ഓർമ്മയുണ്ടോ
നിനക്കീ മഴച്ചെക്കനെ…..
നമ്മളോടൊന്നിച്ച്
പണ്ടൊരേ ബഞ്ചിൽ
ചങ്ക്ബ്രോയായി
പഠിച്ചിരുന്നോനെ….
നമ്മളോടൊന്നിച്ച്
പള്ളി മൈതാനത്തു
കൊള്ളി ഐസ് ഈമ്പി
നടന്നിരു ന്നോനെ….
പച്ചിലത്തോണിയു-
ണ്ടാക്കി ക്കളിക്കുവാൻ
മുറ്റത്തു പുഴവര-
ച്ചൊറ്റി നിന്നോനെ….
കണ്ണൻ ചിരട്ടയിൽ
പച്ചിലച്ചോറ്റിൽ
കുത്തിക്കലക്കി
ക്കൂറ്റെടുത്തോനെ….
നമ്മളുണ്ടാക്കിയ
മട്ടല് വണ്ടീന്ന്
ഇടിവീണ മോന്തിക്ക്
കീഞ്ഞു പാഞ്ഞോനെ….
കട്ട പൊട്ടിച്ചിട്ട്
കാരയ്ക്ക തിന്നുവാൻ
കൈപ്പാട്ടി ലുച്ചക്ക്
പുഴയിറങ്ങുമ്പോൾ
കണ്ണിമാങ്ങച്ചുന
പൊള്ളിയ കൈയ്യിൽ
കണ്ണിക്കുറിയൻ
പിടിച്ചു തന്നോനെ…
കടലക്ക വിൽക്കുന്ന
തടിയനണ്ണാച്ചിയെ
പോലുള്ള മേഘത്തി
ലേറിവന്നെങ്കിലും..
ഒറ്റ ട്രൌസർ
നനയ്ക്കാതിരിക്കുവാൻ
ക്ലാസിലെത്തും വരെ
കാത്തിരുന്നോനെ…
ഉപ്പിലപറിച്ചപ്പെടു-
ത്തുപ്പ്മാവ് തിന്നുവാൻ
ഉസ്കൂൾ വരാന്തയിൽ
കുത്തിരിക്കുമ്പോൾ
കാക്കയെപ്പോലെ
ചവോക്കിൻറ കൊമ്പിൽ
നൊപ്പട്ടയിട്ട്
നുണഞ്ഞിരുന്നോനെ….