോയില്ലേ
ക്ഷമിച്ചും, സഹിച്ചും
ഞാനിവിടെയുണ്ടാവും

എന്നിലേപ്പിച്ച മുറിവുകൾ
ഉണങ്ങാത്ത പുണ്ണുകളാക്കി
എന്റെ ദേഹവർണ്ണങ്ങളെ
കവർന്നെടുത്ത്
കണ്ണു തുറന്നു കാണുക.

ഈ പകർച്ച വ്യാധിയും
മറ്റെല്ലാ ദുരന്തത്തെയും
പോലെ നിന്റെ മാത്രം
സൃഷ്ടിയാണ്

തിരികെ മടങ്ങുക
നൂറ്റാണ്ടുകൾ പിറകിലേക്ക്
പഠിക്കുക
ചരിത്രമറിയുക


FacebookWhatsApp