എന്നും കാണാറുള്ള നഗരക്കാഴ്ചകൾ ജനലഴികൾക്കരികിൽ നിന്ന് അന്നും കണ്ടപ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ അയാൾ നിന്നു. വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മിയും ഇറുക്കിയടച്ചും ഒന്നു കൂടെ അയാൾ അങ്ങോട്ടു നോക്കി.
അതേ സ്ഥലം , അതേ ലോകം , പക്ഷേ കാഴ്ചകൾക്ക് വർണ്ണ ശോഭയില്ല; നിശ്ചലത മാത്രം. എത്ര നേരം അങ്ങനെ നിന്നു എന്നു പോലും നിശ്ചയമില്ലാതെ , അയാളുടെ ചിന്തയ്ക്കും കണ്ണിൽ പതിഞ്ഞ ചിത്രത്തിനും പറയാനേറെയുണ്ടെന്ന തോന്നൽ. ഓർമ്മകളിലേതോ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലെ പരസ്യ വാചകം അയാളിൽ തികട്ടി വന്നു. “City never sleeps” ഇന്നലെവരെയും അത് നൂറു ശതമാനം ശരിയായിരുന്നു…പക്ഷെ ഇന്നിപ്പോൾ…?
നിരത്തുകളെല്ലാം ചലനമറ്റ് ……….
അണമുറിയാതെ ഒഴുകിയകലുന്ന വാഹന വ്യൂഹങ്ങൾ,സന്ധ്യ കഴിഞ്ഞാൽ സൂര്യനെ വെല്ലുന്ന പ്രഭാപൂരം,ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ. ഇന്നാരുമില്ല. ഇപ്പോൾ കാഴ്ചകൾക്ക് നിറമില്ലാത്ത അവസ്ഥ. ഒരു വിളിപ്പാടകലെ കാണുന്ന കടൽത്തിരകളുടെ മുഖത്തും ശാന്തത.
നഗരത്തിലെ ഈ അപ്പാർട്ടുമെന്റിലെ ഏറ്റവും ഉയർന്ന നിലയിൽത്തന്നെ താമസ സൗകര്യം ലഭിക്കാൻ കാത്തിരുന്നത് എല്ലാ കാഴ്ചകളും നോക്കിയിരിക്കാൻ വേണ്ടിയായിരുന്നു. നഗര ഹൃദയം, കടൽ,അൽപ്പമകലെ കാടിന്റെ പച്ചപ്പ്. ഒരു നിമിഷം ! അയാളുടെ ശ്രദ്ധ കാടിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. ദൂര ക്കാഴ്ചയിൽ അവിടമൊരു ഉത്സവ ലഹരിയിലാണോ എന്ന് തോന്നി. അതെ, പരിസരമലിനീകരണമില്ലാതെ , മനുഷ്യ ശല്യമില്ലാതെ ,മരങ്ങളും ചെടികളും പുൽകളും, പുഴുക്കളും ,പക്ഷികളും ,മൃഗജാലങ്ങളും ,കാട്ടരുവികളും ആഹ്ലാദ ത്തിൽ. കാട്ടിനുള്ളിലെല്ലാവരും പുതുലോകത്തിലെന്നപോലെ ആഘോഷത്തിമിർപ്പിലാണെന്നയാൾക്ക് തോന്നി.അപ്പോൾ വീശിയടിച്ച കാറ്റിലെ കുളിർമയും നൈർമ്മല്യവും, കാട്ടു പൂക്കളുടെ പരിമളവും അയാളനുഭവിച്ചറിഞ്ഞു.. പതിമൂന്നാം നിലയിൽ നിന്ന് വീണ്ടും അയാൾ ആകാശത്തേക്ക് നോക്കി.അന്തരീക്ഷത്തിനെ മറയ്ക്കുന്ന പൊടിപടലങ്ങളില്ലാതെ , അപാരതയിൽ തിളങ്ങി നിൽക്കുന്ന കിന്നര നക്ഷത്രങ്ങൾ. ചലനമറ്റ നിരത്തുകൾ എന്തോ പറയുന്നത് പോലെ അയാൾക്കനുഭവപ്പെട്ടു. “ഈ കാഴ്ച്ചകളും മൗനവും ശാശ്വതമായ നിശ്ശബ്ദതയുടേതല്ല, വീണ്ടെടുപ്പിന്റെ- താണ്” . ആകാശയാനങ്ങളെ ഭയക്കാതെ ഒരു കൂട്ടം പക്ഷികൾ അപ്പോൾ എങ്ങോട്ടോ ചിറകടിച്ചു പറന്നുപോയി……..