ചിലത് ഇല്ലാതാവുമ്പോൾ

രൂപ രാജേന്ദ്രൻ

ചിലത് ഇല്ലാതാവുമ്പോൾ,
ഇല്ലാതാവുന്നത് പലതാണ്.

ഒരു പൂവ് കൊഴിയുമ്പോൾ
ഇല്ലാതാവുന്നത്, ഇതളുകൾ മാത്രമല്ല
ആ നേരംവരെ ഉണ്ടായിരുന്ന ചിരിയാണ്.

ഒരു തൂവൽ കൊഴിയുമ്പോൾ
ഇല്ലാതാവുന്നത്, അത്രനാൾ
കോതി മിനുക്കിയ സ്നേഹമാണ്.

ഒരു ഇല കരിഞ്ഞുണങ്ങുമ്പോൾ
പച്ചപ്പ് മാത്രമല്ല നഷ്ടപ്പെടുന്നത്,
പലനാളായി കാത്തുവച്ച പ്രതീക്ഷകളാണ്.

ഒരു തുള്ളി വറ്റുമ്പോൾ
ഇല്ലാതാവുന്നത്, അത്ര നേരം
കാത്തുസൂക്ഷിച്ച കരുതലുകളാണ്.

ഒരു കൂട് തകർന്നടിയുമ്പോൾ
ചുള്ളിക്കമ്പുകളല്ല, കുറേയധികം
കെട്ടുപാടുകളാണ് ഇല്ലാതാവുന്നത്.

ചില ചിരികൾ ഇല്ലാതാവുമ്പോൾ,
ജീവ ഭിത്തിയിൽ ഒട്ടിനിന്ന
കിനാവുകളുടെ വർണ്ണചിത്രങ്ങളാണ്
വീണുടഞ്ഞ് ഇല്ലാതാവുന്നത് …!!
മറ്റൊന്നു കൊണ്ടും നികത്താനാവാത്ത
ആഴമുള്ള മുറിവുകളാണ്, സൃഷ്ടിക്കപ്പെടുന്നത്..!!


FacebookWhatsApp